ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയുടെ ഏറ്റവും വിശിഷ്ട നേതാക്കളിലൊരാളായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
എളിയ സാഹചര്യങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന അദ്ദേഹം ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി ഉയര്‍ന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. ധനമന്ത്രി ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദവികളില്‍ മന്‍മോഹന്‍ സിങ് സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും പ്രധാമന്ത്രി പറഞ്ഞു.
പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഉള്‍ക്കാഴ്ചയുള്ളതായിരുന്നുവെന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം വിപുലമായ ശ്രമങ്ങള്‍ നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദല്‍ഹി എയിംസില്‍ വെച്ചായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യം. ഇന്ന് (വ്യാഴാഴ്ച) എട്ട് മണിയോടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തിയെങ്കിലും 9.51 ഓടെ മരണം സംഭവിക്കുകയായിരുന്നു.
നിലവില്‍ കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി, ജെ.പി. നദ്ദ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദല്‍ഹി എയിംസില്‍ എത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എയിംസിലേക്ക് തിരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബെലഗാമിയില്‍ തുടരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ദല്‍ഹിയിലേക്ക് തിരിക്കാന്‍ തീരുമാനിച്ചതായും വിവരമുണ്ട്.
Content Highlight: India mourns death of Manmohan Singh: PM