| Tuesday, 1st November 2022, 8:29 am

പട്ടേലായിരുന്നു ആദ്യ പ്രധാനമന്ത്രിയെങ്കില്‍ ഇന്ന് രാജ്യം നേരിടുന്ന പല പ്രശ്നങ്ങളും ഉണ്ടാവില്ലായിരുന്നു: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സര്‍ദാര്‍ വല്ലഭായി പട്ടേലായിരുന്നു ആദ്യ പ്രധാനമന്ത്രിയെങ്കില്‍ ഇന്ന് രാജ്യം നേരിടുന്ന പല പ്രശ്നങ്ങളും ഉണ്ടാവില്ലായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ജയന്തിയുമായി ബന്ധപ്പെട്ട് ദല്‍ഹി സര്‍ദാര്‍ പട്ടേല്‍ വിദ്യാലയയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലിന് രാജ്യത്തെക്കുറിച്ചുണ്ടായിരുന്ന വീക്ഷണത്തേക്കുറിച്ചും അത് പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹം അനുഭവിച്ച കഠിന്വാധാനത്തെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ വായിച്ചറിയണമെന്നും അമിത് ഷാ പറഞ്ഞു.

‘അമുല്‍ പോലെയൊരു സഹകരണസംഘം വളര്‍ത്തുന്നതിലെ യഥാര്‍ത്ഥ പ്രചോദനം പട്ടേലായിരുന്നു. സഹകരണസംഘങ്ങള്‍ രാജ്യത്ത് പ്രാവര്‍ത്തികമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചതും അദ്ദേഹമാണ്. പട്ടേലില്ലായിരുന്നെങ്കില്‍ രാജ്യത്തിന്റെ ഭൂപടം ഇന്ന് കാണുന്ന അവസ്ഥയിലായിരിക്കില്ല. അദ്ദേഹമാണ് ലക്ഷദ്വീപ്, ജോദ്പുര്‍, ഹൈദരാബാദ്, കശ്മീര്‍ തുടങ്ങിയ പ്രദേശങ്ങളെയെല്ലാം രാജ്യത്തിനൊപ്പം ചേര്‍ത്തിയത്,’ എന്നും അമിത് ഷാ പറഞ്ഞു.

ലോകത്തിലെ എല്ലാഭാഷകളും പഠിച്ചാലും നമ്മള്‍ മാതൃഭാഷയെ ഉപേക്ഷിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് അറിയാത്തതില്‍ അനാവശ്യമായ അപകര്‍ഷതാബോധം നമുക്ക് തോന്നേണ്ടതില്ല. മറിച്ച് നമ്മുടെ മാതൃഭാഷയെ നാം ജീവനോടെ നിലനിര്‍ത്തണം. വീടുകളില്‍ മാതൃഭാഷ തന്നെ ഉപയോഗിക്കണമെന്ന് മാതാപിതാക്കളും അധ്യാപകരുമടങ്ങുന്ന സദസ്സിനോട് ഷാ ആവശ്യപ്പെട്ടു.

മോദി സര്‍ക്കാര്‍ ഭരണഘടനയും ജനാധിപത്യവും ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുകയാണ്. രാജ്യസുരക്ഷ വര്‍ധിപ്പിച്ചതായും ഇന്ത്യന്‍ അതിര്‍ത്തിയില്‍ കണ്ണുവെക്കാന്‍ ഒരാള്‍ പോലും ധൈര്യപ്പെടുകയില്ലെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു.

സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വികസനത്തില്‍ എവിടെയാവണമെന്ന് നാം തീരുമാനിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മോര്‍ബി അപകടത്തിന്റെ പശ്ചാത്തലത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ അടുത്ത് ഷാ തന്റെ അനുശോചനം രേഖപ്പെടുത്തി.

2014 മുതല്‍ സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനായി രാഷ്ട്രീയ എക്താ ദിവസമായി ആചരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

Content Highlight: India may not have faced many problems if Patel was first PM, says Amit Shah

We use cookies to give you the best possible experience. Learn more