ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് 444 റണ്‍സിന്റെ വിജയലക്ഷ്യം. മത്സരത്തിന്റെ മൂന്നാം ഇന്നിങ്‌സില്‍ ഓസീസ് 270 റണ്‍സിന് ഡിക്ലയര്‍ ചെയ്തതോടെയാണ് ഇന്ത്യക്ക് മുമ്പില്‍ വിജയലക്ഷ്യം കുറിക്കപ്പെട്ടത്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസീസ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 105 പന്തില്‍ നിന്നും പുറത്താകാതെ 66 റണ്‍സ് നേടിയാണ് കാരി ഓസീസ് നിരയില്‍ നിര്‍ണായകമായത്. എട്ട് ബൗണ്ടറിയുള്‍പ്പെടെയാണ് താരം റണ്ണടിച്ചുകൂട്ടിയത്.
അലക്‌സ് കാരിക്ക് പുറമെ മികച്ച ഇന്നിങ്‌സ് പുറത്തെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും (41), മാര്‍നസ് ലബുഷാനും (41), സ്റ്റീവ് സ്മിത്തും (34) ഓസീസ് ഇന്നിങ്‌സില്‍ നിര്‍ണായകമായി.
163 റണ്‍സിന്റെ ലീഡുമായി ബാറ്റിങ് ആരംഭിച്ച ഓസീസ് നാലാം ദിവസം ഡ്രിങ്ക്‌സ് ബ്രേക്കിന് പിന്നാലെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 85 ഓവറില്‍ എട്ട് വിക്കറ്റിന് 270 എന്ന നിലയില്‍ നില്‍ക്കവെയാണ് ഓസീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഇതോടെ അവസാന ഇന്നിങ്‌സില്‍ ഇന്ത്യക്ക് വിജയിക്കാന്‍ 444 റണ്‍സാണ് ആവശ്യമായുള്ളത്.
രവീന്ദ്ര ജഡേജയാണ് ബൗളിങ്ങില്‍ ഇന്ത്യക്കായി തിളങ്ങിയത് നിര്‍ണായകമായ മൂന്ന് വിക്കറ്റുകളാണ് ജഡ്ഡു പിഴുതെറിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റിന് പുറമെ അപകടകാരിയായ കാമറൂണ്‍ ഗ്രീനിന്റെ വിക്കറ്റും ജഡ്ഡു പിഴുതു.
ഇതോടെ 44 വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തിയെഴുതാനും ജഡേജക്കായി. ഇന്ത്യക്കായി ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇടംകയ്യന്‍ സ്പിന്നര്‍ എന്ന റെക്കോഡാണ് താരം നേടിയത്. ഇന്ത്യന്‍ ഇതിഹാസം ബിഷന്‍ സിങ് ബേദിയുടെ റെക്കോഡ് മറികടന്നുകൊണ്ടാണ് ജഡേജ ഈ നേട്ടത്തിന് നേരെ തന്റെ പേരെഴുതിച്ചേര്‍ത്തത്.
സ്റ്റീവ് സ്മിത്തിനെ പുറത്താക്കി ബേദിക്കൊപ്പമെത്തിയ ജഡേജ, ഹെഡിനെ പുറത്താക്കി ബേദിയെ മറികടക്കുകയും ഗ്രീനിനെ മടക്കി തന്റെ റെക്കോഡ് അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇടംകയ്യന്‍ സ്പിന്നര്‍മാര്‍
(താരം – രാജ്യം – വിക്കറ്റ് എന്ന ക്രമത്തില്‍)
രംഗന ഹെറാത്ത് – ശ്രീലങ്ക – 433
ഡാനിയല്‍ വെറ്റോറി – ന്യൂസിലാന്‍ഡ് – 362
ഡെറക് അണ്ടര്‍വുഡ് – ഇംഗ്ലണ്ട് – 297
രവീന്ദ്ര ജഡേജ – ഇന്ത്യ – 268
ബിഷന്‍ സിങ് ബേദി – ഇന്ത്യ – 266
അതേസമയം, രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് മോശമല്ലാത്ത തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 28 റണ്‍സാണ് നേടിയിരിക്കുന്നത്. 15 പന്തില്‍ നിന്നും 14 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 21 പന്തില്‍ നിന്നും 14 റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍.
Content highlight: India need 444 runs to win World Test Championship