| Monday, 17th October 2016, 11:12 am

ഭീകരതയുടെ മൊത്തക്കച്ചവടക്കാരെന്ന പരാമര്‍ശം; മോദിക്ക് മറുപടിയുമായി പാക്കിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രിക്‌സ് രാജ്യങ്ങളെ മോദി തെറ്റിദ്ധരിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. കാശ്മീരില്‍ നടക്കുന്ന സംഭവങ്ങള്‍ മറച്ചുവെക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അസീസ് ആരോപിച്ചു. 


ഇസ്‌ലാമാബാദ്: ഗോവയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പാക്കിസ്ഥാന്‍ ഭീകരതയുടെ മൊത്തക്കച്ചവടക്കാരാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസ്.

ബ്രിക്‌സ് രാജ്യങ്ങളെ മോദി തെറ്റിദ്ധരിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. കാശ്മീരില്‍ നടക്കുന്ന സംഭവങ്ങള്‍ മറച്ചുവെക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അസീസ് ആരോപിച്ചു.

തീവ്രവാദം നേരിടുന്നതിന് ബ്രിക്‌സ് അംഗരാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പാക്കിസ്ഥാന്‍ എക്കാലത്തും തയ്യാറാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. തീവ്രവാദികളെ പാക്കിസ്ഥാന്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഭീകരര്‍ക്കെതിരെ പോരാട്ടം നടത്തുമെന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പാക്ക് മണ്ണില്‍ ഇന്ത്യന്‍ പിന്തുണയോടെ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. കാശ്മീരില്‍ നടക്കുന്ന സംഭവങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭ അന്വേഷണ സംഘത്തെ അയയ്ക്കണമെന്നും സര്‍ത്താജ് അസീസ് ആവശ്യപ്പെട്ടു.

അതിനിടെ ബ്രിക്‌സ് ഉച്ചകോടിയ്ക്കുശേഷം അംഗരാജ്യങ്ങള്‍ ചേര്‍ന്ന് ഇറക്കിയ പ്രഖ്യാപനത്തില്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നിവയെക്കുറിച്ചുള്ള പരാമര്‍ശം ഉള്‍പ്പെടുത്താന്‍ ഇന്ത്യ നടത്തിയ ശ്രമം വിജയിച്ചില്ല. ചൈനയുടെ നിലപാടുകളാണ് നീക്കത്തിന് തടസമായത്.

We use cookies to give you the best possible experience. Learn more