ഫ്‌ളോറിഡ: കരീബിയന്‍ മണ്ണിലെ ബൗളിങ് പിച്ചില്‍ തപ്പിത്തടഞ്ഞ് ആദ്യ ജയവുമായി ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെ എറിഞ്ഞുവീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആറ് വീക്കറ്റുകള്‍ വീണെങ്കിലും ഒടുവില്‍ വിജയം കണ്ടു.
സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 95 റണ്‍സ്. ഇന്ത്യ 17.2 ഓവറില്‍ ആറ് വിക്കറ്റിന് 98.
വെറും 95 റണ്‍സിന് വിന്‍ഡീസിനെ വീഴ്ത്തിയ ഇന്ത്യക്ക് ആ ആനൂകൂല്യം ബാറ്റിങ്ങില്‍ മുതലാക്കാനായില്ല. എന്നാല്‍ ചെറിയ സ്‌കോറായതിനാല്‍ ജയം കണ്ടെത്തുകയായിരുന്നു.
ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ (24), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (19), മനീഷ് പാണ്ഡെ (19) എന്നിവര്‍ ബാറ്റിങ്ങില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. അതേസമയം സ്വയം ഒഴിഞ്ഞുനിന്ന മഹേന്ദ്ര സിങ് ധോനിക്കു പകരം ടീമിലെത്തിയ ഋഷഭ് പന്ത് ആദ്യ പന്തില്‍ പുറത്തായി.
സുനില്‍ നരെയ്ന്‍, ഷെല്‍ഡണ്‍ കോട്ട്രല്‍, കീമോ പോള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് ആനുകൂല്യം ബൗളര്‍മാര്‍ മുതലാക്കുകയും ചെയ്തു.
നാലോവര്‍ എറിഞ്ഞ സെയ്നി 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടി. അതേസമയം ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, ക്രുണാള്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.