| Monday, 11th November 2024, 8:12 am

ട്രംപിന്റെ വിജയത്തില്‍ ആശങ്കപ്പെടുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയില്ല: എസ്. ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തില്‍ ആശങ്കപ്പെടുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. പല രാജ്യങ്ങളും തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതോടെ ആശങ്കയിലാണെന്നും നരേന്ദ്രമോദിക്ക് അമേരിക്കയിലെ ഒന്നിലധികം പ്രസിഡന്റുമാരുമായി ബന്ധമുണ്ടെന്നും എസ്. ജയശങ്കര്‍ പറഞ്ഞു.

ആദിത്യ ബിര്‍ലയുടെ 25ാമത് സില്‍വര്‍ ജൂബിലി സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമില്‍ സംസാരിക്കവേയാണ് വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശം.

നരേന്ദ്രമോദി ആദ്യമായി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ബരാക് ഒബാമ പ്രസിഡന്റായിരുന്നുവെന്നും പിന്നീട് അത് ട്രംപായും ജോ ബൈഡനായും മാറിയെന്നും പറഞ്ഞ വിദേശകാര്യ മന്ത്രി ചില ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ സ്വാഭാവികമായ ചില കാര്യങ്ങളുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

പല രാജ്യങ്ങളും അമേരിക്കയില്‍ ട്രംപിന്റെ വിജയത്തില്‍ ഇന്ന് പരിഭ്രാന്തരാണ്. പക്ഷേ ഇന്ത്യ സത്യസന്ധത പുലര്‍ത്തുമെന്നും മറ്റ് രാജ്യങ്ങളില്‍ ഒരാളല്ല തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ നിയുക്ത പ്രസിഡന്റിന് അഭിനന്ദനമറിയിച്ച ആദ്യത്തെ മൂന്ന് ലോക നേതാക്കളില്‍ ഒരാള്‍ നരേന്ദ്രമോദിയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതിന് തൊട്ടുപിന്നാലെ ട്രംപിനെ അഭിനന്ദിച്ച മോദിയെ മഹാനായ മനുഷ്യനാണെന്നും ലോകം മുഴുവന്‍ മോദിയെ സ്‌നേഹിക്കുന്നുവെന്നും ട്രംപ് വിശേഷിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതേസമയം മുംബൈയില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ വിദേശനയത്തിലെ പ്രധാന മാറ്റങ്ങളിലൊന്ന് സാമ്പത്തിക നയതന്ത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കലാണെന്നും ജയശങ്കര്‍ പറയുകയുണ്ടായി.

ടൂറിസം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയുടെ സാധ്യതകള്‍ ലോകത്തിലാകമാനം പര്യവേഷണം ചെയ്യാനുള്ള ഇന്ത്യയുടെ ആഗ്രഹം വര്‍ധിച്ചിട്ടുണ്ടെന്നും വിദേശകാര്യ നയങ്ങളും ബന്ധങ്ങളും ഇതിന് പ്രയോജനകരമാവുമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ലോകരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഇടപെടലുകള്‍ ആനുപാതികമായി വര്‍ധിച്ചതായും രാജ്യങ്ങള്‍ ഇന്ത്യയെ കൂടുതല്‍ വിലമതിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

Content Highlight: India not among countries worried about Trump’s victory: S. Jaya Shankar

Latest Stories

We use cookies to give you the best possible experience. Learn more