ന്യൂദല്‍ഹി: രാജ്യത്ത് ചില്ലറ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ചോളം, ഇന്ധന നികുതികള്‍ വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പണപ്പെരുപ്പം കുറയ്ക്കാന്‍ നികുതി വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് കേന്ദ്ര ബാങ്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഫെബ്രുവരിയിലെ പണപ്പെരുപ്പ നിരക്ക് സംബന്ധിച്ച ഡാറ്റ പുറത്തുവന്നതിന് പിന്നാലെ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ.
വാര്‍ഷിക റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് ജനുവരിയില്‍ 6.52 ശതമാനമായി ഉയര്‍ന്നിരുന്നു. ഇത് ഡിസംബറില്‍ 5.72 ശതമാനമായിരുന്നു.
ഭക്ഷ്യവിലപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും പാല്‍, ചോളം ഉള്‍പ്പെടെയുള്ളവയുടെ വില ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ചില സ്രോതസുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 60 ശതമാനം തീരുവയാണ് ഈയിനത്തില്‍ സര്‍ക്കാരിന് ലഭിക്കുന്നത്. ഇന്ധന നികുതിയും ഇതോടൊപ്പം കുറച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽലാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI) ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കുടുംബങ്ങൾ അവരുടെ ദൈനംദിന ഉപഭോഗത്തിനായി വാങ്ങുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും ചില്ലറ വിലയിലെ മാറ്റം സൂചിപ്പിക്കുന്നതാണ് ഉപഭോക്തൃ വില സൂചിക (സി.പി.ഐ).
2023 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 6.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ഗവർണർ ശക്തികാന്ത ദാസ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. 2024 സാമ്പത്തിക വർഷത്തിൽ ഇത് 5.3 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.