‘അപ്പോള്‍ രാഹുല്‍ എവിടെയായിരുന്നു ഇപ്പോള്‍ രാഹുല്‍ എവിടെയായിരുന്നു’ എന്ന സമീകരണ യുക്തിക്കാരോട് മറുപടി പറയാന്‍ തല്‍ക്കാലം സൗകര്യമില്ല. ഈ രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിപ്പോള്‍ പേരിനെങ്കിലും ഒരു നേതാവിനെ വേണം. ഇനി പുതിയൊരാളെ ജനിപ്പിച്ചിട്ട് രംഗത്തിറക്കാനൊന്നും നേരമില്ല.
മോദി ഭരണത്തില്‍ രാഹുല്‍ എപ്പോഴൊക്കെ ജനങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുണ്ടോ അപ്പോഴൊക്കെ വളഞ്ഞിട്ട് ആക്രമിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് രാജ്യത്തെ മാധ്യമങ്ങള്‍ ഒന്നടങ്കം ചെയ്തത്. കുറ്റപ്പെടുത്താത്തവരാവട്ടെ അവഗണിച്ചു. സമൂഹമാധ്യമങ്ങള്‍ ബുദ്ധിയില്ലാത്തവനെന്നും കഴിവുകെട്ടവനെന്നും ആക്ഷേപിച്ചു. അമുല്‍ ബേബിയെന്നും പപ്പു മോനെന്നും കളിയാക്കി. മുത്തശ്ശിയുടെയും മാതാപിതാക്കളുടെയും രാഷ്ട്രീയ നിലപാടുകള്‍ ചൂണ്ടിക്കാട്ടി നിരന്തരം വിചാരണക്കിരയാക്കി. കോണ്‍ഗ്രസുകാര്‍ക്കു പോലും അയാളെ വേണ്ടായിരുന്നു.
ചില ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അയാളിലെ നെറിയുള്ള മനുഷ്യനെ (മോദിയേക്കാളും നൂറു മടങ്ങ്) അധികമാരും അംഗീകരിച്ചു കൊടുത്തില്ല. പകരം കൂവി വിളിച്ചു. രാഷ്ട്രീയ ഉപജാപ തന്ത്രങ്ങളുള്ള, നെറിയുടെ ഒരംശം പോലുമില്ലാത്ത ഒരാളായിരുന്നു രാഹുല്‍ എങ്കില്‍ കോണ്‍ഗ്രസ് അയാളെ ഏറ്റെടുക്കുമായിരുന്നിരിക്കാം.
പ്രായോഗിക രാഷ്ട്രീയത്തില്‍ അയാളെ വേണ്ട വിധം ഉപയോഗിക്കാന്‍ കോണ്‍ഗ്രസിനായില്ല. ഇത് വിളിച്ചു പറയാന്‍ ആരും തുനിഞ്ഞില്ല. പകരം രാഹുല്‍ എന്ന മനുഷ്യനെ സൂക്ഷ്മമായി അളന്ന് തൂക്കി കീറി മുറിച്ചു. പ്രായോഗിക രാഷ്ട്രീയം വഴങ്ങാത്തവനെന്ന് ചാപ്പയടിച്ചു. അളിയന്‍ വാദ്രയുടെ തോന്നിവാസങ്ങള്‍ അയാളുടെ പിടലിയില്‍ നിന്ന് മാറ്റാതെ എന്നെത്തേക്കുമുള്ള ബാധ്യതയാക്കി. അമ്മയുടെ പൗരത്വം പറഞ്ഞ് വിദേശിയാക്കി.
എന്നാല്‍, സാമാന്യം ദീര്‍ഘദൃഷ്ടിയുള്ള വ്യക്തിയാണ് രാഹുല്‍ എന്ന് പല ഘട്ടങ്ങളില്‍ തോന്നിച്ചിട്ടുണ്ട്. രണ്ടാം എന്‍.ഡി.എ ഭരണമായപ്പോഴേക്ക് അയാള്‍ ആദ്യത്തേതില്‍ നിന്ന് ഒരുപാട് മാറിയിരുന്നു. പല കാര്യങ്ങളിലും ഒരു ഇടതു പക്ഷ ബോധത്തോടെ സംസാരിച്ചു. പ്രതികരിച്ചു. പക്ഷെ, വളര്‍ത്താനും തളര്‍ത്താനും ശക്തിയുള്ള മാധ്യമങ്ങള്‍ തളര്‍ത്താന്‍ മാത്രം മുന്നിട്ടിറങ്ങി. ആക്രമിച്ചും അവഗണിച്ചും.
