അന്ന് സച്ചിന്‍ ഇന്ന് ഗില്‍; രണ്ട്‌പേരും കടുവകള്‍ക്ക് മുമ്പില്‍ വീണു!
Asia cup 2023
അന്ന് സച്ചിന്‍ ഇന്ന് ഗില്‍; രണ്ട്‌പേരും കടുവകള്‍ക്ക് മുമ്പില്‍ വീണു!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th September 2023, 8:03 pm

 

ഏഷ്യാ കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു ബംഗ്ലാദേശ് പടയുടെ വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെയും യുവതാരം തൗഹിദ് ഹിരോദിയുടെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടിയിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറി കരുത്തില്‍ പൊരുതി നോക്കിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. ഗില്‍ 133 പന്തില്‍ 121 റണ്‍സ് നേടി പുറത്തായപ്പോള്‍ 34 പന്തില്‍ നിന്നും 42 റണ്‍സ് നേടിയ അക്സര്‍ പട്ടേല്‍ മാത്രമാണ് കാര്യമായ പിന്തുണ നല്‍കിയത്.

ഏഷ്യാ കപ്പില്‍ രണ്ടാം തവണയാണ് ബംഗ്ലാ കടുവകള്‍ ഇന്ത്യക്കെതിരെ വിജയിക്കുന്നത്. 11 വര്‍ഷത്തിന്റെ ഇടവേളകളുണ്ട് ഈ രണ്ട് വിജയങ്ങള്‍ക്കും. 2012ലാണ് അവസാനമായി ബംഗ്ലാദേശ് ഇന്ത്യക്കെതിരെ വിജയിച്ചത്. ഈ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ സെഞ്ച്വറി നേടിയിരുന്നു എന്നതാണ് ഈ മത്സരങ്ങളുടെ പ്രത്യേകത.

2012ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു സെഞ്ച്വറി നേടിയത്. ഇന്നലത്തെ മത്സരത്തില്‍ ഗില്ലും. സച്ചിന്റെ നൂറാമത്തെ സെഞ്ച്വറിയായിരുന്നു ഇതെന്നാണ് മറ്റൊരു പ്രത്യേകത.

147 പന്ത് നേരിട്ട് 114 റണ്‍സാണ് സച്ചിന് അന്ന് നേടിയത്. ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് അവസാന ഓവറില്‍ അഞ്ച് വിക്കറ്റ് ബാക്കി നില്‍ക്കെ വിജയിക്കുകയായിരുന്നു.

Content Highlight: India Lost Matches Against Bangladesh When Sachin and Gill Scored Century