ഇന്ത്യയുടെ അതിര്‍ത്തി മേഖലയിലെ ഭൂപ്രദേശം ഉള്‍പ്പെടുത്തി നേപ്പാള്‍ ഇറക്കിയ ഭൂപടം ഏറെ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിക്കുയും ചെയ്തു. ശനിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ഭൂപ്രദേശം ഉള്‍പ്പെടുന്ന ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിച്ചത്. പാര്‍ലമെന്റിലെ ആകെ അംഗസംഖ്യയായ 275ല്‍ 258പേരും പുതിയ ഭൂപടത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനാണ് ബില്ല് പാസ്സായത്. പഴയ ഭൂപടം ഉപേക്ഷിച്ച് പുതിയതു സ്വീകരിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യാനുള്ള നിര്‍ണായക വോട്ടെടുപ്പായിരുന്നു ഇന്നു നടന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് നേപ്പാള്‍ പാര്‍ലിമെന്റില്‍ നടന്നുപൂീീി ഈ വോട്ടെടുപ്പ്. ഈ പശ്ചാത്തലത്തില്‍ നേപ്പാളും ഇന്ത്യയുമായി ബന്ധപ്പെട്ട് നടന്ന ചരിത്രപരവും രാഷ്ട്രീയപരവുമായ വിഷയങ്ങള്‍ ഡൂള്‍ എക്‌സ്‌പ്ലെയിനര്‍ പരിശോധിക്കുകയാണ്.
ഇന്ത്യന്‍ പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ തങ്ങളുടേതാണ് എന്നാണ് നേപ്പാള്‍ അവകാശപ്പെടുന്നത്. ഈ തര്‍ക്കമാകട്ടെ വെള്ളിയാഴ്ച്ച വികേഷ് യാദവ് എന്ന ഒരു കര്‍ഷകന്റെ മരണത്തിലേക്കും നയിച്ചു. അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് നേപ്പാള്‍ പൊലീസ് നടത്തിയ വെടിവെപ്പാണ് ബീഹാറിലെ സീതാമണ്ഡിയിലുള്ള വികേഷ് യാദവിന്റെ മരണത്തിലേക്ക് നയിച്ചത്. വേലികളില്ലാത്തതിനാല്‍ അതിര്‍ത്തി പ്രദേശത്തുള്ളവര്‍ കുടുംബാംഗങ്ങളെ കാണാന്‍ അപ്പുറവും ഇപ്പുറവും കടക്കാറുള്ളത് സാധാരണയാണ് എന്നാണ് ഈ പ്രദേശങ്ങളിലുള്ളവര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയും നേപ്പാളും തമ്മില്‍ രൂപപ്പെട്ട തര്‍ക്കമാണ് ബീഹാര്‍ അതിര്‍ത്തിയിലെ ഈ വെടിവെപ്പിലേക്ക് നയിച്ചത്.
എവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം
ലിപുലേഖ് ചുരവും, കാലാപാനിയും ലിംപിയാധുരയും നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് നേപ്പാള്‍ പുറത്തിറക്കിയ പുതിയ ഭൂപടമാണ് ഇന്ത്യയും നേപ്പാളും തമ്മില്‍ സങ്കീര്‍ണമായ പുതിയ തര്‍ക്കത്തിലേക്ക് വഴിവെച്ചത്. തര്‍ക്ക പ്രദേശമായ കാലാപാനി ഉത്തരാഖണ്ഡ് ജില്ലയിലെ പിതോരാഗഡ് ജില്ലയുടെ ഭാഗമാണ്. എന്നാല്‍ ധാര്‍ജുലയുടെ ഭാഗമാണിതെന്ന് നേപ്പാള്‍ അവകാശപ്പെടുന്നു. നേപ്പാളിന്റെ ഏകപക്ഷീയമായ ഈ നടപടി ചരിത്രപരമായ വസ്തുതകളെയും തെളിവുകളെയും നിരാകരിക്കുന്നതാണ് എന്നാണ് വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്. നേപ്പാളാകട്ടെ തീരുമാനത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകില്ല എന്ന നിലപാടില്‍ ഉറച്ചു തന്നെ നില്‍ക്കുന്നു.
തര്‍ക്കപ്രദേശമായ കാലാപാനിയിലൂടെയുള്ള ഹിമാലയന്‍ റോഡിന് ഇന്ത്യയില്‍ മെയ് എട്ടിന് അംഗീകാരം ലഭിച്ചതിന് ശേഷമാണ് പുതിയ ഭൂപടവുമായി നേപ്പാള്‍ രംഗത്ത് എത്തിയത്. ഇന്ത്യയും നേപ്പാളും തമ്മില്‍ 1800 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. 2019 നവംബറില്‍ ജമ്മു കശ്മീരിലെയും ലഡാക്കിലെയും പുതുതായി രൂപംകൊണ്ട കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഇന്ത്യ പുതിയ ഭൂപടം ഇറക്കിയിരുന്നു. ഇതിനുശേഷം ആറുമാസം കഴിഞ്ഞാണ് നേപ്പാളുമായുള്ള തര്‍ക്കത്തിന് തുടക്കമാകുന്നത്.
