ന്യൂദല്‍ഹി: ലോകത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത രാജ്യം ഇന്ത്യയാണെന്ന് ആഗോള സര്‍വ്വേ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍.
തോംസണ്‍ റോയിട്ടേഴ്‌സാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കലാപബാധിത പ്രദേശങ്ങളായി അറിയപ്പെടുന്ന അഫ്ഗാനിസ്ഥാനിലും സിറിയയിലും സത്രീകള്‍ ഇന്ത്യയിലേക്കാള്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്ത്രീകള്‍ക്ക് നേരേയുള്ള ലൈംഗിക പീഡനവും, അടിമപ്പണിയും ഇപ്പോഴും രാജ്യങ്ങളില്‍ നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്ക് നേരേയുള്ള അക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആദ്യ പത്ത് രാജ്യങ്ങളില്‍ അമേരിക്കയും ഉള്‍പ്പെടുന്നു.
READ MORE: അമ്മ കുറ്റാരോപിതനൊപ്പം നില്‍ക്കുന്നു, സംഘടനയില്‍ തുടര്‍ന്ന് പോകാന്‍ താല്‍പര്യമില്ല; റിമ കല്ലിങ്കല്‍
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ലൈംഗികാതിക്രമങ്ങളാണ്. അമേരിക്കയില്‍ നടന്ന മീ ടു ക്യംപയിന്‍ ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് നേരേ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച രേഖകള്‍ സമാഹരിക്കാന്‍ സഹായിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇതിനു മുമ്പ് 2011 ല്‍ നടത്തിയ റോയിട്ടേഴ്‌സ് നടത്തിയ സര്‍വ്വേയില്‍ അഫ്ഗാനിസ്ഥാനായിരുന്നു സ്ത്രീ സുരക്ഷ തീരെയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് ആയിരുന്നത്.
അതേസമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ ഇപ്പോള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദല്‍ഹിയിലെ നിര്‍ഭയ മുതല്‍ കേരളത്തില്‍ ഈയിടെ കൊല്ലപ്പെട്ട വിദേശവനിതയുടെ കേസുള്‍പ്പടെ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. രാജ്യത്ത് ഓരോ മണിക്കൂറിലും നാല് ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മനുഷ്യക്കടത്തും ഗാര്‍ഹികപീഡനവും ശൈശവ വിവാഹവും ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ആശുപത്രികള്‍ കേന്ദ്രീകരിച്ച് പെണ്‍ഭ്രൂണഹത്യ വര്‍ധിക്കുന്നതായും പഠനത്തില്‍ പറയുന്നു.
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.