അയോധ്യ: ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണം, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉടനെ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതി അയോധ്യയിലെ സന്യാസി മഹന്ത് പരംഹന്‍സ് ദാസ്.
തന്റെ ആവശ്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ തന്നെ ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്നും കത്തിലുണ്ട്. രാഷ്ട്രപതിക്ക് പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അയോധ്യ ജില്ലാ മജിസ്ട്രേറ്റ് എന്നിവര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാണെന്ന് പ്രഖ്യാപിക്കുക, രാമായണത്തെ ദേശീയ ഇതിഹാസമായി പ്രഖ്യാപിക്കുക, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം, എല്ലാ സിലബസിലും രാമായണം ഉള്‍പ്പെടുത്തുക, പശുവിനെ സംരക്ഷിത ദേശീയ അസ്തിത്വമായി പ്രഖ്യാപിക്കുക, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക, പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം തുടങ്ങിയവയാണ് മഹന്ത് പരംഹന്‍സിന്റെ ആവശ്യങ്ങള്‍.
രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണിതെന്നും രാജ്യത്തിന് മറ്റൊരു വിഭജനം ഉണ്ടാവരുതെന്ന് കരുതിയുമാണ് ഈ കത്തെന്നും ഇയാള്‍ പറയുന്നു. ഈ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ലെങ്കില്‍ തന്റെ ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും കത്തില്‍ എഴുതിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.
നേരത്തെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ നിരാഹാര സമരം നടത്തിയിരുന്നു. പിന്നീട് ആരോഗ്യം മോശമായതോടെ പൊലീസ് ഇടപെടുകയും സമരം അവസാനിപ്പിക്കുകയുമായിരുന്നു.
നേരത്തെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമന്ന് പുരി ശങ്കരാചാര്യ പീഠാധിപതി സ്വാമി നിശ്ചലാനന്ദ സരസ്വതിയും ആവശ്യപ്പെട്ടിരുന്നു. ആര്‍.എസ്.എസ് നിരന്തരം മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളാണ് ഇതെല്ലാം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