മോദിയുടെ നാടകങ്ങള്‍ക്ക് കയ്യടിച്ചവര്‍ രാഹുലിന്റെ ഇടപെടലുകളെ ‘നാടകങ്ങളാക്കി ‘ പുറം കാലുകൊണ്ടു തൊഴിച്ചു. അതിന്റെയൊക്കെ കടുത്ത നിരാശയില്‍ പല നിര്‍ണായക ഘട്ടങ്ങളിലും അദ്ദേഹം മൗനിയായി. എവിടേക്കോ പോയൊളിച്ചു. മുന്‍ നിര നേതൃത്വമേറ്റെടുക്കാതെ പിന്‍ വാങ്ങി. രാഷ്ട്രീയ തട്ടകത്തിലെ ‘ചാണക്യ തന്ത്രമില്ലായ്മ ‘ അവിടെയൊക്കെ അയാള്‍ക്ക് വിനയായി.
കഴിഞ്ഞ ഒരു ദശകം മുഖ്യധാര മാധ്യമങ്ങളുടെ പരിഹാസങ്ങള്‍ക്കും സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ തന്നെ അവഗണനക്കും വിധേയനായ മറ്റേതെങ്കിലും നേതാവുണ്ടോ എന്ന് സംശയം. ആരും മനസ്സിലാക്കും മുമ്പ് രാജ്യത്തിന്റെ ഭരണഘടന അപകടത്തിലായത് തിരിച്ചറിഞ്ഞ് 2018ല്‍ രാഹുല്‍ ഭരണഘടനാ സംരക്ഷണത്തിന് ദേശീയ കാമ്പയിന്‍ നടത്തിയിരുന്നു. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അത് അറിഞ്ഞിട്ട് പോലുമില്ല തോന്നുന്നു.
ഒരു നേതാവിന്റെ സംഘാടനത്തിലും പ്രചാരണത്തിലും ആവേശത്തോടെ ഒപ്പം നിന്ന് ശക്തി പകരേണ്ട പാര്‍ട്ടി ഇത്തരം ഘട്ടങ്ങളില്‍ ഒന്നും അറിയാത്ത മട്ടില്‍ മാറിനിന്നു. മോദി സ്തുതിയില്‍ തിമിര്‍ക്കുന്ന വാര്‍ത്താപ്രളയത്തില്‍ വാര്‍ത്താ മൂല്യമില്ലാതെ ആ പ്രതിരോധം മുങ്ങി മരിച്ചു. അതിനു ശേഷമാണ് ഭരണഘടനയെ വെല്ലുവിളിച്ച് പൗരത്വ നിയമം അടക്കം മോദി സര്‍ക്കാര്‍ കൊണ്ടുവരുന്നതും രാജ്യമെങ്ങും പ്രതിഷേധം ഇരമ്പുന്നതും. ഭരണഘടനാ സംരക്ഷണത്തില്‍ രാഹുലിന്റെ പിന്നില്‍ അന്നു തന്നെ അണിനിരക്കേണ്ട ജനത അന്ന് കയ്യും കെട്ടിനിന്നു.
കോര്‍പറേറ്റ് ഫാസിസത്തെയും വര്‍ഗീയ ഫാസിസത്തെയും വേറെ വേറെ കാണാതെ ഒന്നിച്ചു പ്രതിരോധിക്കേണ്ട ആവശ്യം പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിഴലിച്ചിരുന്നു. പക്ഷെ, ഇനിയും അത്രത്തോളം ബുദ്ധി വികസിച്ചിട്ടില്ലാത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കും അത് തിരിഞ്ഞിട്ടില്ല. അവര്‍ അധികാരത്തിന്റെ കസേരക്കളികള്‍ തുടരുക തന്നെയാണ്.
കഴിഞ്ഞ ദിവസം രാജ്യത്തെ കര്‍ഷകരുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ എന്താണെന്ന് നോക്കൂ. തെളിച്ചമുള്ള പ്രതിരോധ രാഷ്ട്രീയത്തിന്റെ ചില സൂചനകള്‍ അതിലുണ്ടെന്ന് നിസ്സംശയം പറയാം.
‘മുമ്പ് ഈസ്റ്റ് ഇന്ത്യ കമ്പനിയെങ്കില്‍ വെസ്റ്റ് ഇന്ത്യ കമ്പനിയാണിപ്പോള്‍ ഇന്ത്യ ഭരിയ്ക്കുന്നത്. പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നത് കര്‍ഷകര്‍ക്കു വേണ്ടി മാത്രമല്ല, രാജ്യത്തിനു കൂടിയാണ്. കര്‍ഷകരുടെ ഹൃദയത്തില്‍ കത്തി കൊണ്ട് കുത്തിയിരിക്കുകയാണ് കേന്ദ്രം. ജി.എസ്.ടി, നോട്ട് നിരോധനം എന്നിവ കൊണ്ട് ഇതിനകം തന്നെ കര്‍ഷകരെ ആക്രമിച്ചു. എന്നാല്‍, അതിനേക്കാള്‍ ഹാനികരമാണ് ഈ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ എന്ന് തെളിയും.
