എത്ര തിരിച്ചടി കിട്ടിയാലും പഠിക്കില്ല എന്ന വാശിയാണ് രവീന്ദ്ര ജഡേജക്ക് എന്നാണ് ആരാധകര്‍ പറയുന്നത്. മൂന്നാം ടെസ്റ്റിലെ മൂന്ന് റിവ്യൂകളും ആദ്യ ദിവസം തന്നെ എടുത്ത് തുലപ്പിച്ച ഇന്ത്യ നാലാം ടെസ്റ്റിലും അതേ മണ്ടത്തരം ആവര്‍ത്തിക്കുകയാണ്.
മൂന്നാം ടെസ്റ്റിന് സമാനമായി ഇത്തവണയും പന്തെറിഞ്ഞത് രവീന്ദ്ര ജഡേജ തന്നെയായിരുന്നു. മത്സരത്തിന്റെ രണ്ടാം സെഷനില്‍ ഉസ്മാന്‍ ഖവാജക്കെതിരെയായിരുന്നു ഇന്ത്യ മത്സരത്തിലെ ആദ്യ റിവ്യൂ ഉപയോഗിച്ചത്. എന്നാല്‍ ആ റിവ്യൂ ആകട്ടെ ആനമണ്ടത്തരവുമായിരുന്നു.
ഓഫ് സ്റ്റംപിന് വെളിയില്‍ പിച്ച് ചെയ്ത പന്ത് ഖവാജ പാഡ് വെച്ച് ഡിഫന്‍ഡ് ചെയ്തു. ഇതിന് പിന്നാലെ ഔട്ടിനായി ജഡേജയുടെ അപ്പീല്‍. ഫീല്‍ഡ് അമ്പയര്‍ നോട്ട് ഔട്ട് വിളിച്ചതോടെ റിവ്യൂവിലേക്കായി ഇന്ത്യന്‍ ടീമിന്റെ ചിന്ത.
റിവ്യു എടുക്കണോ എന്ന് രോഹിത് ചോദിച്ചപ്പോള്‍ വേണമെന്നായിരുന്നു ജഡേജയുടെ മറുപടി. ഇതിന് പിന്നാലെ വിക്കറ്റ് കീപ്പര്‍ എസ്. ഭരത്തുമായി ചര്‍ച്ച ചെയ്ത ശേഷം രോഹിത് റിവ്യൂ എടുക്കുകയായിരുന്നു.
എന്നാല്‍ റീപ്ലേകളില്‍ പന്ത് പിച്ച് ചെയ്തത് ലൈനിന് ഏറെ പുറത്താണെന്നും വിക്കറ്റില്‍ കൊളളില്ലെന്നും വ്യക്തമായതോടെ അപ്പീല്‍ നിഷേധിച്ച തേര്‍ഡ് അമ്പയര്‍ നോട്ട് ഔട്ട് വിളിക്കുകയും ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെക്കുകയുമായിരുന്നു.
റിവ്യൂ കണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഒരേസമയം അത്ഭുതപ്പെടുകയും പരസ്പരം നോക്കി ചിരിക്കുകയുമായിരുന്നു. ഓണ്‍ ഫീല്‍ഡ് അമ്പയറായ കെറ്റില്‍ബെറോ പോലും ഇതുകണ്ട് ഊറിച്ചിരിച്ചിരുന്നു.
റിവ്യൂ നഷ്ടപ്പെട്ടതിനേക്കാള്‍ അതുകഴിഞ്ഞുള്ള ഇന്ത്യന്‍ താരങ്ങളുടെ ചിരി ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നത്.
ഒടുവില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി തന്നെയായിരുന്നു ഖവാജ പുറത്തായതും. അക്‌സര്‍ പട്ടേലായിരുന്നു വിക്കറ്റ് നേടിയത്.
ആദ്യ ഇന്നിങ്‌സില്‍ 480 റണ്‍സിന്റെ വമ്പന്‍ സ്‌കോറായിരുന്നു ഓസീസ് നേടിയത്. ഖവാജയുടെയും കാമറൂണ്‍ ഗ്രിനിന്റെയും സെഞ്ച്വറിയാണ് ഓസീസിന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ടോപ് ഓര്‍ഡറില്‍ ഖവാജയും മിഡില്‍ ഓര്‍ഡറില്‍ കാമറൂണ്‍ ഗ്രീനും സ്‌കോറിങ്ങിന് നിര്‍ണായകമായപ്പോള്‍, ലോവര്‍ ഓര്‍ഡറില്‍ നഥാന്‍ ലിയോണും ടോഡ് മര്‍ഫിയുമായിരുന്നു റണ്‍സ് ഉയര്‍ത്തിയത്. ലിയോണ്‍ 96 പന്തില്‍ നിന്നും 34 റണ്‍സ് നേടിയപ്പോള്‍ 61 പന്തില്‍ നിന്നും 41 റണ്‍സാണ് മര്‍ഫി സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 36 റണ്‍സാണ് നേടിയിരിക്കുന്നത്. 17 റണ്‍സ് നേടിയ രോഹിത് ശര്‍മയും 18 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.
Content highlight: India lost the review in the fourth Test