പിടിവാശി വിടാതെ റഷ്യ; ഇരിപ്പിടം നഷ്ടപ്പെട്ട് ഇന്ത്യ 
World News
പിടിവാശി വിടാതെ റഷ്യ; ഇരിപ്പിടം നഷ്ടപ്പെട്ട് ഇന്ത്യ 
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th March 2021, 11:20 am

കാബൂള്‍: അഫ്ഗാന്‍ സമാധാന ചര്‍ച്ചയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കി റഷ്യ. അഫ്ഗാന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ പാകിസ്താനെയും ചൈനയേയും അമേരിക്കയേയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ചര്‍ച്ചയില്‍ റഷ്യ ഇന്ത്യയെ ഒഴിവാക്കുകയായിരുന്നു.

അഫ്ഗാന്‍ സര്‍ക്കാരിന്റെ മുതിര്‍ന്ന പ്രതിനിധികളും താലിബാന്‍ പ്രതിനിധികളും പ്രത്യേക ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. റഷ്യയാണ് ചര്‍ച്ചയ്ക്ക് നേതൃത്വം വഹിക്കുന്നത്.

മാര്‍ച്ച് 18നാണ് ചര്‍ച്ച നടക്കുക. മൂന്ന് ദിവസങ്ങളിലായി കോണ്‍ഫറന്‍സില്‍ ആയുധ സംഘട്ടനം ഒഴിവാക്കല്‍, വെടിനിര്‍ത്തല്‍ കരാള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.

അഫ്ഗാനുമായി അടുത്ത നയതന്ത്ര ബന്ധം പുലര്‍ത്തുന്ന ഇന്ത്യയെ ചര്‍ച്ചയില്‍ നിന്നൊഴിവാക്കിയത് രാജ്യത്തിന് വലിയ തിരിച്ചടിയാണ്. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ തയ്യാറായില്ല.

നേരത്തെയും റഷ്യ തയ്യാറാക്കിയ പട്ടികയില്‍ ഇന്ത്യയുടെ പേരുള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ പ്രതിനിധികളെക്കൂടി ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്ന് അമേരിക്ക നിര്‍ദേശിച്ചിരുന്നു.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗിലാനിക്കെഴുതിയ കത്തില്‍ റഷ്യ നിര്‍ദേശിച്ച രാജ്യങ്ങളുടെ കൂടെ ഇന്ത്യയുടെ പേരു കൂടി നിര്‍ദേശിക്കുകയായിരുന്നു.

ഇതിന് പിന്നാലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറായിരിക്കും അഫ്ഗാന്‍ സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുക എന്ന സൂചനയും ലഭിച്ചിരുന്നു. എന്നാല്‍ റഷ്യ പുറത്തിറക്കിയ പുതിയ പട്ടികയിലും ഇന്ത്യയുടെ പേര് ഉള്‍പ്പെട്ടിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India not part of Russian meet on Afghanistan