ശ്രീലങ്കന്‍ പര്യടനത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. മൂന്ന് ടി-20കളും അത്ര തന്നെ ഏകദിനങ്ങളുമാണ് ഇന്ത്യ ലങ്കന്‍ മണ്ണില്‍ കളിക്കുക. ജൂലൈ 27ന് ആരംഭിക്കുന്ന പര്യടനത്തിലെ ടി-20 പരമ്പരയാണ് ആദ്യം നടക്കുക.
മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പരക്ക് ശേഷം കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമാണ് ഏകദിന പോരാട്ടങ്ങള്‍ക്ക് വേദിയാവുക. രോഹിത് ശര്‍മയാണ് ഏകദിന ടീമിന്റെ നായകന്‍.
രോഹിത് ശര്‍മക്കൊപ്പം വിരാട് കോഹ്‌ലിയും ഏകദിന സ്‌ക്വാഡിനൊപ്പമുണ്ട് എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. ഇരുവരുമൊന്നിച്ച് ലങ്കന്‍ മണ്ണില്‍ കളിച്ചപ്പോഴെല്ലാം തന്നെ ഇന്ത്യ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ 12 തവണയും രോ-കോ സഖ്യത്തിന്റെ കരുത്തില്‍ ഇന്ത്യ ലങ്കയില്‍ വിജയിച്ചുകയറി.
കഴിഞ്ഞ 12 വര്‍ഷമായി രോഹിത്തും വിരാടും ഒന്നിച്ചപ്പോഴെല്ലാം ശ്രീലങ്കന്‍ മണ്ണില്‍ ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പ് ഫൈനലിലാണ് ഇന്ത്യയും ശ്രീലങ്കയും അവസാനമായി ഏകദിനത്തില്‍ ലങ്കന്‍ മണ്ണിലേറ്റുമുട്ടിയത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം തന്നെയായിരുന്നു വേദി.
അന്ന് മുഹമ്മദ് സിറാജിന്റെ സംഹാര താണ്ഡവത്തില്‍ പത്ത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചുകയറിയത്.
മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 16ാം ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ലങ്കയുടെ പത്ത് വിക്കറ്റും ഇന്ത്യന്‍ ബൗളര്‍മാര്‍ പിഴുതെറിഞ്ഞിരുന്നു. 50 റണ്‍സ് മാത്രമാണ് സിംഹളപ്പടയ്ക്ക് കണ്ടെത്താന്‍ സാധിച്ചത്.
ഇന്ത്യക്കായി മുഹമ്മദ് സിറാജ് ഏഴ് ഓവറില്‍ 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയപ്പോള്‍ 2.2 ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങി ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും പിഴുതെറിഞ്ഞു. ബുംറയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.