| Tuesday, 24th March 2020, 12:15 pm

നിലവിലെ അവസ്ഥയില്‍ മേയ് പകുതിയോടെ ഇന്ത്യയില്‍ കൊവിഡ് -19 ബാധിതര്‍ 13 ലക്ഷമാകും; അതിജാഗ്രത വേണമെന്ന് വ്യക്തമാക്കി ശാസ്ത്രജ്ഞരുടെ പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിലവിലെ അവസ്ഥയില്‍ മേയ് മധ്യത്തോടെ ഇന്ത്യയില്‍ 13 ലക്ഷം കൊവിഡ് 19 ബാധിതര്‍ ഉണ്ടാകുമെന്ന് പഠനം. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍മാരുടേതാണ് ഈ കണ്ടെത്തല്‍.

1.4 ബില്യണ്‍ ജനങ്ങളുള്ള രാജ്യത്ത് കൊവിഡ് 19 കേസുകള്‍ വരുന്ന ആഴ്ചകളില്‍ കുത്തനെ ഉയരുകയും ആരോഗ്യ വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കുകയും ചെയ്യുമെന്ന ആശങ്ക ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യ കൊവിഡ് 19 നെ നേരിടുന്നതില്‍ ഇനിയും ജാഗ്രത കാണിക്കണമെന്നും കൂടുതല്‍ പരിശേധനകള്‍ക്ക് സജ്ജമാക്കണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

കൊവിഡ് നിര്‍ണയിക്കുന്നതില്‍ ഇന്ത്യ മികച്ച നിലവാരം കാണിക്കുന്നുണ്ടെങ്കിലും ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് രാജ്യം പോകുന്നതെന്ന് വേദനയോടെ മനസിലാക്കണമെന്ന് പഠനത്തില്‍ പങ്കാളിയായ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബയോസ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് എപ്പിഡമോളജി പ്രൊഫസര്‍ ഭ്രാമര്‍ മുഖര്‍ജി പറയുന്നു.

വൈറസ് ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് അന്വേഷിക്കുന്ന ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടേയും സംഘമായ കൊവ്-ഇന്‍ഡ്-19 ആണ് പഠനം നടത്തിയത്. അമേരിക്കന്‍ മാധ്യമത്തില്‍ ശനിയാഴ്ചയാണ് പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം കൊവിഡ് 19 വൈറസ് വ്യാപിക്കുന്നതിന്റെ വേഗത അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. എന്നാല്‍ പ്രതീക്ഷ കൈവിടേണ്ടതില്ലെന്നും വൈറസിനെ വരുതിയിലാക്കാന്‍ പറ്റുമെന്നും ലോകാരോഗ്യസംഘടനാ അധ്യക്ഷന്‍ ടെഡ്രോസ് അധാനം പറഞ്ഞു.

കര്‍ശനമായ പരിശോധനയും സമ്പര്‍ക്കരേഖകള്‍ ശേഖരിക്കുന്നതും രാജ്യങ്ങള്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത് 67 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് ഒരു ലക്ഷം വൈറസ് ബാധിതര്‍ ലോകത്താകമാനം ആയതെങ്കില്‍ അടുത്ത ഒരു ലക്ഷം പേരിലേക്ക് രോഗം പകരാന്‍ 11 ദിവസവും പിന്നീടുള്ള ഒരു ലക്ഷം പേരിലേക്ക് പകരാന്‍ നാല് ദിവസവും മാത്രമാണ് എടുത്തത്.

ലോകത്താകമാനം ആകെ 3,81,653 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 16558 പേര്‍ മരിച്ചപ്പോള്‍ 102429 പേര്‍ക്ക് രോഗം ഭേദമായി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more