| Monday, 1st March 2021, 2:57 pm

'ഇന്ത്യ ഇടപെടണം, ജനാധിപത്യം തകരുന്നത് ആഭ്യന്തര കാര്യമല്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; പരിഹസിച്ച് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മ്യാന്‍മറിലെ സൈനിക അട്ടിമറിയില്‍ ഇന്ത്യ നിലപാട് ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ജനാധിപത്യം തകരുന്നത് ഇന്ത്യ ഗൗരവമായി എടുക്കണം, മനുഷ്യാവകാശങ്ങളെ ബാധിക്കുന്നത് കൊണ്ട് തന്നെ അതൊരു ആഭ്യന്തര കാര്യമായി മാത്രം പരിഗണിക്കാനാവില്ലെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്.

” മ്യാന്‍മറില്‍ ജനാധിപത്യം തകര്‍ന്നത് ഇന്ത്യയ്ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ ഉറച്ച നിലപാടെടുക്കണം. ജനാധിപത്യത്തെ ശിഥിലമാക്കുന്നത് ആഭ്യന്തര വിഷയമായി മാത്രം എടുക്കാന്‍ കഴിയില്ല. എന്തെന്നാല്‍ അത് മനുഷ്യാവകാശത്തെയും ബാധിക്കുന്നതാണ്. അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് യു.എന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്,” സുബ്രഹ്മണ്യന്‍സാമി ട്വിറ്ററില്‍ എഴുതി.

ഇതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തെ വിമര്‍ശിച്ച് മുന്നോട്ട് വന്നത്. ഇതില്‍ ചിലര്‍ക്ക് സുബ്രഹ്മണ്യന്‍ സ്വാമി മറുപടിയും കൊടുത്തു.

നേപ്പാളിനെക്കുറിച്ചും ശ്രീലങ്കെയെക്കുറിച്ചും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ പറഞ്ഞത് പോലെ മ്യാന്‍മറിനെ ഒരു പ്രത്യേക സംസ്ഥാനമായി ഇന്ത്യയ്ക്ക് കാണാമെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയോട് ഒരാള്‍ പറഞ്ഞത്.

എന്നാല്‍ അത് മ്യാന്‍മറിലെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടില്ല എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ മറുപടി.

ഇന്ത്യയില്‍ തന്നെ ജനാധിപത്യം വലിയ പ്രതിസന്ധിയിലൂടെയാണ് പോകുന്നത്. അങ്ങനെ നില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്ക് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ല. കാരണം അപ്പോള്‍ അന്താരാഷ്ട്ര സമൂഹം നമുക്കുമേല്‍ വിരല്‍ ചൂണ്ടുമെന്ന് മറ്റൊരാള്‍ പറഞ്ഞു.

ഇതിന് ഞങ്ങള്‍ ജനാധിപത്യം തകര്‍ക്കുകയാണ് എന്ന് തോന്നുണ്ടെങ്കില്‍ നിങ്ങള്‍ നന്നാക്കൂ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്.
കേന്ദ്ര സര്‍ക്കാരാണ് ഏകാധിപത്യത്തിലേക്ക് പോകുന്നത് എന്ന വിമര്‍ശനം സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി പേര്‍ ഉന്നയിച്ചു. സുബ്രഹ്മണ്യന്‍ സ്വാമിക്ക് പിന്തുണയുമായും നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്.

മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരെ സംയുക്ത പ്രസ്താവന അംഗീകരിക്കുന്നതില്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പരാജയപ്പെട്ടിരുന്നു. മ്യാന്‍മറിന്റെ പ്രധാന സഖ്യകക്ഷിയും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗവുമായ ചൈന വിട്ടുനിന്നതിനെ തുടര്‍ന്നാണ് സംയുക്ത പ്രസ്താവന ഇറക്കാന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന് സാധിക്കാതിരുന്നത്

ആങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുള്ളവരെ സൈന്യം തടവിലാക്കിയതിന് പിന്നാലെയാണ് യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ചേര്‍ന്നത്.

ജനാധിപത്യത്തെ പിന്തുണച്ച് മ്യാന്‍മറില്‍ പ്രസ്താവന ഇറക്കണമെന്ന ഐക്യരാഷ്ട്ര സഭയുടെ മ്യാന്‍മര്‍ പ്രതിനിധിയുടെ ആവശ്യം പരിഗണിച്ചാണ് പതിനഞ്ചംഗ സുരക്ഷാ കൗണ്‍സിലില്‍ യു.കെ, എഴുതി തയ്യാറാക്കിയ പ്രമേയം പരിഗണിച്ചത്.

തങ്ങള്‍ ഭരണഘടനാപരമായേ പ്രവര്‍ത്തിക്കുകയുള്ളുവെന്നും ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തുമെന്നുമാണ് അട്ടിമറി നീക്കങ്ങള്‍ക്കൊടുവില്‍ സൈന്യം പറഞ്ഞത്.നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നും സൈന്യം ആരോപിച്ചു.

മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സൈന്യം അടിയന്തരമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

2015ലാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവു കൂടിയായ ആങ് സാന്‍ സൂചി അധികാരത്തിലെത്തുന്നത്. പിന്നീട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോടുള്‍പ്പെടെയുള്ള അവരുടെ നയങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India must interfere in Myanmar; Says BJP leader Subramanian Swamy

We use cookies to give you the best possible experience. Learn more