| Thursday, 13th November 2014, 4:00 pm

ലോക വ്യാപാരക്കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കാന്‍ സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോകവ്യാപാരക്കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കാന്‍ വഴിയൊരുങ്ങുന്നതായി വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍. രാജ്യാന്തര ചരക്കുനീക്കം സുഗമമാക്കുന്നതും കസ്റ്റംസ് പരിശോധനകള്‍ ഉദാരമാക്കുന്നതിനുമാണ് കരാര്‍ ലക്ഷ്യമിടുന്നത്.

ഭക്ഷ്യ വസ്തുക്കളുടെ സംഭരണവുമായി ബന്ധപ്പെട്ട കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചിരുന്നു. യു.എസുമായുള്ള കരാറില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കരാര്‍ പൂര്‍ണമായിട്ടില്ലെന്നും അത് ശരിയാക്കണമെന്നും സീതാരാമന്‍ പറഞ്ഞു.

ഭക്ഷ്യ സുരക്ഷയ്ക്കാവശ്യമായ ശാശ്വത പരിഹാരമാണ് ഇന്ത്യ തേടുന്നത്. കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിര്‍ദേശം ഡബ്ല്യൂ.ടി.ഒ കൗണ്‍സിലിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സീതാരാമന്‍ വ്യക്തമാക്കി.

ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ഡബ്ല്യൂ ടി ഒ ജനറല്‍ കൗണ്‍സില്‍ വിലയിരുത്തും. തുടര്‍ന്നാവും ഇന്ത്യ കരാറില്‍ ഒപ്പിടുക. കൗണ്‍സിലില്‍ ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍ അമേരിക്ക പിന്തുണയ്ക്കുമെന്നും നിര്‍മ്മല സീതാരാമന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ലോക വ്യാപരക്കരാറില്‍ ഒപ്പുവെക്കുന്നതിനുള്ള നീക്കങ്ങള്‍ ഇന്ത്യ ജൂലായ് അവസാനത്തോടെ തുടങ്ങിയിരുന്നുവെങ്കിലും വിവിധ വിഷയങ്ങള്‍മൂലം തടസപ്പെടുകായിരുന്നു. കാര്‍ഷിക സബ്‌സിഡി, ധാന്യസംസ്‌കരണം തുടങ്ങിയവ ആയിരുന്നു പ്രധാന തടസങ്ങള്‍.

We use cookies to give you the best possible experience. Learn more