| Saturday, 14th May 2022, 4:23 pm

'ദീദിയെ ഇന്ത്യയ്ക്ക് വേണം': പുതിയ ക്യാമ്പെയിനിന് തുടക്കമിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളെ മുന്‍നിര്‍ത്തി മമതയ്ക്ക് വേണ്ടിയുള്ള പുതിയ ക്യാമ്പെയിനുമായി തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി).

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നാല് പതിറ്റാണ്ട് പിന്നിടുന്ന മമതയെ രാജ്യത്തെ ആദ്യ ബംഗാളി പ്രധാനമന്ത്രിയാക്കാനാണ് പാര്‍ട്ടിയുടെ നീക്കം.

സമഗ്ര വികസനം മുന്‍നിര്‍ത്തിയുള്ള ജനപക്ഷ നയങ്ങളിലൂടെ പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി മുന്നോട്ടുവച്ച ജനാധിപത്യ ഭരണം രാജ്യത്തെ ഓരോ ഇന്ത്യന്‍ പൗരനും അര്‍ഹിക്കുന്നുണ്ടെന്നും തൃണമൂല്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആരംഭിച്ച പുതിയ വെബ്‌സൈറ്റിലൂടെയായിരിക്കും ക്യാമ്പയിന്‍ നടക്കുക.

പൂര്‍ണമായും ഡിജിറ്റലായി നടക്കുന്ന ക്യാമ്പെയിനില്‍ രാജ്യമെമ്പാടുമുള്ള ജനങ്ങളുമായി സംവദിക്കാനാകുമെന്നും, ആശയങ്ങളും നേട്ടങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനാകുമെന്നും ടി.എം.സി പറഞ്ഞു.

മൂന്നാം വട്ടവും പ്രധാനമന്ത്രിയാകുമെന്ന സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാകാതെ തനിക്കു വിശ്രമമില്ലെന്നായിരുന്നു മോദിയുടെ പ്രസ്താവന. ‘ഗുജറാത്തിന്റെ മണ്ണാണ് മോദിയെ രൂപപ്പെടുത്തിയത്. സംഭവിച്ച കാര്യങ്ങളെല്ലാം നല്ലതിനാണ് പക്ഷേ, ഇപ്പോള്‍ വിശ്രമിക്കാറായിട്ടില്ല. പരിപൂര്‍ണതയാണ് എന്റെ സ്വപ്നം. 100 ശതമാനം ലക്ഷ്യം പൂര്‍ത്തിയാക്കണം’ മോദി പറഞ്ഞു.

2014ല്‍ ആദ്യം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, രാജ്യത്തെ പകുതിയോളം ജനങ്ങള്‍ക്ക് ശൗചാലയ സൗകര്യങ്ങള്‍, വാക്‌സിനേഷന്‍, വൈദ്യുതി, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ ലഭ്യമല്ലായിരുന്നു. ഒരുതരത്തില്‍ അവര്‍ക്കത് നിഷേധിക്കപ്പെട്ടിരിക്കയായിരുന്നു. നമ്മുടെ പ്രയത്‌നത്താല്‍ പല പദ്ധതികളും 100 ശതമാനം പൂര്‍ത്തീകരിക്കാനായി. ഇവയെല്ലാം വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളായിരുന്നു. രാഷ്ട്രീയക്കാര്‍ക്ക് പോലും കൈവെയ്ക്കാന്‍ ഭയമായിരുന്നു. എന്നാല്‍, ഞാനിവിടെ രാഷ്ടീയം കളിക്കാനല്ല, രാജ്യത്തെ ജനങ്ങളെ സേവിക്കാനാണ് വന്നത്, മോദി പറഞ്ഞു.

Content Highlight: ‘India needs Didi’: TMC to begin new campaign amid 2024 Loksabha elections

We use cookies to give you the best possible experience. Learn more