| Friday, 27th March 2020, 8:28 pm

കോടീശ്വരന്‍മാരുടെ കാരുണ്യമല്ല ഇന്ത്യക്കാവശ്യം, പ്രവര്‍ത്തിക്കുന്ന സോഷ്യലിസ്റ്റ് ഭരണകൂടമാണ്

ജിഗ്നേഷ് മേവാനി

കൊറോണ കാലത്തെ ഭരണനിര്‍വഹണത്തെക്കുറിച്ച് ജിഗ്നേഷ് മേവാനി

വിവര്‍ത്തനം: നീതു ദാസ്

കൊറോണ വൈറസ് ആരോഗ്യമേഖലയുടെ മാത്രം പ്രതിസന്ധിയല്ല, അത് മുതലാളിത്തത്തിന്റെ കൂടി പ്രതിസന്ധിയാണ്. 2001ല്‍ ഗുജറാത്തിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ നഷ്ടമായത് ആയിരക്കണക്കിന് പേരുടെ ജീവനും ജീവനോപാധികളുമാണ്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയ് ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 100 കോടി രൂപ ഭൂജ് നഗരത്തിലെ ജി. കെ. ജനറല്‍ ആശുപത്രി എന്ന സര്‍ക്കാര്‍ ആശുപത്രി പുനഃനിര്‍മ്മിക്കുന്നതിനായി വാഗ്ദാനം ചെയ്തിരുന്നു. രാജ്യത്തിന്റെ നാല് ദിക്കുകളിലും എയിംസ് മാതൃകയില്‍ ആശുപത്രികള്‍ പണിയാനും ഭൂജിലെ ആശുപത്രിയെ പടിഞ്ഞാറന്‍ മേഖലയുടെ എയിംസ് ആശുപത്രിയാക്കാനുമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്.

പക്ഷേ ഭാഗ്യവും രാഷ്ട്രീയ താത്പര്യങ്ങളും തുണക്കാതിരുന്നതിനാല്‍ എയിംസ്- വെസ്റ്റ് ഒരിക്കലും യാഥാര്‍ത്ഥ്യമായില്ല. പകരം, സര്‍ക്കാര്‍ പുനഃനിര്‍മ്മിച്ച ജി. കെ. ആശുപത്രിയെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന 2009ലെ ഗുജറാത്ത് സര്‍ക്കാര്‍ 99 വര്‍ഷത്തെ പാട്ടക്കാലാവധിക്ക് ആശുപത്രി കൈമാറുന്നതിനായി പ്രമേയം പാസ്സാക്കിയതിലൂടെയാണ് ഇത് സാധ്യമായത്. ഇപ്പോള്‍ അവിടെ ഗുജറാത്ത് അദാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അദാനി ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. അത് കൂടുതല്‍ സ്വകാര്യവത്കരണത്തിന്റെ മാര്‍ഗ്ഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്നു.

ഞാന്‍ എന്തിനാണ് ഇപ്പോള്‍ ഗുജറാത്തിലെ ആശുപത്രിയെക്കുറിച്ച് സംസാരിക്കുന്നത് എന്നാണോ? കാരണം നോവല്‍ കൊറോണ വൈറസിനോടുള്ള ഇന്ത്യയുടെ പ്രതികരണവും ജി. കെ. ആശുപത്രിയുടെ കഥയും ഒന്നാണ്. കൊറോണ വൈറസ് ആരോഗ്യമേഖലയുടെ മാത്രം പ്രതിസന്ധിയല്ല, അത് കോടീശ്വരന്മാരുടെയും കോര്‍പ്പറേറ്റുകളുടെയും മുതലാളിത്തത്തിന്റെയും പ്രതിസന്ധിയാണ്.

പൊതു ആരോഗ്യസംവിധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ലോകമെമ്പാടും നടക്കുന്നതിന് ഈ മഹാമാരി കാരണമായിട്ടുണ്ട്. കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടുന്നതിന്റെയും വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് സാമൂഹിക അകലം പാലിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടുന്നതിന്റെയും പ്രാധാന്യം ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നു. സര്‍ക്കാര്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്നും പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കുന്നതിനായി ശാസ്ത്ര മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും വളരെയധികം ആളുകള്‍ ആവശ്യപ്പെടുന്നത് കാണുമ്പോള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല.

ന്യൂ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും മടങ്ങിവന്ന യാത്രക്കാര്‍ കൂടുതല്‍ വൃത്തിയുള്ളതും മികച്ചതുമായ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഉപരിമദ്ധ്യവര്‍ഗ്ഗത്തിലും സമ്പന്നവിഭാഗത്തിലും പെട്ടവര്‍ വീടുകളില്‍ ഇരുന്ന് ചെയ്യാനുള്ള ജോലികളും ശമ്പളത്തോടുകൂടിയുള്ള അവധിയും ആവശ്യപ്പെടുന്നു.

