[]മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ “എ” സംഘങ്ങളില്‍ മൂന്ന് മലയാളികള്‍ ഇടംനേടി. []
കേരള താരങ്ങളായ സഞ്ജു വി. സാംസണും സച്ചിന്‍ ബേബിയുമാണ് “എ” ടീമില്‍ സ്ഥാനം പിടിച്ചത്. വി.എ ജഗദീഷ് ടെസ്റ്റ് ടീമിലും അംഗത്വം സ്വന്തമാക്കി.
ഇന്നലെ മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണു തീരുമാനം. രണ്ട് ടെസ്റ്റുകള്‍ക്കും ഒരു ത്രിദിന മത്സരങ്ങള്‍ക്കും ഒരു ചതുര്‍ദിന മത്സരങ്ങള്‍ക്കുമുള്ള ടീമിനെയാണ് തിരഞ്ഞെടുത്തത്.
സഞ്ജുവും സച്ചിനും ഏകദിന ടീമില്‍ ഇടംപിടിച്ചപ്പോള്‍ ചതുര്‍ദിന മത്സരത്തിനുള്ള ടീമിലേക്കാണ് ജഗദീഷിന് ക്ഷണം. ഇതാദ്യമായാണ് മൂന്നു മലയാളി താരങ്ങള്‍ക്ക് ഒരുമിച്ച് ദേശീയ എ ടീമുകളില്‍ പ്രവേശനം ലഭിക്കുന്നത്.
ഉന്മുക്ത് ചന്ദ് നയിക്കുന്ന ഏകദിന സംഘത്തില്‍ പാതിമലയാളിയായ റോബിന്‍ ഉത്തപ്പയുണ്ട്. ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് ഇത്രയും പേര്‍ ദേശീയടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
മറുനാടന്‍ മലയാളിയായ അഭിഷേക് നായരാണ് ടെസ്റ്റ് ക്യാപ്റ്റന്‍. മഹാരാഷ്ട്രയുടെ 18 വയസുകാരന്‍ വിജയ് സോള്‍ എ ടെസ്റ്റ് ടീമില്‍ ഇടംനേടി. അണ്ടര്‍ 19 ടീമിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സോളിനായിരുന്നു. സോള്‍ ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ല.
ടെസ്റ്റ് ടീം: അഭിഷേക് നായര്‍ (നായകന്‍), ജീവന്‍ജോത് സിംഗ്, ഉന്മുക്ത് ചന്ദ്, വിജയ് സോള്‍, മന്‍പ്രീത് ജുനേജ, വി.എ. ജഗദീഷ്, സി.എം. ഗൗതം, ധവാല്‍ കുല്‍ക്കര്‍ണി, ഇംതിയാസ് അഹമ്മദ്, അങ്കിത് ചൗധരി, ശ്രീകാന്ത് വാഗ്, ജലജ് സക്‌സേന, രാകേഷ് ധ്രുവ്, സരബ്ജീത് ലാഡ.
ഏകദിന ടീം: ഉന്മുക്ത് ചന്ദ് (നായകന്‍), റോബിന്‍ ഉത്തപ്പ, ആദിത്യ താരെ, കേദാര്‍ യാദവ്, മന്‍പ്രീത് സിംഗ്, അശോക് മെനരിയ, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, ധവാല്‍ കുല്‍ക്കര്‍ണി, ബസന്ത് മൊഹന്തി, സന്ദീപ് ശര്‍മ, ശ്രീകാന്ത് വാഗ്, രാഹുല്‍ ശര്‍മ, ജലജ് സക്‌സേന.