ടി-20 ലോകകപ്പിലെ സൂപ്പർ-12 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്ക് എതിരെ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് പവർപ്ലേയ്‌ക്കിടെ തന്നെ രണ്ട് ഓപ്പണർമാരെയും നഷ്‌ടമായി.
ദക്ഷിണാഫ്രിക്കയിൽ സ്‌പിന്നർ തബ്രൈസ് ഷംസിക്ക് പകരം പേസർ ലുങ്കി എൻഗിഡിയാണ് ഇന്ന് കളിക്കുന്നത്. ഇന്ത്യൻ ഇന്നിങ്സിൽ ലുങ്കി എൻഗിഡി എറിഞ്ഞ അഞ്ചാം ഓവറാണ് ഇരട്ട പ്രഹരം നൽകിയത്.
14 പന്തിൽ 15 റൺസ് നേടിയ രോഹിത് ശർമ ലുങ്കി എൻഗിഡിയെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെ റിട്ടേൺ ക്യാച്ചിൽ പുറത്താവുകയായിരുന്നു. 14 പന്തിൽ 9 റൺസെടുത്ത രാഹുൽ സ്ലിപ്പിൽ ഏയ്‌ഡൻ മാർക്രമിൻറെ ക്യാച്ചിലും വീണു.
ഓരോ മാറ്റം വീതമായാണ് ഇരു ടീമും പെർത്തിൽ ഇറങ്ങിയത്. ഇന്ത്യൻ നിരയിൽ ഓൾറൗണ്ടർ അക്‌സർ പട്ടേലിന് പകരം ദീപക് ഹൂഡ ഇടംപിടിച്ചു.
ഈ ലോകകപ്പിലെ ഹൂഡയുടെ ആദ്യ മത്സരമാണിത്. ബൗൺസും പേസർമാർക്ക് മൂവ്മെൻറും ലഭിക്കുന്ന പിച്ചാണ് പെർത്തിലേത് എന്നാണ് റിപ്പോർട്ട്.
മുമ്പ് നടന്ന രണ്ട് മത്സരത്തിലും വിജയം സ്വന്തമാക്കാൻ സാധിച്ചെങ്കിലും ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് നിരന്തരമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.
ആദ്യ മത്സരത്തിൽ രോഹിത്തും രാഹുലും നിരാശരാക്കിയപ്പോൾ നെതർലൻഡ്സിനെതിരായ മത്സരത്തിൽ രാഹുൽ വീണ്ടും നിരാശപ്പെടുത്തുകയായിരുന്നു. 12 പന്തിൽ നിന്നും ഒമ്പത് റൺസുമായാണ് രാഹുൽ മടങ്ങിയത്.
ഇപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിന്റെ തുടക്കം തന്നെ പാളിയതിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.
കെ.എൽ രാഹുൽ പല തവണ പണി തന്നിട്ടും വീണ്ടും അദ്ദേഹത്തെ വിശ്വസിക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും ഇങ്ങനെ പോയാൽ സെമിയിലേക്ക് കടക്കുന്നതിന് മുമ്പേ ഇന്ത്യയിലേക്ക് മടങ്ങാനാകുമെന്നുമാണ് ആരാധകർ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യൻ ടീം:
രോഹിത് ശർമ(ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്
സൗത്ത് ആഫ്രിക്ക ടീം:
ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), തെംബ ബാവുമ(ക്യാപ്റ്റൻ), റിലീ റൂസോ, എയ്ഡൻ മർക്രം, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്‌സ്, വെയ്ൻ പാർണെൽ, കേശവ് മഹാരാജ്, കഗീസോ റബാദ, ലുങ്കി എൻഗിഡി, ആന്റിച്ച് നോർട്‌ജെ
Content Highlights: India makes an ugly start against South Africa, lost two openers