ഗയാന: ട്വന്റി-20 വനിതാ ലോകകപ്പിലെ അയല്‍ രാജ്യങ്ങളുടെ ഗ്ലാമര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 134 റണ്‍സ് റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തീരുമാനം തെറ്റിയില്ല. മുപ്പത് റണ്‍സെടുക്കന്നതിനിടെ മൂന്ന് പേരാണ് കൂടാരം കയറിയിത്. നോണ്‍ എന്ഡിലെ ബാറ്റ്‌സ്മാനുമായുള്ള ആശയക്കുഴപ്പമാണ് പാകിന്റെ രണ്ട് വിക്കറ്റ് തുലച്ചത്.
തുടര്‍ന്നെത്തിയ പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ബിസ്മ മാറൂഫും നിദ ദറും ചേര്‍ന്നൊരുക്കിയ രക്ഷാപ്രവര്‍ത്തനമാണ് പാക്കിന് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
നാല് ഫോറടക്കം 59 റണ്‍സെടുത്ത ബിസ്മയും രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 52 റണ്‍സെടുത്ത നിദ ദറുമാണ് പാക്കിസ്ഥാന്റെ നട്ടെല്ലായത്.
അവസാന ഓവറില്‍ സുന്ദരമായ രണ്ട് സ്റ്റംപിങിലൂടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താനിയ ബാട്ടിയ തിളങ്ങിയതോടെ അയല്‍ക്കാരുടെ സ്‌കോര്‍ 133ല്‍ അവസാനിച്ചു.
ഇന്ത്യയ്ക്കായി ഹേമലതയും പൂനം യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അരുന്ദതി റെഡ്ഢി ഒരു വിക്കറ്റ് വീഴ്ത്തി.
ആദ്യ മത്സരത്തില്‍ ശക്തരായ ന്യുസീലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ രണ്ടാം മത്സരത്തിന് ഇറങ്ങിയത്.