ഇന്ത്യ-കിവീസ് പോരാട്ടത്തിന്റെ ബാക്കി ഇനി നാളെക്കാണാം; മഴമൂലം ഇന്നിനി കളിയില്ല
ICC WORLD CUP 2019
ഇന്ത്യ-കിവീസ് പോരാട്ടത്തിന്റെ ബാക്കി ഇനി നാളെക്കാണാം; മഴമൂലം ഇന്നിനി കളിയില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th July 2019, 11:14 pm

മാഞ്ചസ്റ്റര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് സെമിഫൈനല്‍ ആദ്യദിനം കളി ഉപേക്ഷിച്ചു. റിസര്‍വ് ദിനമായ നാളെ കളി പുനരാരംഭിക്കും. വൈകിട്ട് മൂന്നുമണിക്കുതന്നെയാണ് കളിയാരംഭിക്കുക.

ഇന്നു മഴമൂലം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്കായിരുന്നു മേല്‍ക്കൈ. ആദ്യ ബാറ്റ് ചെയ്ത കിവീസ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റിന് 211 റണ്‍സെടുത്തു നില്‍ക്കുകയാണ്.

67 റണ്‍സെടുത്ത റോസ് ടെയ്ലര്‍, മൂന്ന് റണ്‍സെടുത്ത ടോം ലാഥം എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. നേരത്തേ കെയ്ന്‍ വില്യംസണ്‍ 67 റണ്‍സെടുത്തിരുന്നു.

ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ മെല്ലെത്തുടങ്ങിയ കിവീസിന് പിന്നീട് കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താനായെങ്കിലും റണ്‍നിരക്ക് കൂട്ടാനായില്ല. ഇന്ത്യക്കുവേണ്ടി പന്തെറിഞ്ഞ അഞ്ച് ബൗളര്‍മാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് ഓരോ വിക്കറ്റ് വീതം വീഴ്ത്തിയത്.

ടോസ് നേടിയ കിവീസ് ബൗളിങ്ങിന് അനുകൂലമായി പിച്ചാണെങ്കില്‍ക്കൂടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മാഞ്ചസ്റ്ററിലെ എമിറേറ്റ്‌സ് ഓള്‍ഡ് ട്രാഫോഡിലാണു മത്സരം നടക്കുന്നത്.

മത്സരം മഴയില്‍ കളി കുതിര്‍ന്നുപോയാല്‍ എന്താകും തുടര്‍ന്നുള്ള സാധ്യതകള്‍ എന്നതിനെപ്പറ്റി നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച വന്നിരുന്നു. സെമിയെക്കൂടാതെ ഫൈനലിലും റിസര്‍വ് ദിനം ഉണ്ട്. രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെയാണ് നേരിടുക. നാളെകഴിഞ്ഞാണ് മത്സരം.