| Friday, 16th May 2014, 8:10 pm

ഇന്ത്യ 'മോഡി' പിടിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]
യൂഡല്‍ഹി: രാജ്യത്ത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം അധികാരത്തിലേക്ക്. കേവല ഭൂരിപക്ഷം തികയ്ക്കാനുളള മാന്ത്രികസംഖ്യയായ 272 ഒറ്റയ്ക്ക് മറികടന്ന ബിജെപിക്ക അധികാരത്തിലേറുന്നതിനു മറ്റു തടസങ്ങളൊന്നും ഇല്ല.

ഗുജറാത്ത് ഉള്‍പ്പെടെയുള്ള ശക്തികേന്ദ്രങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ബിജെപി രാജ്യത്തിന്റെ ഭരണചക്രം തിരിക്കാന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ തിരിച്ചടികളില്‍ ഒന്നായി മാറി ഈ തെരഞ്ഞെടുപ്പു ഫലം.

വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 280 ലധികം സീറ്റുകളില്‍ ബിജെപി ഒറ്റയ്ക്ക് വിജയിക്കുകയോ വ്യക്തമായ മുന്നേറ്റമുണ്ടാക്കുകയോ ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസിന് 48 സീറ്റുകള്‍ മാത്രമാണ് ഒറ്റക്ക് നേടാന്‍ കഴിഞ്ഞത്. ബി.എസ്.എപിയും സമാജ്് വാദി പാര്‍ട്ടിയും ആര്‍ജെഡിയും ആം ആദ്മി പാര്‍ട്ടിയും ജനതാദള്‍ യുണൈറ്റഡുമൊക്കെ മോഡി തരംഗത്തില്‍ തകര്‍ന്നടിഞ്ഞു.

ബിഹാറിലെ നാല്‍പതു സീറ്റുകളില്‍ ബിജെപി 30 സീറ്റുകളും നേടി. ആര്‍ജെഡി എട്ടു സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് രണ്ടു സീറ്റുകളില്‍ ഒതുങ്ങി. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിട്ട ജെഡിയുവിനും തെരഞ്ഞെടുപ്പു ഫലം അപ്രതീക്ഷിതമായ ആഘാതമായി. ഗുജറാത്തിലെയും (26) ഡല്‍ഹിയിലെയും (7) മുഴുവന്‍ സീറ്റുകളും ബിജെപി തൂത്തുവാരി. മഹാരാഷ്ട്രയില്‍ 48 സീറ്റുകളില്‍ 44 ഉം ബിജെപി വിജയിച്ചു. കഴിഞ്ഞ തവണത്തെക്കാളും 23 സീറ്റുകളാണ് ബിജെപിക്കു ഇവിടെ ലഭിച്ചത് മധ്യപ്രദേശിലും പാര്‍ട്ടി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 29 സീറ്റുകളില്‍ 27 ഉം ബിജെപിക്ക് അനുകൂലമാകുന്ന നിലയിലാണ്. കഴിഞ്ഞ തവണ 16 സീറ്റുകള്‍ മാത്രമാണ് ഇവിടെ ബിജെപിക്ക് നേടാന്‍ കഴിഞ്ഞിരുന്നത്.

പത്തു വര്‍ഷത്തിനു ശേഷമാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നത്.

30 വര്‍ഷത്തിനു ശേഷം ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിച്ചുവെന്ന വസ്തുത ബിജെപിയുടെ വിജയത്തിന് തിളക്കം പകരുന്നു. കേരളവും ചത്തീസ്ഗഡുമാണ് കോണ്‍ഗ്രസിനെ കൈവിടാത്ത രണ്ടു സംസ്ഥാനങ്ങള്‍.

ഹിന്ദി മേഖലയിലെ പ്രാദേശിക കക്ഷികള്‍ നിലംപരിശായി എന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ സ്വാധീനമറിയിച്ച ആം ആദ്മി പാര്‍ട്ടി ഒരു സ്വാധീനശക്തി ആയില്ലെന്നതും ശ്രദ്ധേയമാണ്.

ബിഎസ്.പിക്ക് ഉത്തര്‍പ്രദേശില്‍ അക്കൗണ്ട് തുറക്കാന്‍ പോലും ഇത്തവണ കഴിഞ്ഞില്ല. 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 73 സീറ്റും ബി.ജെ.പി നേടി. ബീഹാറില്‍ നിന്ന് ബി.ജെ.പിയ്ക്ക് ലഭിച്ചത് 30 എം.പിമാരെയാണ്.

കഴിഞ്ഞ തവണ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ സഹായിച്ച ആന്ധ്രയില്‍ ഇത്തവണ കോണ്‍ഗ്രസിനു നേട്ടമുണ്ടാക്കാനായില്ല. തെലുങ്കാന മേഖലയില്‍ ടി.ആര്‍.എസും സീമാന്ധ്ര മേഖലയില്‍ ട.ിഡി.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസുമാണ് നേട്ടമുണ്ടാക്കിയത്.

ആമആദ്മി പാര്‍ട്ടിയ്ക്ക് പഞ്ചാബില്‍ മാത്രമാണ് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത് എന്നതും ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്.

ഹരിയാനയിലെ പത്ത് സീറ്റുകളില്‍ ഏഴും ജാര്‍ഖണ്ഡിലെ 14 സീറ്റുകളില്‍ 12 ഉം കര്‍ണാടകയിലെ 28 സീറ്റുകളില്‍ 17 ഉം ബിജെപി സ്വന്തമാക്കി. ഇടതുപക്ഷത്തിന് നേരിട്ട തകര്‍ച്ചയും ഈ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയാമായി.

ബംഗാളില്‍ മമത സീറ്റുകള്‍ വാരിക്കോരി നേടിയപ്പോള്‍ ഇടതുപക്ഷത്തിന് ലഭിച്ചത് രണ്ട് സീറ്റ് മാത്രമാണ്. രണ്ടാം യു.പി.എ സര്‍ക്കാരിലെ മുപ്പതോളം മന്ത്രിമാര്‍ പരാജയപ്പെട്ടു. അതില്‍തന്നെ ഏറ്റവും ശ്രദ്ധേയം സച്ചിന്‍ പൈലറ്റിന്റെ തോല്‍വിയാണ്.

മോഡി ക്യാമ്പിലെ പ്രമുഖനായ അരുണ്‍ ജെയ്റ്റലി പഞ്ചാബിലെ അമൃത്‌സറില്‍ നിന്നും പരാജയപെട്ടു.

We use cookies to give you the best possible experience. Learn more