രാജസ്ഥാന്‍ ആണവനിലയത്തില്‍ അഞ്ച് ആഴ്ചയ്ക്കുള്ളില്‍ രണ്ട് തവണ ചോര്‍ച്ച: 40 പേര്‍ക്ക് അണുവികിരണമേറ്റു
India
രാജസ്ഥാന്‍ ആണവനിലയത്തില്‍ അഞ്ച് ആഴ്ചയ്ക്കുള്ളില്‍ രണ്ട് തവണ ചോര്‍ച്ച: 40 പേര്‍ക്ക് അണുവികിരണമേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th July 2012, 12:20 pm

ന്യൂദല്‍ഹി: രാജസ്ഥാനിലെ ആണവനിലയത്തില്‍ അഞ്ച് ആഴ്ചയ്ക്കുള്ളില്‍ രണ്ട് തവണ ചോര്‍ച്ചയുണ്ടായതായി സ്ഥിരീകരണം. രണ്ടുതവണയായി 40 ലധികം തൊഴിലാളികള്‍ക്ക് ട്രിടിയം റേഡിയേഷന്‍ ബാധിച്ചതായും അവര്‍ അറിയിച്ചു.[]

ജൂണ്‍ 23നാണ് ആദ്യ ആണവചോര്‍ച്ചയുണ്ടായത്. രാവത് ഭാട്ടയിലുള്ള രാജസ്ഥാന്‍ അറ്റോമിക് പവ്വര്‍ സ്റ്റേഷനിലെ ശീതീകരണ സംവിധാനത്തിലെ അറ്റകുറ്റപ്പണിയ്ക്കിടെ 38 ആളുകള്‍ക്ക് അണുവികിരണമേറ്റതായി സീനിയര്‍ പ്ലാന്റ് മാനേജര്‍ വിനോദ് കുമാര്‍ പറഞ്ഞു.

ഇവരില്‍ രണ്ടുപേര്‍ക്ക് ഒരു വര്‍ഷം ജോലി ചെയ്താല്‍ ഉണ്ടാകുന്നതിന് സമാനമായ അളവ് വികിരണമാണേറ്റത്. ഇവരെല്ലാം തിരികെ ജോലിയില്‍ പ്രവേശിച്ചതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് രണ്ടാമത്തെ സംഭവം നടന്നത്. ഒരു പൈപ്പിലുണ്ടായിരുന്ന തെറ്റായ സീല്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ നാല് പേര്‍ക്ക് ട്രിടിയം റേഡിയേഷനേറ്റു. ഹൈഡ്രജന്റെ റേഡിയോ ഐസോടോപ്പാണ് ട്രിടിയം.

രണ്ടാമത്തെ ആണവചോര്‍ച്ച രാജസ്ഥാന്‍ പവ്വര്‍ സ്റ്റേഷന്‍ ഡയറക്ടര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അനുവദനീയമായ അളവിലാണ് ആണവചോര്‍ച്ചയെന്നും ഇത് ആരോഗ്യത്തിന് യാതൊരു ഭീഷണിയുമുണ്ടാക്കില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

ആണവോര്‍ജ്ജം വളരെ സുരക്ഷിതമാണെന്നും ആണവനിലയങ്ങള്‍ രാജ്യത്തിന് അത്യാവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നതിനിടെയാണ് രാജ്യത്ത് ഇത്തരം സംഭവങ്ങളുണ്ടായിരിക്കുന്നത്. ജപ്പാന്‍, റഷ്യ, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെ നിരവധി ആണവ നിലയങ്ങള്‍ രാജ്യത്ത് നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യയ്ക്ക് ആവശ്യമായ ആണവോര്‍ജ്ജത്തിന്റെ വെറും മൂന്ന് ശതമാനത്തില്‍ താഴെയാണ് ആണവനിലയങ്ങളില്‍ നിന്ന് നിലവില്‍ ലഭിക്കുന്നത്. 2050 ഓടെ ഇത് 25% വരെ ഉയര്‍ത്താണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

അതേസമയം, സുരക്ഷയെക്കുറിച്ച് ആലോചിക്കാതെയുള്ള സര്‍ക്കാരിന്റെ ഈ നീക്കത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വളരെ ആശങ്കയോടെയാണ് കാണുന്നത്.