ഇങ്ങേരുള്ള എല്ലാ ഫൈനലും സെമിയും ഇന്ത്യ തോറ്റിട്ടേ ഉള്ളൂ, അതിപ്പോള്‍ ഗ്രൗണ്ടിലായാലും അല്ലെങ്കിലും കണക്കാ...
Sports News
ഇങ്ങേരുള്ള എല്ലാ ഫൈനലും സെമിയും ഇന്ത്യ തോറ്റിട്ടേ ഉള്ളൂ, അതിപ്പോള്‍ ഗ്രൗണ്ടിലായാലും അല്ലെങ്കിലും കണക്കാ...
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th June 2023, 9:32 am

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. ഓസീസ് ഉയര്‍ത്തിയ 444 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 209 റണ്‍സകലെ വീണുപോവുകയായിരുന്നു. ഇന്ത്യയുടെ ഈ തോല്‍വിക്ക് കാരണങ്ങള്‍ ഏറെയാണ്. വേണ്ടത്ര പ്രാക്ടീസ് ഇല്ലാതിരുന്നതും ടീം സെലക്ഷനിലെ അപാകതകളും പ്രധാന താരങ്ങളുടെ പരിക്കും ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.

എന്നാല്‍ ഇന്ത്യയുടെ തോല്‍വിക്ക് ഒരാളുടെ സാന്നിധ്യമാണ് കാരണമെന്നാണ് ചില ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. ഇംഗ്ലീഷ് അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോയാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയ തീരുമാനം മാത്രമല്ല, മറ്റു ചില കാരണങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

2014 മുതലിങ്ങോട്ട് കെറ്റില്‍ബെറോ നിയന്ത്രിച്ച ഒരു നോക്ക് ഔട്ട് മത്സരത്തിലും ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന കാര്യം ഉയര്‍ത്തിപ്പിടിച്ചാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. 2013ലാണ് ഇന്ത്യ അവസാനമായി ഒരു ഐ.സി.സി കിരീടം നേടിയതെന്നതും ആരാധകരുടെ ഈ വിശ്വാസത്തിന് വളമാകുന്നു.

2014 ടി-20 ലോകകപ്പ് മുതല്‍ ഇന്ത്യയുടെ നോക്ക് ഔട്ട് ഘട്ടത്തിലെ തോല്‍വികളും കെറ്റില്‍ബെറോയും തമ്മിലുള്ള ബന്ധം തുടങ്ങുകയായിരുന്നു. ആ ഫൈനലില്‍ മലിംഗയുടെ ശ്രീലങ്കയോട് തോറ്റ് കയ്യകലത്ത് നിന്ന് കിരീടം നഷ്ടമാകുമ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റിന് പിന്നില്‍ നിന്നിരുന്നത് കെറ്റില്‍ബെറോ ആയിരുന്നു.

കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങിയ 2015 ഏകദിന ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തിലും സ്വന്തം മണ്ണില്‍ വെച്ച് നടന്ന 2016ലെ ടി-20 ലോകകപ്പിന്റെ സെമിയിലും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ കെറ്റില്‍ബെറോ ആയിരുന്നു അമ്പയര്‍.

പാകിസ്ഥാനോട് പടുകൂറ്റന്‍ പരാജയം നേരിട്ട് 2017 ചാമ്പ്യന്‍സ് ട്രോഫി അടിയറവെച്ചപ്പോഴും കെറ്റില്‍ബെറോ തന്നെയായിരുന്നു കളി നിയന്ത്രിച്ചത്. 2019 ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് 18 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങുമ്പോള്‍ കെറ്റില്‍ബെറോ തന്നെയായിരുന്നു ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരില്‍ ഒരാള്‍. അന്ന് ധോണി റണ്‍ ഔട്ടാകുമ്പോഴുള്ള കെറ്റില്‍ബെറോയുടെ മുഖഭാവം ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനിടയില്ല.

ന്യൂസിലാന്‍ഡിനെതിരെ ആദ്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പരാജയപ്പെടുമ്പോഴും കെറ്റില്‍ബെറോ കളി നിയന്ത്രിച്ചിരുന്നു. ഇത്തവണ ഗ്രൗണ്ടില്‍ ഇറങ്ങിയല്ല, തേര്‍ഡ് അമ്പയറായിട്ടായിരുന്നു കെറ്റില്‍ബെറോ മത്സരം നിയന്ത്രിച്ചത്. ആരാധകര്‍ പ്രതീക്ഷിച്ചതുതന്നെ അന്നും സംഭവിച്ചു. വിജയം ഇന്ത്യക്കൊപ്പം നിന്നില്ല.

2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള അമ്പയര്‍മാരെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ കെറ്റില്‍ബെറോയുടെ പേരില്ലാത്തതില്‍ ആഘോഷമാക്കിയ ആരാധകര്‍ തേര്‍ഡ് അമ്പയറുടെ പേര് കണ്ടതോടെ വീണ്ടും നിരാശരാവുകയായിരുന്നു. അവരുടെ വിശ്വാസം ശരിവെച്ചുകൊണ്ട് ഇന്ത്യ വീണ്ടും തോല്‍ക്കുകയായിരുന്നു.

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിലെങ്കിലും ഇന്ത്യക്ക് വിജയിക്കണമെങ്കിവല്‍ കെറ്റില്‍ബെറോ ആ പരിസരത്ത് ഉണ്ടാകരുതെന്നാണ് തമാശരൂപത്തില്‍ ആരാധകര്‍ പറയുന്നത്.

 

 

Content Highlight: India lost all the knock out matches when Richard Kettleborough was umpire