ആദ്യമായി ട്വിറ്ററില്‍ ഇന്ത്യയിലെ കോടീശ്വരന്മാര്‍ തരംഗമായി മാറിയിരിക്കുന്നു. നമ്മുടെ അംബാനിമാരും അദാനിമാരും മഹീന്ദ്രന്മാരും എവിടെയെന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഒടുവില്‍ തന്റെ കമ്പനി വെന്റിലേറ്റര്‍ നിര്‍മ്മാണത്തിനായി പ്രവര്‍ത്തിക്കുമെന്നും തന്റെ ഹോട്ടലുകള്‍ കോവിഡ് -19 ചികിത്സിക്കാനുള്ള ആശുപത്രിയാക്കി മാറ്റാന്‍ സന്നദ്ധമാണെന്നും ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചു.

ഇതൊക്കെ നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. ഒരു മഹാമാരിയുടെ കാലത്ത് എല്ലാവരും, സമ്പന്ന വര്‍ഗ്ഗം ഉള്‍പ്പെടെ, സോഷ്യലിസ്റ്റുകളായി മാറിയിരിക്കുന്നു. മഹാമാരിയ്ക്കുള്ള പരിഹാരം സര്‍ക്കാരാണെന്നും കോടീശ്വരന്മാരല്ലെന്നും നമ്മള്‍ ഇപ്പോഴെങ്കിലും തിരിച്ചറിയണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച അവസരത്തില്‍ രാജ്യത്തെ ദരിദ്രരും ധനികരുമായ പൗരന്മാര്‍ സര്‍ക്കാരിലേക്കും അതിന്റെ കഴിവിലേക്കുമാണ് ഉറ്റുനോക്കുന്നത്.

ആവശ്യപ്പെടേണ്ടുന്ന സഹായം

ഇന്ത്യയിലെ കോടിശ്വരന്മാരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് ഇന്ന് നമ്മള്‍ ആദ്യത്തെ ചുവട് വെച്ചിരിക്കുകയാണ്. സഹതാപവും സഹായവും ആവശ്യപ്പെടുക എന്നതില്‍ നിന്ന് നമ്മുടെ രാഷ്ട്രീയ ചിന്തയെ മാറ്റണം. കോടീശ്വരന്മാരുടെ മേല്‍ കൂടുതല്‍ നികുതി ചുമത്തണമെന്നും അവരുടെ കോര്‍പ്പറേറ്റ് കമ്പനികളിലും ഫാക്ടറികളിലും ജോലി ചെയ്യുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന തരത്തിലാണ് ഇനി നമ്മള്‍ ചിന്തിക്കേണ്ടത്.

നോവല്‍ കൊറോണ വൈറസ് പടരുന്നത് അടിയന്തിരമായി തടയാനായി സമ്പന്നവര്‍ഗ്ഗത്തിലെ ആദ്യത്തെ ഒരു ശതമാനം പേര്‍ക്ക് അധിക നികുതി ചുമത്തുകയാണ് വേണ്ടത്. അവര്‍ രാജ്യത്തെ ദരിദ്രരായ 70 ശതമാനം പേരുടെ സമ്പത്തിന്റെ നാല് മടങ്ങ് സ്വന്തമാക്കിയിട്ടുണ്ടെന്ന് ഏറ്റവും പുതിയ ഓക്സ്ഫാം പഠനം വ്യക്തമാക്കുന്നുണ്ട്. ഇവിടുത്തെ കോടീശ്വരന്മാര്‍ റിലയന്‍സ്, അദാനിയുടെ പവര്‍പ്ലാന്റുകള്‍, ആമസോണിന്റെ ഗോഡൗണുകള്‍, ഊബര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉയര്‍ന്ന വേതനവും ശമ്പളത്തോടികൂടിയ അവധിയും നല്‍കിയാല്‍ നമുക്ക് ഈ മഹാമാരിയെ കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും.

