| Friday, 29th September 2023, 10:40 am

ഐ.എസ്.എല്‍ ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ത്യക്ക് ജയിക്കാമായിരുന്നു; വിമര്‍ശനം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യ പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ഏഷ്യന്‍ വമ്പന്‍മാരായ സൗദി അറേബ്യയോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്.

മുഹമ്മദ് ഖലീല്‍ മറാന്‍ ഇരട്ട ഗോളിന്റെ കരുത്തിലാണ് സൗദി സുനില്‍ ഛേത്രയിയെയും സംഘത്തെയും നാട്ടിലേക്ക് മടക്കിയയച്ചത്.

ഈ പരാജയത്തിന് പിന്നാലെ ചില കോണുകളില്‍ നിന്നും ആരാധകര്‍ അതൃപ്തിയറിയിക്കുന്നുണ്ട്. ഐ.എസ്. എല്‍ ടീമുകള്‍ അവരുടെ താരങ്ങളെ ടൂര്‍ണമെന്റിന് വിട്ടുകൊടുക്കാതിരുന്നതാണ് തോല്‍വിക്ക് കാരണമെന്നാണ് ഇവര്‍ പറയുന്നത്.

ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായ ഗുര്‍പ്രീത് സിങ് സന്ധുവടക്കമുള്ള താരങ്ങളെ ഐ.എസ്.എല്‍ ടീമുകള്‍ റിലീസ് ചെയ്തിരുന്നില്ല. സൂപ്പര്‍ താരങ്ങളുടെ അഭാവം ഏഷ്യന്‍ ഗെയിംസ് വേദിയില്‍ തിരിച്ചടിയായെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

മത്സരത്തിന്റെ കടിഞ്ഞാന്‍ മുഴുവന്‍ സമയവും സൗദിയുടെ കൈകളില്‍ തന്നെയായിരുന്നു. ഇന്ത്യന്‍ ഗോള്‍മുഖത്തിലേക്ക് നിരന്തരം ആക്രമണമഴിച്ചുവിട്ടാണ് സൗദി ഇന്ത്യയെ പ്രതിരോധത്തിലാഴ്ത്തിയത്. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ധീരജ് സിങ്ങും തിളങ്ങി. പ്രതിരോധം ആകുന്നത്രയും ശ്രമിച്ചു.

ഒടുവില്‍ ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്ക് സാധിച്ചു.

എന്നാല്‍, ഇടവേളയ്ക്കുശേഷം കളി മാറി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ വലകുലുക്കി സൗദി ലീഡെടുത്തു. ആദ്യ ഗോള്‍ വീണ് കൃത്യം ആറാം മിനിട്ടില്‍ മറ്റൊരു ഗോള്‍ കൂടി വഴങ്ങേണ്ടി വന്നതോടെ ഇന്ത്യ തളര്‍ന്നു.

അല്‍ നസറില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സഹതാരമായ മറാനായിരുന്നു സൗദിയെ ക്വാര്‍ട്ടറിലേക്ക് നയിച്ചത്.

ഒരുക്കങ്ങളൊന്നുമില്ലാതെ പന്ത് തട്ടാനെത്തിയ ഇന്ത്യന്‍ സംഘത്തിന് ആകെ ഒരു ജയം മാത്രമാണ് ഗെയിംസില്‍ നേടാനായത്.

നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇന്ത്യ ഇതിന് മുമ്പ് സൗദി അറേബ്യയുമായി ഏറ്റുമുട്ടിയത്. 1982ലെ ദല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ ചൈനയോട് ഒന്നിനെതിരെ അഞ്ച് ഗോളിന് തോറ്റ ഇന്ത്യ ബംഗ്ലാദേശിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. മ്യാന്‍മറിനെതിരെ ഓരോ ഗോള്‍ വീതമടിച്ച് സമനില പിടിച്ചതോടെയാണ് ഇന്ത്യ പ്രീ ക്വാര്‍ട്ടറിനെത്തിയത്.

Content Highlight: India lost to Saudi Arabia in Asian Games

Latest Stories

We use cookies to give you the best possible experience. Learn more