| Friday, 4th August 2023, 12:05 pm

ഒന്നില്‍.. അമ്പതില്‍.. നൂറില്‍... നൂറ്റിയമ്പതില്‍... കാത്തുവെച്ച റെക്കോഡ് കൈവിട്ട് ഹര്‍ദിക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ 200ാം ടി-20 മത്സരത്തിനാണ് കഴിഞ്ഞ ദിവസം ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്‌റ്റേഡിയം വേദിയായത്. നിര്‍ണായകമായ മൈല്‍ സ്‌റ്റോണ്‍ മാച്ചില്‍ വിജയം പ്രതീക്ഷിച്ച ഇന്ത്യന്‍ ടീമിനെ ഞെട്ടിച്ചുകൊണ്ട് ആതിഥേയര്‍ വിജയം പിടിച്ചടക്കുകയായിരുന്നു. നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. വിന്‍ഡീസ് ഉയര്‍ത്തിയ 150 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഇന്ത്യക്ക് 145 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഇതോടെ ടി-20യിലെ മൈല്‍ സ്‌റ്റോണ്‍ മാച്ചുകളിലെല്ലാം വിജയം സ്വന്തമാക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്കും മങ്ങലേല്‍ക്കുകയായിരുന്നു. ടി-20യിലെ ആദ്യ മത്സരവും 50ാം മത്സരവും 100ാം മത്സരവും 150ാം മത്സരവും വിജയിച്ച ഇന്ത്യ 200ാം മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു.

2006ലാണ് (1 ഡിസംബര്‍ 2006) ഇന്ത്യ ആദ്യമായി ടി-20 മത്സരത്തിനിറങ്ങുന്നത്. ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടി സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച ടോട്ടലുകളോ പാര്‍ട്ണര്‍ഷിപ്പുകളോ പ്രോട്ടീസ് ഇന്നിങ്‌സില്‍ പിറന്നിരുന്നില്ല. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 126 റണ്‍സ് മാത്രമാണ് ആതിഥേയര്‍ക്ക് നേടാന്‍ സാധിച്ചത്.

സഹീര്‍ ഖാനും അജിത് അഗാര്‍ക്കറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മത്സരത്തില്‍ ശ്രീശാന്തും സച്ചിനും ഭാജിയും ഓരോ വിക്കറ്റും വീഴ്ത്തി.

127 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ആറ് വിക്കറ്റും ഒരു പന്തും ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യക്കായി ദിനേഷ് മോംഗിയ (38) വിരേന്ദര്‍ സേവാഗ് (34) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്.

എട്ട് വര്‍ഷത്തിനിപ്പുറമാണ് (മാര്‍ച്ച് 30, 2014) ഇന്ത്യ 50ാം ടി-20ക്കിറങ്ങിയത്. ധാക്കയിലെ ഷേര്‍ ഇ ബംഗ്ലയില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയായിരുന്നു എതിരാളികള്‍.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ യുവരാജിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി.

160 റണ്‍സിന്റെ ലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് 17ാം ഓവറിലെ രണ്ടാം പന്തില്‍ 86 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ ഇന്ത്യ 73 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

3.2 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനാണ് ഓസീസിനെ എറിഞ്ഞിട്ടത്. അശ്വിന് പുറമെ അമിത് മിശ്ര രണ്ട് വിക്കറ്റുമായി മികച്ചുനിന്നപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

അയര്‍ലന്‍ഡായിരുന്നു നൂറാം മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. ഡബ്ലിനിലെ ദി വില്ലേജില്‍ 2018 ജൂണ്‍ 27ന് നടന്ന മത്സരത്തില്‍ 76 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും കരുത്തില്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. രോഹിത് ശര്‍മ 97 റണ്‍സടിച്ചപ്പോള്‍ ധവാന്‍ 74 റണ്‍സും നേടി. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 208 റണ്‍സാണ് ഇന്ത്യ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഐറിഷ് പട 132 റണ്‍സിന് ഒമ്പത് എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു. നാല് വിക്കറ്റുമായി കുല്‍ദീപ് യാദവാണ് ബൗളിങ്ങിനെ മുമ്പില്‍ നിന്നും നയിച്ചത്.

2021 നവംബര്‍ എട്ടിന് നമീബിയക്കെതിരെ വിജയിച്ചുകൊണ്ടാണ് ഇന്ത്യ 150ാം ടി-20 മത്സരം റോയലാക്കിയത്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മൂന്ന് വീതം വിക്കറ്റുമായി അശ്വിനും ജഡേജയും തിളങ്ങിയപ്പോള്‍ നമീബിയ നിശ്ചിത ഓവറില്‍ 132 റണ്‍സ് നേടി.

കെ.എല്‍. രാഹുലിന്റെയും രോഹിത് ശര്‍മയുടെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ 28 പന്തും ഒമ്പത് വിക്കറ്റും കയ്യിലിരിക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.

എന്നാല്‍ 200ാം മത്സരത്തില്‍ വിജയമോഹവുമായി ഇറങ്ങിയ ഇന്ത്യ പരാജയം രുചിക്കുകയായിരുന്നു. ആകെ കളിച്ച 200 മത്സരത്തില്‍ 130 തവണ ഇന്ത്യ വിജയിച്ചപ്പോള്‍ 64 തവണ പരാജയം രുചിക്കുകയും ചെയ്തു.

Content Highlight: India lost in 200th T20 match

We use cookies to give you the best possible experience. Learn more