Sports News
ഫൈനലിലെത്തുന്നു, തോല്‍ക്കുന്നു, റിപ്പീറ്റ്; ഇന്ത്യയുടെ നഷ്ടം തുടരുന്നു; രണ്ട് ലോകകപ്പടക്കം തോറ്റത് മൂന്ന് മേജര്‍ ഫൈനല്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Aug 08, 07:38 am
Monday, 8th August 2022, 1:08 pm

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വനിതാ ക്രിക്കറ്റില്‍ ഫൈനല്‍ മത്സരത്തില്‍ പരാജയപ്പെട്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ തോല്‍പിച്ച ഓസ്‌ട്രേലിയ ഫൈനലിലും അതാവര്‍ത്തിച്ചപ്പോള്‍ സ്വര്‍ണനേട്ടം ഇന്ത്യയുടെ കയ്യകലത്ത് നിന്നും വഴുതി മാറി.

ജയിക്കാന്‍ സാധ്യതയുള്ള മത്സരമായിരുന്നു ഇന്ത്യ കൈവിട്ടുകളഞ്ഞത്. ടോപ് ഓര്‍ഡറോ വാലറ്റക്കാരോ ഒന്ന് ചെറുത്തുനിന്നിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് ഗോള്‍ഡ് നേടാന്‍ സാധിക്കുമായിരുന്നു.

കഴിഞ്ഞ ഫൈനലിലും കണ്ണീണഞ്ഞതോടെ മൂന്ന് കലാശപ്പോരാട്ടങ്ങളില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ കിരീടം നഷ്ടമായതിന്റെ നിരാശ മാത്രം ഇന്ത്യന്‍ ടീമിന് ബാക്കിയായി.

കോമണ്‍വെല്‍ത്ത് ഗെയിംസിന് പുറമെ ഐ.സി.സി വനിതാ ലോകകപ്പിലും ഐ.സി.സി ടി-20 വനിതാ ലോകകപ്പിലും ഇതുപോലെ കിരീടം നഷ്ടമായിരുന്നു.

2020ല്‍ നടന്ന ടി-20 ലോകകപ്പിലായിരുന്നു ഇന്ത്യന്‍ വനിതകള്‍ ഇതിന് മുമ്പ് കണ്ണീരണിഞ്ഞത്. അന്ന് ഇന്ത്യയെ തോല്‍പിച്ചതാകട്ടെ ഇതേ ഓസ്‌ട്രേലിയയും.

മെല്‍ബണില്‍ വെച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ 85 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 184 റണ്‍സടിച്ചപ്പോള്‍ ഇന്ത്യന്‍ വനിതകള്‍ 19.12 ഓവറില്‍ 99ന് പുറത്താവുകയായിരുന്നു. ഇന്ത്യയെ തോല്‍പിച്ചതോടെ ഒരിക്കല്‍ക്കൂടി കിരീടം നിലനിര്‍ത്താനും ഓസീസിനായി.

2017ലായിരുന്നു ഇന്ത്യ ഇതിന് മുമ്പ് ഫൈനലിലെത്തിയതും തോറ്റതും. 2017ലെ ഐ.സി.സി വനിതാ ലോകകപ്പിലായിരുന്നു വേദി. ഇംഗ്ലണ്ടായിരുന്നു അന്ന് ഇന്ത്യയെ തോല്‍പിച്ചത്.

2022 കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാനമായി 9 റണ്‍സിന് തന്നെയായിരുന്നു ഇന്ത്യയുടെ തോല്‍വി. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സിലായിരുന്നു ഫൈനല്‍.

 

ഐ.സി.സിയുടെ രണ്ട് ടൂര്‍ണമെന്റിലും അവരവരുടെ നാട്ടില്‍ വെച്ചായിരുന്നു ഇന്ത്യ തോറ്റത് എന്നതും ഒരു യാദൃശ്ചികത.

അതേസമയം, കോമണ്‍വെല്‍ത്തിലെ തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ഏതോ നിമിഷത്തെ അശ്രദ്ധ ഇന്ത്യയ്ക്ക് വിനയായി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് ബെത് മൂണിയുടെയും മെഗ് ലാന്നിങ്ങിന്റെയും ഇന്നിങ്‌സിന്‍സിന്റെ ബലത്തില്‍ 161 റണ്‍സെടുത്തിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ജെമിയ റോഡ്രിഗസും ചെറുത്തുനിന്നു.

33 പന്തില്‍ നിന്നും 33 റണ്‍സുമായി ജെമിയയും 43 പന്തില്‍ നിന്നും 65 റണ്‍സുമായി കൗറും ചറുത്തുനിന്നെങ്കിലും ആ ചെറുത്ത് നില്‍പ് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ പോന്നതായിരുന്നില്ല. ഒടുവില്‍ ലക്ഷ്യത്തിന് 9 റണ്‍സകലെ ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു.

 

Content Highlight: India lost in the finals of three major tournaments, including the Commonwealth