കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ ടീം ഇന്ത്യ പുറത്തായെങ്കിലും ഏറ്റവും കൂടുതല്‍ കാണികള്‍ മത്സരം കാണാനെത്തി എന്ന റെക്കോഡ് ഇന്ത്യക്ക്. ചൈനയെ മറികടന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ കളികണ്ട ലോകകപ്പെന്ന റെക്കോഡ് ഇന്ത്യ സ്വന്തമാക്കിയത്.
ഫൈനലിലെ കാണികളുടെ എണ്ണം കണക്കാക്കാതെ തന്നെ 12,84,469 പേരാണ് ലോകകപ്പ് കാണാനായി സ്റ്റേഡിയങ്ങളിലെത്തിയത്. 1985 ലെ ചൈനയില്‍ നടന്ന ആദ്യ ലോകകപ്പിന് നേരിട്ട് സാക്ഷ്യം വഹിക്കാനെത്തിയത് 12,30,976 പേരായിരുന്നു. ഇതാണ് പഴങ്കഥയായി മാറിയത്.
2011 ല്‍ ഏഷ്യയില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പിനേക്കാളും ആളുകള്‍ ഫുട്ബാളിന്റെ ചെറുപൂരം കാണാനെത്തിയെന്നതും സവിശേഷതയാണ്. ഈ ലോകകപ്പിലെ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മത്സരം ബ്രസീല്‍ -ജര്‍മ്മനി മത്സരമായിരുന്നു. 183 ഗോള്‍ പിറന്ന ഇന്ത്യന്‍ ലോകകപ്പു തന്നെയാണ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതെന്നതും ശ്രദ്ധേയമാണ്.
സ്‌പെയിനിനെ തോല്‍പ്പിച്ച് കിരീടം നേടിയ ഇംഗ്ലണ്ട് കൗമാര ലോകകപ്പില്‍ ആദ്യമായാണ് മുത്തമിടുന്നത്. ഇംഗ്ലണ്ടിന്റെ റയാന്‍ ബ്രൂസ്റ്റര്‍ ഗോള്‍ഡന്‍ ബൂട്ടിനര്‍ഹനായപ്പോള്‍ ഇംഗ്ലണ്ടിന്റെ തന്നെ ഫോഡന്‍ ടൂര്‍ണ്ണമെന്റിന്റെ താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നേടി. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ബ്രസീലിന്റെ ബ്രസാവോക്കാണ്.