| Sunday, 18th December 2022, 2:01 pm

ഇനി വേണ്ടത് ജീവന്‍ കൊടുത്തും നേടേണ്ട നാല് വിജയങ്ങള്‍; രണ്ടാം സ്ഥാനത്തേക്ക് പറന്നിറങ്ങി ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ വിജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മുന്നേറ്റം. ഓസ്‌ട്രേലിയക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തേക്കാണ് ഇന്ത്യ കുതിച്ചു കയറിയത്.

ബംഗ്ലാദേശിനെതിരായ വിജയം മാത്രമല്ല, ഓസീസ് സൗത്ത് ആഫ്രിക്കയെ തോല്‍പിച്ചതും ഇന്ത്യക്ക് തുണയായി. നിലവില്‍ 55.77 വിജയശതമാനമാണ് ഇന്ത്യക്കുള്ളത്. 54.55 വിജയശതമാനമാണ് മൂന്നാം സ്ഥാനത്തുള്ള പ്രോട്ടീസിനുള്ളത്.

ഇനി നടക്കാനിരിക്കുന്ന അഞ്ച് മത്സരത്തില്‍ നാലെണ്ണത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് കുതിക്കാനും കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാനും ഇന്ത്യക്ക് അവസരമൊരുങ്ങും.

ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരക്ക് ശേഷം ഓസ്ട്രേലിയക്കെതിരെ നാല് മത്സരങ്ങളുടെ പരമ്പരയുമാണ് ഇന്ത്യ കളിക്കുക.

2023 ജൂണില്‍ ലണ്ടനിലെ ഓവലില്‍ വെച്ചാണ് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഈ സൈക്കിളിന്റെ ഫൈനല്‍ മത്സരം അരങ്ങേറുക.

ചാറ്റോഗ്രാമില്‍ വെച്ച് നടന്ന ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 188 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശിനെ 324 റണ്‍സിന് പുറത്താക്കിയതോടെയാണ് ഇന്ത്യ 188 റണ്‍സിന്റെ വിജയമാഘോഷിച്ചത്.

അവസാന ദിവസം നാല് വിക്കറ്റ് കയ്യിലിരിക്കെ 90 ഓവറില്‍ 241 റണ്‍സ് നേടിയാല്‍ വിജയിക്കാം എന്നുറപ്പിച്ചാണ് ബംഗ്ലാദേശ് കളത്തിലിറങ്ങിയത്. എന്നാല്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റും വീണതോടെ ബംഗ്ലാദേശ് തോല്‍വി സമ്മതിച്ചു.

അതേസമയം, ഗാബയില്‍ വെച്ച് നടന്ന ഓസ്‌ട്രേലിയ-സൗത്ത് ആഫ്രിക്ക മത്സരത്തില്‍ പ്രോട്ടീസ് അടിത്തറയില്ലാതെ പരാജയപ്പെട്ടതും ഇന്ത്യക്ക് ഗുണമായി.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനിയച്ച ഓസീസ് സന്ദര്‍ശകരെ വെറും 152 റണ്‍സിന് പുറത്താക്കി. മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യ ഇന്നിങ്‌സില്‍ 218 റണ്‍സായിരുന്നു ഓസീസ് നേടിയത്.

ആദ്യ ഇന്നിങ്‌സിനേക്കാള്‍ പരിതാപകരമായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ പ്രോട്ടീസിന്റെ അവസ്ഥ. കേവലം മൂന്ന് പേര്‍ മാത്രമാണ് സൗത്ത് ആഫ്രിക്കന്‍ നിരയില്‍ ഇരട്ടയക്കം കണ്ടത്. 36 റണ്‍സ് നേടി പുറത്താകാതെ നിന്ന ഖായ സോണ്ടോയായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ പ്രോട്ടീസിന്റെ ടോപ് സ്‌കോറര്‍.

രണ്ടാം ഇന്നിങ്‌സില്‍ 99 റണ്‍സിന് പ്രോട്ടീസ് ഓള്‍ ഔട്ടായപ്പോള്‍ 35 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് നാല് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. കേവലം ഒന്നര ദിവസം കൊണ്ടാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് അവസാനിച്ചത്.

ഇതോടെ, മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഓസീസിനായി. ഡിസംബര്‍ 26നാണ് പരമ്പരയിലെ അടുത്ത മത്സരം. മെല്‍ബണാണ് രണ്ടാം ടെസ്റ്റിന് വേദിയാകുന്നത്.

Content Highlight: India moves to second position in WTC

Latest Stories

We use cookies to give you the best possible experience. Learn more