ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3000 കടന്നു. ഇതുവരെ 3075 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 601 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 77 ആയി ഉയര്‍ന്നു.
നിലവില്‍ 2784 പേരാണ് ചികിത്സയിലുള്ളത്. അതില്‍ 213 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ ദിവസം 79,950 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം രോഗം ബാധിച്ചവരില്‍ 41 ശതമാനവും 21 വയസ്സിനും 40നും ഇടയില്‍ പ്രായമുള്ളവരാണ്.
അതേസമയം രാജ്യത്ത് റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഐ.സി.എം.ആര്‍ പുറത്തുവിട്ടിരുന്നു. റാപ്പിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആണെങ്കില്‍ സാമ്പിള്‍ പി.സി.ആര്‍ ടെസ്റ്റിന് കൂടി വിധേയമാക്കണമെന്നും ഐ.സി.എം.ആര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
രണ്ടാമത്തെ ടെസ്റ്റ് കൂടി അറിഞ്ഞ ശേഷമേ ഫലം നെഗറ്റീവ് ആണെന്ന് പറയാന്‍ സാധിക്കൂ എന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈ ബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം രാജ്യത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 30 ശതമാനവും റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് തബ്‌ലീഗ് സമ്മേളത്തില്‍ പങ്കെടുത്തവര്‍ക്കാണെന്നും കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 1023 കേസുകളാണ് തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് കിടക്കുന്നത്.
ഒരു ദിവസം 10,000 പരിശോധനകള്‍ വരെ നടത്തി കൊവിഡ് കണ്ടെത്താനുള്ള സാഹചര്യം ഉണ്ടാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതേസമയം ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും സാമൂഹ്യ അകലം കര്‍ശനമായും പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.