രോഹിത്തിന്റെ തന്ത്രമാണ് ഇന്ത്യയ്ക്ക് ആവശ്യം: സുനില്‍ ഗവാസ്‌കര്‍
Sports News
രോഹിത്തിന്റെ തന്ത്രമാണ് ഇന്ത്യയ്ക്ക് ആവശ്യം: സുനില്‍ ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st January 2024, 5:57 pm

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ജനുവരി 25ന് ഹൈദരാബാദില്‍ ആരംഭിക്കും. 2021-22 വര്‍ഷത്തില്‍ ആണ് ഇതിനുമുമ്പ് ഇരുവരും ഏറ്റുമുട്ടിയത്. അഞ്ചു മത്സരങ്ങള്‍ അടങ്ങിയ പരമ്പര 2-2 എന്ന നിലയില്‍ കലാശിക്കുകയായിരുന്നു.

ടീം ഇന്ത്യ പരമ്പരക്ക് തയ്യാറെടുക്കുമ്പോള്‍ ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ രോഹിത്തിന്റെ തന്ത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ സംസാരിച്ചിരുന്നു. ഹൈദരാബാദിലെ പിച്ചില്‍ കാര്യമായ ടേണ്‍ പ്രതീക്ഷിക്കാത്ത പക്ഷം രോഹിത്തിന്റെ ക്യാപ്റ്റന്‍സി ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാണിച്ചു.

‘ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് ശര്‍മ തന്റെ ബൗളര്‍മാരെ സമര്‍ത്ഥമായി വിന്യസിക്കണം. സാധാരണയായി ഹൈദരാബാദില്‍ അധികം ടേണ്‍ ലഭ്യമല്ല. ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുകയും ലഞ്ച് ബ്രേക്ക് സമയം വരെ വിജയകരമായി മുന്നേറുകയും ചെയ്താല്‍ രോഹിത് എങ്ങനെയാണ് ബൗളര്‍മാരെ ഉപയോഗിക്കുന്നത് എന്ന് കാണേണ്ടതാണ്,’ഗവാസ്‌കര്‍ പറഞ്ഞു.

രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ അടങ്ങുന്ന ശക്തമായ സ്പിന്‍ ക്വാര്‍ഡാണ് ഇന്ത്യയുടെ പക്കല്‍ ഉള്ളത്.

ഇംഗ്ലണ്ടിനെതിരായ മുന്‍ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മയുടെ മിന്നും പ്രകടനം ഗവാസ്‌കര്‍ എടുത്തു പറഞ്ഞിരുന്നു. ഇരുവരും മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ രോഹിത്തിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യ 317 റണ്‍സ് നേടി വിജയിച്ചിരുന്നു.

‘ചെന്നൈയില്‍ നടന്ന അവസാന ഹോം പരമ്പരയിലെ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ രോഹിത് മികച്ച സെഞ്ച്വറി നേടി, സ്പിന്നിന് അനുകൂലമായ പിച്ചില്‍ അദ്ദേഹം ഫലപ്രദമായി ബാറ്റിങ് ചെയ്തു. അദ്ദേഹം ഇത് ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് ശക്തമായ തുടക്കം പ്രതീക്ഷിക്കാം. ഇത് മൂന്ന്, നാല് ബാറ്റര്‍മാരുടെ ഉത്തരവാദിത്തങ്ങള്‍ ലഘൂകരിക്കും,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: India Need Rohit’s tactics