ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ വൈറ്റ് ബോള്‍ മത്സരങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലായപ്പോള്‍ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് വിജയിച്ചിരുന്നു.
ഏകദിന, ടി-20 പരമ്പരകള്‍ക്ക് ശേഷം ടെസ്റ്റ് പരമ്പരക്കാണ് ഇന്ത്യയിറങ്ങുന്നത്. രണ്ട് മത്സരങ്ങളാണ് ഇന്ത്യ – സൗത്ത് ആഫ്രിക്ക റെഡ് ബോള്‍ സീരീസിലുള്ളത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയിറങ്ങുമ്പോള്‍ തെംബ ബാവുമയാണ് പരമ്പരയില്‍ പ്രോട്ടിയാസിനെ നയിക്കുന്നത്.
പരമ്പരക്കിറങ്ങും മുമ്പ് ഇന്ത്യയുടെ മനസില്‍ വിജയം എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഉണ്ടാവുക. സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഒരു ടെസ്റ്റ് പരമ്പര ജയിക്കുക എന്നത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇന്ത്യയുടെ അഭിമാന പ്രശ്‌നമാണ്.
എട്ട് പരമ്പരകളാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയിലെത്തി കളിച്ചത്. ഇതില്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യക്ക് തോല്‍ക്കാതെ രക്ഷപ്പെടാന്‍ സാധിച്ചത്. 2010-2011ല്‍ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് 1-1 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ചത്.
1992-1993ലാണ് ഇന്ത്യ ആദ്യമായി സൗത്ത് ആഫ്രിക്കയിലെത്തി ടെസ്റ്റ് പരമ്പര കളിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര 1-0 എന്ന നിലയില്‍ ആതിഥേയര്‍ സ്വന്തമാക്കുകയായിരുന്നു. ശേഷം ഏഴ് തവണ കൂടി ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തിയെങ്കിലും വിജയം മാത്രം അകന്നുനിന്നു.
ഇന്ത്യ – സൗത്ത് ആഫ്രിക്കക്കും ഇടയില്‍ ഇതുവരെ 15 പരമ്പരകളാണ് നടന്നത്. ഏഴ് പരമ്പരകള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചപ്പോള്‍ എട്ട് പരമ്പരകളാണ് സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ നടന്നത്.
ഈ 15 പരമ്പരകളില്‍ എട്ടെണ്ണത്തിലും സൗത്ത് ആഫ്രിക്ക വിജയിച്ചപ്പോള്‍ നാല് പരമ്പരകളിലാണ് ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചത്. മൂന്ന് മത്സരങ്ങള്‍ സമനിലയിലും കലാശിച്ചു.
ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന്റെ ഫലങ്ങള്‍
(വര്‍ഷം – വിജയികള്‍ – മാര്‍ജിന്‍ എന്നീ ക്രമത്തില്‍)
1992-1993 – സൗത്ത് ആഫ്രിക്ക – 1-0 (4)
1996-1997 – സൗത്ത് ആഫ്രിക്ക 2-0 (3)
2001-2002 – സൗത്ത് ആഫ്രിക്ക – 1-0 (2)
2006-2007 – സൗത്ത് ആഫ്രിക്ക – 2-1 (3)
2010-2011 – സമനില – 1-1 (3)
2013-2014 – സൗത്ത് ആഫ്രിക്ക – 1-0 (2)
2017-2018 (ഫ്രീഡം ട്രോഫി) – സൗത്ത് ആഫ്രിക്ക – 2-1 (3)
2021-2022 (ഫ്രീഡം ട്രോഫി) – സൗത്ത് ആഫ്രിക്ക 2-1 (3)
ഡിസംബര്‍ 26നാണ് 2023-2024 പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കാണ് വേദി.
Content highlight: India never won a test series against South Africa in South Africa