ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ഒരു വിക്കറ്റിന്റെ പരാജയം.
ഇന്ത്യ- ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു വിക്കറ്റിന് ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തി.
ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച ബംഗ്ലാദേശിന് അനുകൂലമായിരുന്നു കളിയുടെ തുടക്കം. കളിയുടെ അഞ്ചാം ഓവറിൽ തന്നെ ഇന്ത്യക്ക് ഓപ്പണർ ശിഖർ ധവാന്റെ വിക്കറ്റ് നഷ്ടമായി. പിന്നീട് 25 റൺസ് കൂട്ടിച്ചേർക്കുമ്പോഴേക്കും ഹിറ്റ്‌മാൻ രോഹിത് ശർമ്മയും പവിലിയനിലേക്ക് മടങ്ങി.
ഇരുവരും ക്ലീൻ ബൗൾഡ് ആയാണ് പുറത്തായത്. ധവാന്റെ സ്റ്റമ്പ് മെഹ്‌ദി ഹസൻ ചലിപ്പിച്ചപ്പോൾ ശാക്കിബ് അൽ ഹസനാണ് രോഹിത്തിന്റെ ബെയിൽസ് ഇളക്കിയത്. രോഹിത്തിന് പിന്നാലെ കോഹ് ലിയും ലിറ്റൻ ദാസിന്റെ ക്യാച്ചിൽ വന്ന വേഗത്തിൽ മടങ്ങിയപ്പോൾ ഇന്ത്യ ശരിക്കും വിയർത്തു. പിന്നീട് ശ്രെയസ് അയ്യർ (24റൺസ് )കെ.ൽ. രാഹുൽ(74)റൺസ് വാഷിങ്ടൺ സുന്ദർ(19) എന്നിവർക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനായത്.
70 പന്തിൽ നിന്നും അഞ്ച് ഫോറും നാല് സിസ്റുകളുമുൾപ്പടെ കെ.എൽ. രാഹുൽ നേടിയ കൂറ്റൻ റൺസ് ഇല്ലായിരുന്നെങ്കിൽ വളരെ താഴ്ന്ന ഒരു ടോട്ടലിലേക്ക് ഇന്ത്യ ഒതുങ്ങിപ്പോയേനെ.
ബംഗ്ലാദേശിനായി 10 ഓവറിൽ രണ്ട് മെയ് ഡൻ ഓവറുകൾ അടക്കം അഞ്ച് വിക്കറ്റ് സ്വന്തമാക്കി ഉജ്വലമായ പ്രകടനമാണ് ഓൾ-റൗണ്ടർ ശാക്കിബ് അൽ ഹസ്സൻ കാഴ്ച വെച്ചത്.
ശാക്കിബിന് പുറമെ എബദോട് ഹുസൈനും നാല് വിക്കറ്റുകളോടെ ഇന്ത്യൻ ബാറ്റിങ്ങ് നിരയെ വിറപ്പിച്ചു.
187 റൺസ് വിജയലക്ഷ്യത്തോടെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിനും കാര്യങ്ങൾ എളുപ്പമായിരുന്നില്ല.
ബംഗ്ലാ ഇന്നിംങ്ങ്സിലെ ആദ്യ പന്തിൽ തന്നെ രോഹിത് ശർമ്മയുടെ ക്യാച്ചിൽ ഓപ്പണർ നജ്മുൽ ഹുസൈൻ പുറത്തായി. പിന്നീട് സ്കോർ 26ൽ എത്തി നിൽക്കേ അമാനുൽ ഹക്കും 95ൽ ശാക്കിബും പുറത്തായി. പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് സ്വന്തമാക്കാൻ സാധിച്ച ഇന്ത്യക്ക് മത്സരം മാത്രം വിജയിക്കാൻ സാധിച്ചില്ല.
മത്സരത്തിൽ ഇന്ത്യൻ ഇന്നിംങ്ങ്സിന്റെ നട്ടെല്ലായ രാഹുൽ മെഹ്‌ദി ഹുസൈന്റെ ക്യാച്ച് കൈ വിട്ടതോടെയാണ് ഇന്ത്യ മത്സരത്തിൽ നിന്ന് പൂർണമായും ഇല്ലാതായത്. ആ ക്യാച്ച് കൈക്കലാക്കാൻ രാഹുലിന് സാധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ.
10 ഓവറിൽ നിന്നും ഒരു മെയ്ഡൻ അടക്കം 32റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ഇന്ത്യൻ ബൗളിങ്ങ് നിരയെ നയിച്ചത്.
പരമ്പരയിൽ ബംഗ്ലാദേശ് 1-0 ത്തിന് മുമ്പിൽ ആണ്.
സ്കോർ: ഇന്ത്യ-186ന് ഓൾഔട്ട്(41.2ഓവർ) ബംഗ്ലാദേശ് -187/9 (46ഓവർ)
ഡിസംബർ 7 നാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Content Highlights:india lost first odi by one wicket against bangladesh