ഈ പ്രദേശങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കത്തെക്കുറിച്ച് മനസിലാകണമെങ്കില്‍ നേപ്പാളിന്റെ ചരിത്രത്തെക്കുറിച്ചും ചിലത് അറിയേണ്ടതുണ്ട്. 1816ലെ സുഗൗളി ഉടമ്പടി അനുസരിച്ചാണ് നേപ്പാളും ബ്രിട്ടീഷ് ഇന്ത്യയും തമ്മിലുള്ള അതിരുകള്‍ നിര്‍ണയിക്കപ്പെട്ടത്.
ഇത് പ്രകാരം മഹാകാളി നദിയുടെ കിഴക്കുവശത്തെ പ്രദേശങ്ങള്‍ നേപ്പാളിന്റെ അധികാര പരിധിയിലും, പടിഞ്ഞാറു വശം ഇന്ത്യയുടെ കയ്യിലുമാണ്. ഈ നിര്‍വചനം വ്യക്തമാണ്. എന്നാല്‍ മഹാകാളി നദിയുടെ ഉത്ഭവത്തെ അടിസ്ഥാനമാക്കിയാണ് തര്‍ക്കം. ഈ ഉടമ്പടി പ്രകാരമാണ് നേപ്പാളിന് പടിഞ്ഞാറന്‍ പ്രദേശത്തുള്ള കുമയോണ്‍ ഗര്‍വാള്‍, കിഴക്ക് ഭാഗത്തായിരുന്ന സിക്കിം എന്നീ പ്രദേശങ്ങള്‍ നഷ്ടമായതും.
ഈ ഉടമ്പടി പ്രകാരം നേപ്പാള്‍ രാജാവ് കാളീ നദിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള അവകാശ വാദങ്ങള്‍ നിഷേധിക്കുകയും ചെയ്തതാണ്. പകരം കിഴക്ക് ഭാഗത്തെ അവകാശം നേപ്പാളിന് നല്‍കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ നേപ്പാളിലെ വിദഗ്ദര്‍ പറയുന്നത് നേപ്പാളിന് അവകാശപ്പെട്ട കാളീ നദിയുടെ കിഴക്ക് എന്നത് നദിയുടെ ഉറവിടത്തില്‍ നിന്ന് ആരംഭിക്കണം എന്നാണ്. അതുപ്രകാരം ലിംപിയാധുര മുതല്‍ താഴേക്കു ആരംഭിക്കുന്ന എല്ലാ ഭാഗത്തെയും കിഴക്കു വശത്തുള്ള പര്‍വതനിരകള്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശം തങ്ങളുടേതാണെന്നും് നേപ്പാള്‍ അവകാശപ്പെടുന്നു. ഈ അവകാശം അക്കാലത്തു തന്നെ നേപ്പാളിലെ രാജാക്കന്മാരായിരുന്ന കിങ്ങ് മഹേന്ദ്രയും ബീരേന്ദ്രയും ഉന്നയിക്കാതിരുന്നത് ഇന്ത്യ എങ്ങിനെ പ്രതികരിക്കുമെന്ന ഭയം കൊണ്ടാണെന്നാണ് നേപ്പാളിലെ ചില മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ വാദിക്കുന്നത്.
ഹിമാലയന്‍ പര്‍വത നിരകളില്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലിംപിയാധുര എന്ന സ്ഥലത്തു നിന്നാണ് നദി ഉത്ഭവിക്കുന്നത് എന്നാണ് നേപ്പാളിന്റെ പക്ഷം. പക്ഷേ കാലപാനി എന്ന പ്രദേശത്തു നിന്ന് ആയതിനാല്‍ ആണ് നദിക്ക് കാളീനദി എന്നു പേരു വന്നതെന്ന് ഇന്ത്യയും പറയുന്നു. കൈലാസ മാനസരോവരത്തിലേക്കുള്ള തീര്‍ഥയാത്ര പാതയിലേക്ക് പോകുന്ന ചൈനീസ് അതിര്‍ത്തിയിലെ ലിപുലേഖ് ചുരം ഈ തര്‍ക്ക പ്രദേശത്താണ് നിലനില്‍ക്കുന്നത്. ഇത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
വിട്ടുകൊടുക്കാനില്ല എന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന നേപ്പാള്‍ പ്രധാമന്ത്രി കെ.പി ശര്‍മ്മ ഒലി ഇന്ത്യയുടെ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശം എന്തു വിലകൊടുത്തും തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ഇതിനു പുറമേ ഇന്ത്യയില്‍ നിന്നുള്ള കൊറോണ വൈറസ് ചൈനീസ്, ഇറ്റാലിയന്‍ വൈറസിനേക്കാള്‍ ഭീകരമാണ് എന്നും ഒലി പറഞ്ഞിരുന്നു.
