മഴ മൂലം വൈകി തുടങ്ങിയ ഇന്ത്യ-ന്യൂസിലാന്‍ഡ് അവസാന ടി-20 മത്സരത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ന്യൂസിലാന്‍ഡ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ടിം സൗത്തിക്കും സംഘത്തിനും തുട
ക്കത്തില്‍ തന്നെ ബൗണ്ടറികള്‍ നേടാനായെങ്കിലും ഒപ്പം വിക്കറ്റുകളും നഷ്ടപ്പെട്ടു.
ഫിന്‍ അലനും ഡിവോണ്‍ കോണ്‍വേയുമായിരുന്നു ഓപ്പണര്‍മാരായി എത്തിയത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ബോളില്‍ തന്നെ മൂന്ന് റണ്‍സ് നേടിക്കൊണ്ട് ഫിന്‍ അലന്‍ ന്യൂസിലാന്‍ഡ് റണ്‍വേട്ടക്ക് ഉറപ്പിച്ചിരിക്കുകയാണെന്ന സൂചനകള്‍ നല്‍കി.
രണ്ടാം ഓവറില്‍ അര്‍ഷ്ദീപായിരുന്നു ഇന്ത്യക്കായി പന്തെറിയാന്‍ എത്തിയത്. മികച്ച ഫോമില്‍ തുടരുന്ന അര്‍ഷ്ദീപിന്റെ ആദ്യ പന്ത് പക്ഷെ ഫിന്‍ അലന്‍ ബൗണ്ടറി കടത്തി. ന്യൂസിലാന്‍ഡിന്റെ അക്കൗണ്ടിലേക്ക് നാല് റണ്‍സ് കൂടിയെത്തി. എന്നാല്‍ തൊട്ടടുത്ത ബോളില്‍ ഫിന്‍ അലനെ സ്തബ്ധനാക്കി കൊണ്ട് അര്‍ഷ്ദീപ് വിക്കറ്റെടുത്തു.
രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ 9 റണ്‍സില്‍ ഒരു വിക്കറ്റ് എന്ന നിലയിലായി ന്യൂസിലാന്‍ഡ്. എന്നാല്‍ പിന്നീട് അര്‍ഷ്ദീപിന് മറുപടി കൊടുക്കാനെന്ന പോലെയായിരുന്നു കോണ്‍വേയും മാര്‍ക് ചാപ്മാനും ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്.
അര്‍ഷ്ദീപിന്റെ ഓവറില്‍ നിന്ന് ഫോറും സിക്‌സറുകളും ഉയര്‍ന്ന് പറന്നു. ആ ഒറ്റ ഓവറില്‍ 19 റണ്‍സാണ് ന്യൂസിലാന്‍ഡ് അടിച്ചു കൂട്ടിയത്. പിന്നീട് ബൗള്‍ ചെയ്യാനെത്തിയ ഭുവനേശ്വര്‍ കുമാറും നന്നായി അടി വാങ്ങിക്കൂട്ടി.
അടുത്ത ഓവര്‍ എറിയാനെത്തിയ മുഹമ്മദ് സിറാജ് പക്ഷെ ഇന്ത്യക്ക് ആശ്വാസമായി. അഞ്ചാം ഓവറിലെ സിറാജ് എറിഞ്ഞ രണ്ടാം പന്തിനെ ബൗണ്ടറി കടത്താനായിരുന്നു ചാപ്മാന്റെ ശ്രമം. എന്നാല്‍ അര്‍ഷ്ദീപിന്റെ ബ്രില്യന്റ് ക്യാച്ചിലൂടെ ആ വിക്കറ്റ് ന്യൂസിലാന്‍ഡിന് നഷ്ടമായി.
മാച്ച് തുടരുന്നതിനിടെ ഫിന്‍ അലന്റെ വിക്കറ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കാരണം മാച്ചിന് മുമ്പ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ ബൗളിങ് നിരയെ, പ്രത്യേകിച്ച് അര്‍ഷ്ദീപിനെ താരം അകമഴിഞ്ഞ് പ്രശംസിച്ചിരുന്നു.
അര്‍ഷ്ദീപിന്റെ ബോളുകള്‍ നേരിടാന്‍ പ്രയാസമാണെന്നും എന്നാല്‍ ഒരു വെല്ലുവിളി പോലെ അതിനായി കാത്തിരിക്കുകയാണെന്നുമാണ് ഫിന്‍ അലന്‍ പറഞ്ഞിരുന്നത്.
‘അവരുടെ ബൗളിങ് നിര അതിഗംഭീരമാണ്. രണ്ട് വശത്തേക്കും സ്വിങ് ചെയ്യാന്‍ കഴിയുന്ന വിധം പന്തെറിയാന്‍ സാധിക്കുന്നവരാണ് ടീമിലെ മൂന്ന് പേരും. ഏത് ബാറ്റര്‍ക്കായാലും അത്തരം ബോളുകളെ നേരിടല്‍ അത്ര എളുപ്പമല്ല.
അര്‍ഷ്ദീപിന്റെ ലോകകപ്പിലെ പെര്‍ഫോമന്‍സ് കണ്ടിരിക്കാന്‍ തന്നെ നല്ല രസമായിരുന്നു. ആ ബോളുകളെ നേരിടേണ്ടി വരാത്തത് കൊണ്ട് പ്രത്യേകിച്ചും. എന്തായാലും വരാന്‍ പോകുന്ന മാച്ചുകളില്‍ ആ ഒരു വെല്ലുവിളിയെ നേരിടാന്‍ തന്നെയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്,’ എന്നായിരുന്നു ഫിന്‍ അലന്റെ വാക്കുകള്‍.
ഇപ്പോള്‍ അതേ അര്‍ഷ്ദീപിന്റെ പന്ത് നേരിടാനാകാതെ എല്‍.ബി.ഡബ്ല്യു ആയാണ് ഫിന്‍ അലന്‍ നിര്‍ണായക മാച്ചില്‍ നിന്നും മടങ്ങിയിരിക്കുന്നത്.
Content Highlight: India-New Zealand third T20, Arshdeep Singh takes Finn Allen’s wicket