ഭുവനേശ്വര്‍: ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഒരു സ്വപ്‌ന സാക്ഷാത്കാരത്തിനായാണ് കാത്തിരിക്കുന്നത്. ഇന്ന് ഏഴുമണിക്ക് നെതര്‍ലന്‍ഡിനെ കീഴടക്കിയാല്‍ 43 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് സെമിഫൈനല്‍ പ്രവേശം ഉറപ്പിക്കാം. ടൂര്‍ണമെന്റില്‍ മികച്ച ഫോമിലാണ് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തില്‍ ശക്തരായ ബെല്‍ജിയത്തെ അട്ടിമറിച്ചാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്.
എന്നാല്‍ ചരിത്രവും മുന്‍കാല കണക്കുകളും ഇന്ത്യയ്ക്ക് അനുകൂലമല്ല. അവസാനമായി 1975ലാണ് ഇന്ത്യ കപ്പുയര്‍ത്തിയത് അതിന് ശേഷം ഇന്ത്യ ഇതുവരെ അവസാന നാലില്‍ എത്തിയിട്ടില്ല.
നെതര്‍ലന്‍ഡിനെതിരേയും ഇന്ത്യയ്ക്ക് മികച്ച റെക്കോര്‍ഡൊന്നും അവകാശപ്പെടാനില്ല. ഇതുവരെ ഇന്ത്യയ്ക്ക് നെതര്‍ലന്‍ഡിനെതിരെ ലോകകപ്പില്‍ ജയിക്കനായാട്ടില്ല. അതേസമയം സ്വന്തം കാണികള്‍ക്ക് മുന്നിലെന്ന ഒരേയൊരു ആനുകൂല്യം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്.
എന്നാല്‍ റാങ്കിങില്‍ ഇന്ത്യയ്ക്ക് ഒരുപടി പിന്നിലുള്ള നെതര്‍ലന്‍ഡിനെ തോല്‍പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ഗോളടിക്കാനുള്ള മികവിലും സ്ഥിരതയിലും ഇന്ത്യ തന്നെയാണ് മുമ്പില്‍. ഇതിന് മുമ്പ് ആറുവട്ടം ഇരുവരും ലോകകപ്പില്‍ നേര്‍ക്ക് വന്നു. അതില്‍ അഞ്ച് തവണ ഇന്ത്യ തോറ്റപ്പോള്‍ ഒരുവട്ടം സമനിലയില്‍ പിരിഞ്ഞു. ആകെ 105 തവണ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 48 കളിയില്‍ ഓറഞ്ച് പടയും 33 എണ്ണത്തില്‍ ഇന്ത്യയും ജയിച്ചു. 24 എണ്ണം സമനിലയില്‍ പിരിയുകയും ചെയ്തു.
പൂള്‍ സിയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി ഇന്ത്യ നോക്കൗട്ടിലെത്തിയപ്പോള്‍ നെതര്‍ലന്‍ഡ് ജര്‍മനിക്ക്് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് എത്തിയത്.
ക്യാപ്റ്റന്‍ ബില്ലി ബാകര്‍, സിവ് വാന്‍ ആസ്, ജെറോന്‍ ഹെര്‍ട്‌സ്ബര്‍ഗര്‍, മിര്‍കോ പ്രൂസര്‍ തിയറി ബ്രിങ്ക്മാന്‍ എന്നിവരുടെ പരിചയ സമ്പത്താണ് ഡച്ച് പടയുടെ കരുത്ത്. എന്നാല്‍ യുവത്വവും ആക്രമണോത്സുകതയുമാണ് ഇന്ത്യയുടെ പ്ലസ് പോയന്റ്. ടൂര്‍ണമെന്റില്‍ മൂന്ന് ഗോള്‍ നേടിയ സിമ്രന്‍ജിത് സിങിലും ലളിത് ഉപദ്യായിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ.
നെതര്‍ലന്‍ഡ്-ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയികള്‍ക്ക് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ഇന്ന് നടക്കുന്ന മറ്റൊരു ക്വാര്‍ട്ടര്‍ പോരില്‍ ജര്‍മനി ബെല്‍ജിയത്തെ നേരിടും.