ലക്ഷക്കണക്കിന് പേര്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന ഒരു രാജ്യത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി 5 മണിക്ക് പാത്രങ്ങള്‍ കൊട്ടി ആരോഗ്യപ്രവര്‍ത്തകരെ അനുമോദിക്കാന്‍ ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നമ്മള്‍ നിര്‍ത്താതെ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ മറ്റൊരു പ്രഖ്യാപനം കൂടി ഇവിടെ നടന്നിരുന്നു. അത് കേരളത്തിലെ മുഖ്യമന്ത്രിയുടേതായിരുന്നു. കൊറോണ വൈറസ് കാരണമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി പിണറായി വിജയന്‍ 20,000 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് പൊളിറ്റിക്കല്‍ എക്കോണമിയെക്കുറിച്ചുള്ള ഒരു ആലോചനയാണ്, വെറുതെയുള്ള വാചോടാപത്തെക്കുറിച്ച് ഉള്ളതല്ല. റാഡിക്കല്‍ ലെഫ്റ്റിസ്റ്റുകളും ആവശ്യപ്പെടുന്നത് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കണമെന്നാണ്. റേഷന്‍ കടകളിലൂടെ 10 കിലോയോളം ധാന്യങ്ങള്‍ സൗജന്യമായി നല്‍കണമെന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ നേരത്തെ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, സ്പെയ്നിലെ സ്വകാര്യ ആശുപത്രികളെല്ലാം ദേശസാത്കരിക്കപ്പെട്ടു. കൊറോണക്കാലത്തെ പ്രതിസന്ധിയില്‍ ജോലിക്ക് പോകാന്‍ കഴിയാത്ത തൊഴിലാളികളുടെ ശമ്പളത്തിന്റെ 80 ശതമാനവും സര്‍ക്കാര്‍ നല്‍കുമെന്ന് ബ്രിട്ടനിലെ ചാന്‍സലര്‍ പ്രഖ്യാപിച്ചിരിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാ രാജ്യങ്ങളുടെയും മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 4 മുതല്‍ 5 ശതമാനം വരെയെങ്കിലും ആരോഗ്യസംരക്ഷണത്തിനായി ഉപയോഗിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നത്. ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ ആരോഗ്യരംഗത്തേക്കായി ജി.ഡി.പിയുടെ വെറും 1.6 ശതമാനം മാത്രമാണ് മാറ്റിവെച്ചിരുന്നത്. അതേസമയം സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുന്നതിനായി നമ്മള്‍ ചെലവഴിച്ചത് 2,989 കോടി രൂപയാണ്. വിജയിച്ചിട്ടില്ലാത്ത പൗരത്വപരിശോധനയ്ക്കായി ആസാമില്‍ ചെലവഴിച്ചത് 1,100 കോടി രൂപ. പാര്‍ലമെന്റ് മന്ദിരവും രാഷ്ട്രപതി ഭവനും അടങ്ങുന്ന ഡല്‍ഹിയുടെ കേന്ദ്ര പ്രദേശം വികസിപ്പിക്കുന്നതിനായി മാറ്റിവെച്ചത് 20,000 കോടി രൂപയും.

വ്യക്തമായ ജാതി-വര്‍ഗ്ഗ വേര്‍തിരിവ്

ആരോഗ്യസംരക്ഷണത്തിനായി മിക്ക ഇന്ത്യക്കാരും ആദ്യം ആശ്രയിക്കുന്നത് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെയാണ്, ഫോര്‍ട്ടിസിനെയോ മേദാന്തയെയോ അതല്ലെങ്കില്‍ ഡല്‍ഹിയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളെയോ അല്ല.

ഈ മേഖലയില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മികച്ച പ്രകടനമാണ് കേരളം കാഴ്ചവെക്കുന്നത്. അത്തരത്തില്‍ പ്രവര്‍ത്തിക്കാനാണ് മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ നമ്മള്‍ നിര്‍ബന്ധിക്കേണ്ടത്. ലക്ഷക്കണക്കിന് ദരിദ്രരോടും തൊഴിലാളികളോടും മതഭേദമില്ലാതെ ഇപ്പോള്‍ ചോദിക്കേണ്ട ചോദ്യം ഇതാണ്. അവര്‍ ആശ്രയിക്കുന്ന ആശുപത്രികളില്‍ മോദി സര്‍ക്കാര്‍ എന്തെങ്കിലും നിക്ഷേപങ്ങള്‍ നടത്തിയിരുന്നുവോ, അതോ അവിടെ നീതി ആയോഗ് മാതൃകയില്‍ പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ മറവില്‍ പിന്‍വാതിലിലൂടെ സ്വകാര്യവത്കരണം നടത്തുകയാണോ ചെയ്തത്. സര്‍ക്കാര്‍ എത്രമാത്രം നിക്ഷേപമാണ് ശാസ്ത്ര, ഗവേഷണ വികസന മേഖലയില്‍ നടത്തിയിട്ടുള്ളത് എന്ന് ചോദിക്കേണ്ട സമയമാണിത്. പ്രത്യേകിച്ചും പ്രതിരോധ മരുന്നിന് പകരം ഗോമൂത്രവും ചാണകവും രോഗത്തിനുള്ള പ്രതിവിധികളാണെന്ന് പറയുന്ന ഒരു രാജ്യത്ത് ഈ ചോദ്യത്തിന് പ്രസക്തിയുണ്ട്.

