ഓസ്‌ല്രേിയയെ മറികടക്കാന്‍ ഇന്ത്യക്ക് വേണ്ടത് 28 പോയിന്റ്
Sports News
ഓസ്‌ല്രേിയയെ മറികടക്കാന്‍ ഇന്ത്യക്ക് വേണ്ടത് 28 പോയിന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th February 2024, 6:45 pm

2024- 2025 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തില്‍ ആദ്യ മത്സരം ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ രണ്ടാം മത്സരം ഇന്ത്യയും വിജയിച്ചിരിക്കുകയാണ്. 5 ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാമതായി നില്‍ക്കുന്നത് ഓസ്‌ട്രേലിയ ആണ്. 10 മത്സരങ്ങളില്‍ നിന്ന് ആറു വിജയവും മൂന്നു തോല്‍വിയും ഒരു സമനിലയും നേടിയ ഓസീസ് 66 പോയിന്റ് ആണ് സ്വന്തമാക്കിയത്. 55 പോയിന്റ് ശതമാനമാണ് ഓസ്‌ട്രേലിയ ഇതോടെ നേടിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസുമായി നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു.

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ് 6 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും രണ്ടു തോല്‍വിയും ഒരു സമനിലയും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. 38 പോയിന്റാണ് ഇന്ത്യ സ്വന്തമാക്കിയത്. 52.77 ശതമാനവും ഇന്ത്യക്ക് ഉണ്ട്.

മൂന്നാം സ്ഥാനത്ത് സൗത്ത് ആഫ്രിക്കയാണ് ഉള്ളത്. രണ്ടു മത്സരങ്ങളില്‍ നിന്നും ഒരു വിജയവും ഒരു തോല്‍വിയുമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. 12 പോയിന്റ് സ്വന്തമാക്കിയ സൗത്ത് ആഫ്രിക്കയ്ക്ക് 50 പോയിന്റ് ശതമാനവും ഉണ്ട്.

നിലവില്‍ ഒമ്പതാം സ്ഥാനത്ത് നില്‍ക്കുന്നത് ശ്രീലങ്കയാണ്. കളിച്ച രണ്ടു മത്സരങ്ങളും തോല്‍വിവഴങ്ങി പൂജ്യം പോയിന്റാണ് ടീമിനുള്ളത്. ഇംഗ്ലണ്ട് എട്ടാം സ്ഥാനത്താണ്. ഏഴു മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും അടക്കം 21 പോയിന്റ് ആണ് ടീമിനുള്ളത്. 25 പോയിന്റ് ശതമാനവും ടീമിനുണ്ട്.

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 106 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 396 റണ്‍സാണ് അടിച്ചെടുത്തത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 253 റണ്‍സിന് തകരുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ശുഭ്മന്‍ ഗില്‍ നേടിയ സെഞ്ച്വറിയിലാണ് ഇന്ത്യ 255 റണ്‍സിലെത്തിയത്. തുടര്‍ബാറ്റിങ്ങില്‍ ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സിന്റെ വിജയ ലക്ഷ്യംമറികടക്കാനാകാതെ 292 റണ്‍സെടുത്താണ് ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്.

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ് ഫെബ്രുവരി 15 മുതല്‍ 19 വരെയാണ് നടക്കുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

 

Content Highlight: India Need 28 Points To Overcome Australia