ഇന്ത്യയുടെ നിലപാട്
കാലപാനി അതിര്‍ത്തി പ്രശ്നത്തില്‍ വിദേശകാര്യ സെക്രട്ടറി തലത്തില്‍ ചര്‍ച്ചവേണമെന്ന് നേപ്പാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം പരസ്പര വിശ്വാസത്തിന്റെയും ബഹൂമാനത്തിന്റെയും അന്തരീക്ഷമാണ് ഉണ്ടാകേണ്ടതെന്നും അപ്പോള്‍ എല്ലാ അയല്‍ക്കാരുമായി ഇടപെടാന്‍ തയ്യാറാണ് എന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസതവ പറയുന്നത്.
ലോകത്തെ ഏക ഹിന്ദു രാഷ്ട്രമായ നേപ്പാളുമായി ഹിന്ദു പാരമ്പര്യത്തിന്റെ പേരില്‍ മാത്രം അനുരജ്ഞനത്തില്‍ എത്തിച്ചേരാമെന്ന ധാരണ് ഇന്ത്യ മാറ്റണമെന്നാണ് വിഷയത്തില്‍ വിദഗ്ധര്‍ പറയുന്നത്. ഹിന്ദു സംസ്‌കാരമെന്ന നൂലില്‍ കടിച്ചു തൂങ്ങി ചൈനയുള്‍പ്പെടെ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഈ വിഷയത്തില്‍ ഒന്നും ചെയ്യാനില്ലെന്നും 2002-2004 കാലയളവില്‍ നേപ്പാളിലെ ഇന്ത്യന്‍് അംബാസഡറായിരുന്ന ശ്യം ശരണും പറയുന്നു. ഇന്ത്യയെ വെല്ലുവിളിക്കുന്ന നേപ്പാള്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നില്‍ ചൈനയുടെ നിര്‍ണായ സ്വാധീനമുണ്ടെന്ന് നിരീക്ഷണങ്ങളുമുണ്ട്. നേപ്പാള്‍ പ്രശ്നം സങ്കീര്‍ണമായിരിക്കുമ്പോള്‍ തന്നെയാണ് ചൈനയും ഇന്ത്യന്‍ അതിര്‍ത്തി കയ്യേറി ഭീഷണിയുമായി എത്തുന്നതും.
തര്‍ക്ക പ്രദേശമെന്ന് ഇപ്പോള്‍ വിളിക്കപ്പെടുന്നിടത്ത് 1816ലെ ഉടമ്പടിയിലൂടെ ധാരണയിലെത്തിയ ശേഷം ഒരു തര്‍ക്കവും ഉണ്ടായിരുന്നില്ല. 2015മുതല്‍ തുടങ്ങി വഷളാകുന്ന ഇന്ത്യ നേപ്പാള്‍ ബന്ധത്തില്‍ നിര്‍ണായകമാണ് ഇപ്പോള്‍ രൂപപ്പെട്ട ഈ അതിര്‍ത്തി വിഷയവും. ഉപരോധമേര്‍പ്പെടുത്തി നേപ്പാളിനെ വെട്ടിലാക്കാമെന്ന അജിത് ഡോവലിന്റെ തന്ത്രമൊന്നും നേപ്പാള്‍ ഭരണഘടനഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫലം കണ്ടിരുന്നില്ല. ചൈന തക്കം നോക്കി ഇടപെട്ടതാണ് ഇതിന് കാരണമായതും. ഇപ്പോള്‍ നേപ്പാളിലെ 80 ശതമാനം നിക്ഷേപവും ചൈനയുടേതാണ്. ഇതിന് പുറമെ ഒരു ബില്യണ്‍ നേപ്പാളി റുപ്പിയുടെ സഹായവുമുണ്ട്. പഴയ ഭൂപടം ഉപേക്ഷിച്ച് പുതിയത് അംഗീകരിക്കാനുള്ള ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിന് നേപ്പാളില്‍ അംഗീകാരം ലഭിച്ചാല്‍ സംഘര്‍ഷാവസ്ഥ വലിയ തലത്തിലേക്ക് ഉയരുമെന്ന് നേരത്തെ വിദ്ഗ്ധര്‍ വിലയിരുത്തുന്നു.