| Monday, 25th December 2023, 9:00 pm

2025ഓടെ ബാലവേല ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര ലക്ഷ്യം കൈവരിക്കാൻ ഇന്ത്യക്ക് സാധിക്കില്ലെന്ന് പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: 2025ഓടെ ബാലവേല നിർത്തലാക്കണമെന്ന അന്താരാഷ്ട്ര ലക്ഷ്യം പൂർത്തിയാക്കാൻ പ്രായോഗികമായി ഇന്ത്യക്ക് സാധ്യമല്ലെന്ന് പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ട്.

ബാലവേല സംബന്ധിച്ച ദേശീയ നയത്തിന്റെ 52-ാമത് റിപ്പോർട്ടിലാണ് തൊഴിൽ, ടെക്സ്റ്റൈൽസ്, നൈപുണ്യ വികസനത്തിലെ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ഈ കാര്യം അറിയിച്ചത്.

ബാലവേലയുടെ നിലവിലെ സാഹചര്യം വിലയിരുത്തിയാണ് കമ്മിറ്റി അന്തിമ നിഗമനത്തിലെത്തിയത്. റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചു.

നിർബന്ധിത വേലയും മനുഷ്യക്കടത്തും ബാലവേലയും 2025ഓടെ അവസാനിപ്പിക്കാൻ സർക്കാർ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്ന് ബർത്രുഹരി മഹ്തബ് അധ്യക്ഷനായ കമ്മിറ്റി ആവശ്യപ്പെട്ടു.

ശിക്ഷാവിധികൾ പരിഷ്കരിച്ചിട്ടും ബാലവേല തുടരുന്നുണ്ടെന്നും രക്ഷിച്ചു കൊണ്ടുവരുന്ന കുട്ടികളെ വീണ്ടും അതേ ജോലിയിൽ തന്നെ നിയമിക്കുന്നുണ്ടെന്നും എൻ.ജി.ഒകൾ അറിയിച്ചതായി കമ്മിറ്റി പറഞ്ഞു.

മൂന്നോ നാലോ ഇരട്ടി പിഴ ചുമത്തണമെന്നും ലൈസൻസ് റദ്ദാക്കുകയും ആസ്തികൾ കണ്ടുകെട്ടുന്നതും ഉൾപ്പെടെയുള്ള കർശനമായ ശിക്ഷ നടപടികൾ ഉണ്ടാകണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു.

2011ലെ സെൻസസ് പ്രകാരം 1.01 കോടി കുട്ടികളാണ് വിവിധ മേഖലകളിലായി ഇന്ത്യയിൽ ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്നത്.

Content Highlight: India may miss international target of eliminating child labour by 2025

We use cookies to give you the best possible experience. Learn more