| Sunday, 11th November 2018, 9:20 pm

പുരാന്റെ പൂരം; ഇന്ത്യയ്ക്ക് ജയിക്കാന്‍ 182 റണ്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി-20യില്‍ ഇന്ത്യയ്ക്ക് 182 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. വിന്‍ഡീസിനായി നികോളാസ് പുരാന്‍ അര്‍ധസെഞ്ചുറി നേടി.

25 പന്തുകള്‍ നേരിട്ട താരം നാലു വീതം ഫോറും സിക്‌സും പായിച്ചാണ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

ഷായ് ഹോപ് (22 പന്തില്‍ 24), ഷിമ്രോന്‍ ഹെയ്റ്റമര്‍ (21 പന്തില്‍ 26), ദിനേഷ് രാംദിന്‍ (15 പന്തില്‍ 15) എന്നിങ്ങനെയാണു പുറത്തായ വിന്‍ഡീസ് താരങ്ങളുടെ സ്‌കോര്‍.

പരമ്പരയിലാദ്യമായി മികച്ച തുടക്കമാണ് വെസ്റ്റ് ഇന്‍ഡീസിന് ലഭിച്ചത്. ഷായ് ഹോപ്, ഹെയ്റ്റ്മര്‍ എന്നിവര്‍ ചേര്‍ന്ന് വിന്‍ഡീസ് സ്‌കോര്‍ അനായാസം 50 കടത്തി. പക്ഷേ സ്‌കോര്‍ 51 ല്‍ നില്‍ക്കെ ഇന്ത്യ ആദ്യ വിക്കറ്റ് വീഴ്ത്തി.

ALSO READ: ഷില്ലോങ് ലജോങിനെ തകര്‍ത്ത് ഗോകുലം കേരള

ചാഹലിന്റെ പന്തില്‍ ഹോപ്, വാഷിങ്ടന്‍ സുന്ദറിന് ക്യാച്ച് നല്‍കി. പിന്നാലെ ചാഹല്‍ രണ്ടാം വിക്കറ്റും വീഴ്ത്തി. ക്രുണാല്‍ പാണ്ഡ്യയ്ക്ക് ക്യാച്ച് നല്‍കിയാണ് ഹെയ്റ്റ്മറിന്റെ പുറത്താകല്‍.

ബ്രാവോയും ദിനേഷ് രാംദിനും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടു നയിക്കാന്‍ ശ്രമിച്ചെങ്കിലും രാംദിനെ വാഷിങ്ടന്‍ സുന്ദര്‍ പുറത്താക്കി. പിന്നാലെയെത്തിയ നിക്കോളാസ് പുരാനെയും കൂട്ടുപിടിച്ച് ബ്രാവോ സ്‌കോര്‍ 150 കടത്തി.

ഇരുവരും നിലയുറപ്പിച്ചതോടെ പൊരുതാവുന്ന സ്‌കോറിലേക്ക് വെസ്റ്റ് ഇന്‍ഡീസ് എത്തിച്ചേരുകയായിരുന്നു.

നേരത്തെ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more