| Saturday, 19th October 2019, 11:33 am

മൂന്നാം ടെസ്റ്റില്‍ തുടക്കം പതറി ഇന്ത്യ; 39 റണ്‍സിനിടെ ക്യാപ്റ്റനടക്കം മൂന്നുപേര്‍ കൂടാരം കയറി; ഇഷാന്തിനു പകരം യുവതാരം ടീമില്‍

സ്പോര്‍ട്സ് ഡെസ്‌ക്

റാഞ്ചി: ആദ്യ രണ്ട് ടെസ്റ്റുകളില്‍ പുലര്‍ത്തിയ ആധിപത്യം മൂന്നാം ടെസ്റ്റില്‍ തുടരാന്‍ കഴിയാതെ പോയപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, മധ്യനിരയിലെ കരുത്തന്‍ ചേതേശ്വര്‍ പൂജാര, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്നിവര്‍ തുടരെത്തുടരെ കൂടാരം കയറിയപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 39.

റാഞ്ചിയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ പതിവുപോലെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കോഹ്‌ലിയുടെ തീരുമാനത്തെ ന്യായീകരിക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കായില്ല.

പരമ്പരയില്‍ മികച്ച ഓപ്പണര്‍മാരായി വിധിയെഴുതിക്കഴിഞ്ഞ അഗര്‍വാള്‍-രോഹിത് ശര്‍മ സഖ്യം പതിവുപോലെ ബൗണ്ടറികള്‍ നേടിത്തുടങ്ങിയെങ്കിലും സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സ് എത്തുമ്പോഴേക്കും ആദ്യ പ്രഹരമേറ്റു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കാഗിസോ റബാഡയുടെ പന്ത് ഫ്രണ്ട്ഫുട്ടില്‍ പ്രതിരോധിക്കാന്‍ ശ്രമിക്കവെ സ്ലിപ്പില്‍ ഡീല്‍ എല്‍ഗറിന്റെ കൈയില്‍ അവസാനിക്കുകയായിരുന്നു.
അധികം വൈകാതെ തന്നെ രണ്ടാമത്തെ വിക്കറ്റും നഷ്ടമായി.

റണ്‍സൊന്നുമെടുക്കുന്നതിനു മുന്‍പേ പൂജാര റബാഡയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. അമ്പയര്‍ ഔട്ട് നല്‍കിയില്ലെങ്കിലും ദക്ഷിണാഫ്രിക്ക റിവ്യൂയിലൂടെ വിക്കറ്റ് സ്വന്തമാക്കി.

അതിനിടെ രോഹിത് ശര്‍മയ്‌ക്കെതിരായ എല്‍.ബി.ഡബ്ലു അപ്പീല്‍ അമ്പയര്‍ അംഗീകരിച്ചെങ്കിലും റീപ്ലേയില്‍ ബാറ്റില്‍ പന്ത് തട്ടിയിരുന്നെന്നു മനസ്സിലായതോടെ പിന്‍വലിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്‌കോര്‍ 39-ല്‍ നില്‍ക്കേ ക്യാപ്റ്റനും ഡ്രസ്സിങ് റൂമില്‍ മടങ്ങിയെത്തി. രണ്ടാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന പേസ് ബൗളര്‍ ആന്റിച്ച് നോര്‍ത്തെയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയായിരുന്നു കോഹ്‌ലിയുടെ പുറത്താകല്‍. നോര്‍ത്തിന്റെ ആദ്യ വിക്കറ്റാണിത്.

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചായതിനാല്‍ ഇഷാന്ത് ശര്‍മയെ പിന്‍വലിച്ച് സ്പിന്നര്‍ ഷഹബാസ് നദീമിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇന്നിറങ്ങിയത്. നദീമിന്റെ ആദ്യ മത്സരമാണിത്.

അതേസമയം ജോര്‍ജ് ലിന്‍ഡെയും ഹെന്റിച്ച് ക്ലാസനും ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കുമ്പോള്‍, ലുംഗി എന്‍ഗിഡി പരമ്പരയിലെ ആദ്യ മത്സരം കളിക്കും.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയായ ക്വിന്റണ്‍ ഡി കോക്കായിരിക്കും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി എല്‍ഗറിനൊപ്പം ഓപ്പണ്‍ ചെയ്യുക. എന്നാല്‍ ക്ലാസനാണ് വിക്കറ്റ് കാക്കാനിറങ്ങിയത്.

We use cookies to give you the best possible experience. Learn more