ഉന്നത രാഷ്ട്രീയക്കാര്‍ മുതല്‍ ജൂനിയേഴ്‌സ് വരെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു: റാം റഹീമിനെതിരായ കേസന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു
India
ഉന്നത രാഷ്ട്രീയക്കാര്‍ മുതല്‍ ജൂനിയേഴ്‌സ് വരെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു: റാം റഹീമിനെതിരായ കേസന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th August 2017, 7:43 am

ന്യൂദല്‍ഹി: മേലുദ്യോഗസ്ഥരില്‍ പലര്‍ക്കും ബന്ധമുള്ളതിനായാലും പീഡനത്തിനിരയായ സ്ത്രീ വിവാഹിതയായതിനാലും ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീമിനെതിരായ അന്വേഷണം ഞാണിന്മേല്‍ കളിയായിരുന്നെന്ന് സി.ബി.ഐ സംഘം. സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ മുളിഞ്ച നാരായണന്റെ നേതൃത്വത്തിലാണ് സംഘമാണ് കേസന്വേഷിച്ചത്.

” അതൊരു ഞാണിന്മേല്‍ കളിയായിരുന്നു. ചിലപ്പോള്‍ ഞങ്ങള്‍ ജയിക്കാം, ചിലപ്പോള്‍ തോക്കാം. അവസാനം ഇന്നത്തെ വിധിയോടെ നിയമത്തിനു മുമ്പില്‍ നിന്നും ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ലെന്ന് വ്യക്തമായിരിക്കുകയാണ്.” നാരായണന്‍ പറഞ്ഞു.

2002ല്‍ ഹരിയാന പഞ്ചാബ് ഹൈക്കോടതി കേസ് സി.ബി.ഐയ്ക്കു കൈമാറുമ്പോള്‍ നാരായണന്‍ പൊലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്നു.

” 2002 ഡിസംബറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അപ്പോള്‍ തന്നെ മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥര്‍ എന്റെ മുറിയില്‍ വന്ന് കേസ് അവസാനിപ്പിക്കണമെന്നും നടപടിയൊന്നും എടുക്കേണ്ടെന്നും പറഞ്ഞു.” നാരായണന്‍ ഓര്‍ക്കുന്നു.

ഇതോടെ ഇതിനു പിന്നില്‍ എന്തൊക്കെയോ ഉണ്ടെന്ന് ഉറപ്പിക്കുകയും കേസിന്റെ എല്ലാവശവും അന്വേഷിക്കാന്‍ തീരുമാനിക്കുകയുമാണ് ചെയ്തതെന്നും നാരായണന്‍ പറയുന്നു.

“പിന്നീട് അന്വേഷണം മുന്നോട്ടുപോകുന്നതിനിടെ നിരവധി ശക്തരായ രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും സി.ബി.ഐ ഹെഡ്ക്വാട്ടേഴ്‌സിലെത്തി. കേസ് അവസാനിപ്പിക്കാന്‍ ഏറെ സമ്മര്‍ദ്ദം ചെലുത്തി. പക്ഷെ നീതിന്യായ വ്യവസ്ഥയ്ക്കു നന്ദി. ഞങ്ങള്‍ക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.” അദ്ദേഹം വിശദീകരിക്കുന്നു.


Also Read: ‘അക്രമം തടയാന്‍ റാം റഹീമിനെ ജീപ്പിന്റെ മുന്നില്‍ കെട്ടിവെച്ച് ഓടിക്കുമോ’; ഹരിയാനയിലെ ദേരാ സച്ചാ സേദ കലാപത്തില്‍ പ്രതികരണവുമായി സഞ്ജീവ് ഭട്ട്


ജൂനിയേഴ്‌സില്‍ നിന്നുവരെ തനിക്കു സമ്മര്‍ദ്ദം നേരിടേണ്ടി വന്നിരുന്നെന്നും നാരായണന്‍ പറയുന്നു.

കേസന്വേഷണത്തിനിടയിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. “1999ല്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി അതിനുശേഷം ദേരയെ ഉപേക്ഷിച്ച് വിവാഹിതയായി. അവരെയും അവരുടെ കുടുംബത്തെയും ബോധ്യപ്പെടുത്തുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു. ആരും ഈ കേസിന്റെ ബലംകുറയ്ക്കുന്നില്ലയെന്ന് എനിക്ക് ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു.അതുകൊണ്ട് ഞാന്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ വെച്ച് ആ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും അത് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതിനാല്‍ അതില്‍ നിന്നും പിന്‍വലിയുകയെന്നത് ബുദ്ധിമുട്ടായിരുന്നു.” അദ്ദേഹം പറയുന്നു.

ചോദ്യം ചെയ്യലിനിടെ റാം റഹീമും ഭയന്നതായി തോന്നിയെന്ന് നാരായണന്‍ ഓര്‍മ്മിക്കുന്നു.

” അദ്ദേഹം കൃ്ത്യമായ ഉത്തരം നല്‍കിയിരുന്നില്ല. ഞാന്‍ ബാബയാണെന്ന് നടിക്കുകയായിരുന്നു അദ്ദേഹം. പക്ഷെ ചോദ്യം ചെയ്യലിനിടെ അദ്ദേഹം ഭയന്നിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ചെയ്തികളില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത്.” നാരായണന്‍ പറയുന്നു.

2009ലാണ് നാരായണന്‍ 38 വര്‍ഷത്തെ സര്‍വ്വീസിനു ശേഷം വിരമിച്ചത്. സബ് ഇന്‍സ്‌പെക്ടറില്‍ നിന്നും ജോയിന്റ് ഡയറക്ടര്‍ പോസ്റ്റില്‍ എത്തുന്ന സി.ബി.ഐയിലെ ആദ്യ ഉദ്യോഗസ്ഥനാണ് അദ്ദേഹം.