മാത്രവുമല്ല, ഇന്ത്യയിലെ തൊഴിലാളികളില്‍ 81 ശതമാനം പേരും അനൗപചാരിക മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്താരാഷ്ട്ര തൊഴിലാളി സംഘടന കണക്കാക്കിയിട്ടുണ്ട്. ദിവസവേതന തൊഴിലാളികളും, ഗാര്‍ഹിക തൊഴിലാളികളും, തെരുവ് വില്‍പ്പനക്കാരും ഓടകളും മറ്റും വൃത്തിയാക്കുന്നവരും ഈ മഹാമാരി കാരണം ഏറ്റവും ബാധിതരാകാന്‍ പോകുന്നവരായിരിക്കും. നിങ്ങള്‍ വീട്ടില്‍ ക്വാറന്റൈനില്‍ ഇരുന്നുകൊണ്ട് ഇത് വായിക്കുമ്പോഴും നിങ്ങള്‍ക്കായി ഭക്ഷണം എത്തിക്കുന്ന സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും തൊഴിലാളികള്‍ക്കോ അല്ലെങ്കില്‍ നിങ്ങള്‍ക്കായി ഭക്ഷണം പാചകം ചെയ്യുന്നവര്‍ക്കോ സര്‍ക്കാരിന്റെ സംരക്ഷണമോ ശക്തമായ യൂണിയനുകളോ ഇല്ലാത്ത സ്ഥിതിയാണ് ഉള്ളത്. പിന്നെ മാലിന്യം പെറുക്കി ജീവിക്കുന്നവര്‍ക്കും പൊതുഗതാഗതസംവിധാനങ്ങള്‍ ശുചീകരിക്കുന്നവര്‍ക്കും വൈറസ് കാരണം തങ്ങളുടെ കുലത്തൊഴിലിലേക്ക് വീണ്ടും പോകേണ്ടി വന്നു.

ധനികര്‍ക്കായുള്ള സോഷ്യലിസം

സര്‍ക്കാരിന്റെ സൗജന്യസേവനങ്ങള്‍ക്ക് പകരം (ആരോഗ്യരംഗത്തും തൊഴിലാളികളുടെ ക്ഷേമത്തിനായും സര്‍ക്കാര്‍ ചെയ്യേണ്ട കടമകളാണ് യഥാര്‍ത്ഥത്തില്‍ അത്) സ്വകാര്യവത്കരണവും കോര്‍പ്പറേറ്റുകളുടെ കാരുണ്യവുമാണ് വേണ്ടതെന്ന് പറയുന്നവരോടാണ്, യെസ് ബാങ്കിനെ രക്ഷിക്കാനായി എസ്ബിഐയോട് ആവശ്യപ്പെട്ട സംഭവം നിങ്ങള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2014 മുതല്‍ ഇന്ത്യന്‍ ബാങ്കുകള്‍ എഴുതിത്തള്ളിയത് 6,60,000 കോടി രൂപയുടെ കിട്ടാക്കടങ്ങളാണ്. അത് നല്‍കുന്ന സന്ദേശം വ്യക്തമാണ്: അനില്‍ അംബാനിയ്ക്കും സുഭാഷ് ചന്ദ്രയ്ക്കും ഗുണമുള്ള കാര്യമാണെങ്കില്‍ നഷ്ടത്തിലായ സ്വകാര്യ ബാങ്കിനെ രക്ഷിക്കാന്‍ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ രംഗത്തിറങ്ങും. ഇതൊരു വിരോധാഭാസമാണ്. തങ്ങളുടെ ഗുണങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കുന്ന സോഷ്യലിസത്തെ യഥാര്‍ത്ഥത്തില്‍ സ്വകാര്യവത്കരണത്തിന് വേണ്ടി വാദിക്കുന്നവര്‍ക്കൊക്കെ ഇഷ്ടമാണ്. പക്ഷേ ജനങ്ങളുടെ ഗുണത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ സോഷ്യലിസത്തെ വെറുക്കുന്നു. ബെര്‍ണി സാന്‍ഡേഴ്സ് പറഞ്ഞത് വളരെ ശരിയാണ്, അവര്‍ ആഗ്രഹിക്കുന്നത് ”ധനികര്‍ക്കായി സോഷ്യലിസവും ദരിദ്രര്‍ക്കായി കര്‍ക്കശമായ വ്യക്തിവാദവുമാണ്. ”

കടപ്പാട്: ദ പ്രിന്റ്

ജിഗ്നേഷ് മേവാനി

രാഷ്ട്രീയപ്രവര്‍ത്തകന്‍. ഗുജറാത്തിലെ വാദ്ഗാം മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ

We use cookies to give you the best possible experience. Learn more