Advertisement
Sports News
ഒറ്റ മത്സരം, ഓസ്‌ട്രേലിയന്‍ നായകനെ കരയിച്ച് പാകിസ്ഥാനെ വെട്ടാന്‍ രോഹിത്; 'സേനാ'ധിപധികളാകാന്‍ ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 13, 03:55 am
Friday, 13th September 2024, 9:25 am

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യയും ഓസ്ട്രേലിയയും. ഇത്തവണ ഓസ്ട്രേലിയാണ് ക്രിക്കറ്റ് ചരിത്രത്തിലെ ക്ലാസിക് റൈവല്‍റികള്‍ക്കൊന്നിന് വേദിയാകുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയന്‍ മണ്ണില്‍ കളിക്കുക.

ഓസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരക്ക് മുമ്പ് ഇന്ത്യ സ്വന്തം മണ്ണില്‍ രണ്ട് ടെസ്റ്റ് പരമ്പര കളിക്കും. ബംഗ്ലാദേശും ന്യൂസിലാന്‍ഡുമാണ് ഇന്ത്യയിലെത്തി പരമ്പര കളിക്കുക.

ഈ പരമ്പരയില്‍ ഒരു തകര്‍പ്പന്‍ നേട്ടവും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. സേന രാജ്യങ്ങളില്‍ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങള്‍ വിജയിച്ച ടീം എന്ന നേട്ടമാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഒറ്റ മത്സരത്തില്‍ വിജയിച്ചാല്‍ ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കും.

നിലവില്‍ 29 ടെസ്റ്റ് വിജയവുമായി പാകിസ്ഥാനാണ് പട്ടികയില്‍ ഒന്നാമത്. ഒരു മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പാകിസ്ഥാനൊപ്പമെത്താനും മറ്റൊന്ന് കൂടി വിജയിച്ചാല്‍ പാക് പടയെ മറികടക്കാനും സാധിക്കും.

സേന രാജ്യങ്ങളില്‍ ഏഷ്യന്‍ ടീമുകളുടെ ടെസ്റ്റ് വിജയം

പാകിസ്ഥാന്‍

ഓസ്‌ട്രേലിയയില്‍ – 04
ഇംഗ്ലണ്ടില്‍ – 13
ന്യൂസിലാന്‍ഡില്‍ – 10
സൗത്ത് ആഫ്രിക്കയില്‍ – 02

ഇന്ത്യ

ഓസ്‌ട്രേലിയയില്‍ – 09
ഇംഗ്ലണ്ടില്‍ – 09
ന്യൂസിലാന്‍ഡില്‍ – 05
സൗത്ത് ആഫ്രിക്കയില്‍ – 05

ശ്രീലങ്ക

ഓസ്‌ട്രേലിയയില്‍ – 00
ഇംഗ്ലണ്ടില്‍ – 04
ന്യൂസിലാന്‍ഡില്‍ – 02
സൗത്ത് ആഫ്രിക്കയില്‍ – 03

ബംഗ്ലാദേശ്

ഓസ്‌ട്രേലിയയില്‍ – 00
ഇംഗ്ലണ്ടില്‍ – 00
ന്യൂസിലാന്‍ഡില്‍ – 01
സൗത്ത് ആഫ്രിക്കയില്‍ – 00

സേന രാജ്യങ്ങളില്‍ ഇന്ത്യ ഇതുവരെ 171 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. അതില്‍ 28 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ 91ലും പരാജയപ്പെട്ടു. 52 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.

2004ല്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 705 റണ്‍സാണ് ഒരു ഇന്നിങ്‌സിലെ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍. ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ഇന്നിങ്‌സ് ടോട്ടലും രേഖപ്പെടുത്തിയത്. 2020ല്‍ നേടിയ 36 റണ്‍സാണ് ഇത്.

ഇതേ ഓസ്‌ട്രേലിയക്കെതിരെ വിജയിച്ച് പാകിസ്ഥാനെ മറികടക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

നവംബര്‍ 22നാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പര ആരംഭിക്കുന്നത്. 2020-21ലാണ് ഇതിന് മുമ്പ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയത് . അന്ന് നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. തൊട്ടുമുമ്പ് നടന്ന 2018-19ലും ഇന്ത്യ ഇതേ മാര്‍ജിനില്‍ തന്നെ വിജയിച്ച് കിരീടം തിരികെയെത്തിച്ചിരുന്നു.

ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയത്തിനാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണിലേക്കെത്തുന്നത്.

2016-17 മുതല്‍ ഇതുവരെ ഇന്ത്യ തന്നെയാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ അധിപന്‍മാര്‍. ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുമ്പോഴും ഓസ്‌ട്രേലിയ ഇന്ത്യയില്‍ പര്യടനത്തിനെത്തുമ്പോഴും തോല്‍വി എപ്പോഴും ഓസ്‌ട്രേലിയക്ക് തന്നെയായിരുന്നു.

ഇപ്പോള്‍ കങ്കാരുക്കള്‍ക്കെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

പെര്‍ത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുക. നവംബര്‍ 22 മുതല്‍ 26 വരെയാണ് മത്സരം.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.

ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്.

 

 

Content Highlight: India need one win to top the list of most test wins by a Asian team in SENA countries