| Thursday, 1st December 2022, 10:14 am

ഇന്ത്യയുടെ അപരാജിത കുതിപ്പിന് വിരാമം; മഴയെ കൂട്ടുപിടിച്ച് ആദ്യ പരമ്പര ജയിച്ചപ്പോള്‍ മഴ തിരിച്ചും പണി തരുമെന്ന് കരുതിക്കാണില്ല

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയില്‍ കിവീസിന് മുമ്പില്‍ പരമ്പര അടിയറ വെച്ച് ഇന്ത്യക്ക് പരാജയം സമ്മതിക്കേണ്ടി വന്നിരുന്നു. പരമ്പരയിലെ അവസാന മത്സരവും മഴകൊണ്ടുപോയതോടെയാണ് ഇന്ത്യ കിവീസിന് മുമ്പില്‍ കാലിടറി വീണത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 47.3 ഓവറില്‍ മൂന്ന് വിക്കറ്റിന് ഓള്‍ ഔട്ടാവുകയായിരുന്നു. 64 മത്സരത്തില്‍ നിന്നും 51 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 49 റണ്‍സ് നേടിയ ശ്രേയസ് അയ്യരായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായ മറ്റൊരു താരം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 18 ഓവറില്‍ 104ന് ഒന്ന് എന്ന നിലയില്‍ നില്‍ക്കവെ മഴയെത്തുകയും കളി ഉപേക്ഷിക്കേണ്ട സാഹചര്യം വരികയുമായിരുന്നു.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-0ന് ന്യൂസിലാന്‍ഡ് സ്വന്തമാക്കുകയായിരുന്നു. പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ മഴ കൊണ്ടുപോയതോടെയാണ് ന്യൂസിലാന്‍ഡ് പരമ്പര സ്വന്തമാക്കിയത്.

ഏകദിന പരമ്പരക്ക് മുമ്പ് നടന്ന ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയതും ഇതുപോലെയായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നേടിയ ഒറ്റ വിജയമാണ് ഇന്ത്യയെ 1-0ന് പരമ്പര നേടാന്‍ സഹായിച്ചത്.

ഏകദിന പരമ്പരയില്‍ പരാജയപ്പെട്ടതോടെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് വിരാമമായി. 2022ല്‍ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയോട് പരമ്പര തോറ്റ ശേഷം ഒറ്റ ഏകദിന പരമ്പര പോലും ഇന്ത്യ പരാജയപ്പെട്ടിരുന്നില്ല.

2022ലെ തങ്ങളുടെ ആദ്യ പരമ്പരയില്‍ നാണം കെട്ടായിരുന്നു പ്രോട്ടീസിന് മുമ്പില്‍ ഇന്ത്യ പരമ്പര അടിയറ വെച്ചത്. ഇന്ത്യയുടെ സൗത്ത് ആഫ്രിക്ക പര്യടനത്തിലായിരുന്നു ഈ പരാജയം.

ആദ്യ മത്സരത്തില്‍ 31 റണ്‍സിന് പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനും മൂന്നാം മത്സരത്തില്‍ നാല് റണ്‍സിനും പരാജയപ്പെട്ടു.

ഈ പരാജയത്തിന് ശേഷം ഇതുവരെ ഇന്ത്യ ഏകദിന പരമ്പരയില്‍ തോല്‍വിയറിഞ്ഞിരുന്നില്ല.

ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പരക്ക് ശേഷം നടന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ 3-0നായിരുന്നു ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

ജൂലൈയില്‍ നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ നടന്ന ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യ തുടര്‍ന്ന് നടന്ന വിന്‍ഡീസ് പര്യടനത്തിലും വിജയം ആവര്‍ത്തിച്ചു. 3-0നായിരുന്നു ഇന്ത്യ വിജയം പിടിച്ചടക്കിയത്.

ഓഗസ്റ്റില്‍ നടന്ന ഇന്ത്യ-സിംബാബ്‌വേ പരമ്പരയിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. സീരീസിലെ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കിയത്.

ഏഷ്യാ കപ്പിന് ശേഷം നടന്ന സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഈ വര്‍ഷമാദ്യം നേരിട്ട പരാജയത്തിന് ഇന്ത്യ കണക്കുതീര്‍ത്തു. സ്വന്തം ആരാധകരുടെ മുമ്പില്‍ 2-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

തുടര്‍ച്ചയായ അഞ്ച് പരമ്പര വിജയത്തിന് ശേഷം ഈ വര്‍ഷം ആദ്യമായാണ് ഇന്ത്യക്ക് ഒ.ഡി.ഐ പരമ്പര കൈവിട്ടുപോകുന്നത്. ന്യൂസിലാന്‍ഡിനൊപ്പം മഴയും ഇന്ത്യയെ തോല്‍പിച്ചപ്പോള്‍ 2022ലെ രണ്ടാം സീരീസ് പരാജയത്തിന് ഹാഗ്‌ലി ഓവല്‍ സാക്ഷിയായി.

ബംഗ്ലാദേശിനെതിരായാണ് 2022ല്‍ ഇന്ത്യയുടെ അവസാന ഏകദിന പരമ്പര. ന്യൂസിലാന്‍ഡിനോടേറ്റ പരാജയത്തിന് പിന്നാലെ ഇനി ബംഗ്ലാദേശിനെ തോല്‍പിച്ച് വിജയപാതയിലേക്ക് മടങ്ങിയെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content highlight: India lost ODI series against New Zealand

We use cookies to give you the best possible experience. Learn more