കര്‍ഷകന്‍ വെറും കര്‍ഷകനല്ല. അവര്‍ക്ക് വേണ്ടിയുള്ള ശബ്ദം യുവാക്കളിലും സൈനികരിലും പൊലീസിലും എല്ലാമുണ്ട്. ഈ ശബ്ദങ്ങളിലൂടെ ഇന്ത്യ ഒരിക്കല്‍ കൂടി സ്വാതന്ത്ര്യം നേടും. നിലമേറ്റെടുക്കലിനെതിരെ ആദ്യം യുദ്ധത്തിനിറങ്ങിയപ്പോള്‍ മാധ്യമങ്ങള്‍ എല്ലാംചേര്‍ന്ന് എന്നെ ആക്രമിച്ചു. നോട്ട്‌നിരോധനം കള്ളപ്പണത്തിനെതിരായ യുദ്ധമാണെന്നായിരുന്നു അവര്‍ പറഞ്ഞത്. പക്ഷെ, അത് കള്ളമായിരുന്നു. അസംഘടിത വിഭാഗമായ കര്‍ഷകര്‍, തൊഴിലാളികള്‍, ദരിദ്രര്‍ എന്നിവരെ കൂടുതല്‍ ദുര്‍ബലരാക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ജി.എസ്.ടിയുടെയും ലക്ഷ്യം അതു തന്നെയായിരുന്നു’വെന്ന് രാഹുല്‍ ആവര്‍ത്തിച്ചു.
കര്‍ഷകരുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറായ അദ്ദേഹത്തോട് ‘വിശപ്പു താങ്ങാനാവാതെ ഞങ്ങള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവരും’ എന്നായിരുന്നു ബിഹാറിലെ ചമ്പാരനില്‍ നിന്നുള്ള കര്‍ഷകനായ ധീരേന്ദ്ര കുമാര്‍ പറഞ്ഞത്. മിനിമം താങ്ങുവിലയില്‍ ഒരാളും തന്റെ ഉല്‍പന്നങ്ങള്‍ വാങ്ങില്ലെന്ന് ഭയക്കുന്നതായി മഹാരാഷ്ട്രയിലെ യവത്മാലിലെ കര്‍ഷകനായ അശോക് ഭൂത്ര അദ്ദേഹത്തോട് പരിതപിച്ചു. പ്രതിഷേധിക്കുന്ന കര്‍ഷകനെ ജയിലിലടക്കും.
കര്‍ഷകരെയും ചെറുകിട കച്ചവടക്കാരെയും കൊള്ളയടിക്കുക എന്ന ഈസ്റ്റ്ഇന്ത്യ കമ്പനിയുടെ അതേ തന്ത്രമാണ് ബി.ജെ.പി സര്‍ക്കാര്‍ പയറ്റുന്നത്. കര്‍ഷകര്‍ക്ക് ഉല്‍പന്നത്തിന്റെ വില കിട്ടാതാവുമ്പോള്‍ ആത്മഹത്യകള്‍ പെരുകുമെന്നും ഭൂത്ര പറഞ്ഞു.
ഇത്തരത്തില്‍ എതെങ്കിലും കര്‍ഷകനെ നേരിട്ട് കാണാന്‍ രാജ്യത്തെ പ്രധാനമന്ത്രി ശ്രമിച്ചിട്ടുണ്ടോ? അങ്ങനെ ചെയ്യാത്തതിന് ഏതെങ്കിലും മുഖ്യധാര മാധ്യമ വിചാരണ മോദി നേരിട്ടുണ്ടോ? ഇല്ല എന്ന് മാത്രമല്ല, അവര്‍ ഇക്കാരണങ്ങളാല്‍ രാഹുലിനെ വേട്ടയാടുന്നത് തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. അയാളുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കാതെ.
ഇപ്പൊ രാഹുല്‍ മാധ്യമങ്ങളെ ഗൗനിക്കാതായിരിക്കുന്നു എന്നാണ് തോന്നുന്നത്. അയാള്‍ പ്രവര്‍ത്തിക്കുകയാണ്. തീര്‍ച്ചയായും രാഹുല്‍ തെളിയ്ക്കുന്ന വഴിയേ സംഘ്പരിവാരത്തിന്റെ ചെരുപ്പു നക്കികള്‍ക്ക് സഞ്ചരിക്കേണ്ടി വരും. അതുകൊണ്ട് കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടെങ്കിലും ഇന്ത്യക്ക് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ വേണം. പ്രിയങ്കയെയും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക