നാണംകെട്ട് തോറ്റിട്ട് പറയുകയാണ് കാവിലെ പാട്ട് മത്സരത്തിന് കാണാമെന്ന്; ഇനി അത് മാത്രമാണ് ഏക പ്രതീക്ഷയെന്ന് ആരാധകര്‍
Sports News
നാണംകെട്ട് തോറ്റിട്ട് പറയുകയാണ് കാവിലെ പാട്ട് മത്സരത്തിന് കാണാമെന്ന്; ഇനി അത് മാത്രമാണ് ഏക പ്രതീക്ഷയെന്ന് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th March 2023, 7:26 pm

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ നിലംപരിശാക്കി ഓസീസ് പത്ത് വിക്കറ്റിന് വിജയിച്ചിരുന്നു. ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച് 26 ഓവറില്‍ 117 റണ്‍സിന് ഓള്‍ ഔട്ടാക്കുകയും മറുപടി ബാറ്റിങ്ങിനിറങ്ങി 11 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം മറികടന്നുമാണ് ഓസീസ് പരമ്പരയില്‍ ഒപ്പമെത്തിയത്.

ആദ്യ മത്സരം വിജയിച്ച ഇന്ത്യക്ക് സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത തിരിച്ചടിയാണ് രണ്ടാം മത്സരത്തില്‍ കങ്കാരുക്കള്‍ നല്‍കിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ നേതൃത്വത്തില്‍ ബൗളിങ് നിര വരിഞ്ഞുമുറുക്കിയപ്പോള്‍ തിരിച്ചടിക്കാന്‍ പോലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ മറന്നു.

സൂര്യകുമാര്‍ യാദവും ശുഭ്മന്‍ ഗില്ലും അടക്കം നാല് പേര്‍ ഇന്ത്യന്‍ നിരയില്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ കെ.എല്‍. രാഹുല്‍ അടക്കമുള്ള മൂന്ന് ബാറ്റര്‍മാര്‍ ഒറ്റയക്കത്തിനായിരുന്നു കൂടാരം കയറിയത്.

ഏകദിനത്തില്‍ ഇന്ത്യയുടെ നാലാമത്തെ ഏറ്റവും ചെറിയ ടോട്ടലാണ് വിശാഖപട്ടണത്തെ വൈ.എസ്. രാജ റെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പിറന്നത്. മത്സരത്തിന്റെ സമസ്ത മേഖലയിലും ഇന്ത്യക്ക് ചെറിയ തോതില്‍ പോലും മുന്‍തൂക്കം നല്‍കാതെയാണ് ഓസീസ് വിജയം പിടിച്ചടക്കിയത്.

ഇന്ത്യയെ ചെറിയ സ്‌കോറിന് എറിഞ്ഞിട്ടതിന് പിന്നാലെ എത്രെയും പെട്ടെന്ന് മത്സരം ജയിക്കാനുള്ള ഒരു പ്രത്യേക വാശിയായിരുന്നു ഓസീസിനുണ്ടായിരുന്നത്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും കൊടുങ്കാറ്റയതോടെ ഇന്ത്യയെന്ന വന്‍മരം കടപുഴകി വീണു.

അര്‍ധ സെഞ്ച്വറി നേടിയ ഹെഡും മാര്‍ഷും ചേര്‍ന്ന് ഇന്ത്യയുടെ പതനം വേഗത്തിലാക്കി. 30 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയുമായി ഹെഡ് 51 റണ്‍സ് നേടിയപ്പോള്‍ 36 പന്തില്‍ നിന്നും ആറ് വീതം സിക്‌സറും ഫോറുമായി മാര്‍ഷ് 66 റണ്‍സും സ്വന്തമാക്കി.

ഇന്ത്യയുടെ എണ്ണം പറഞ്ഞ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് മത്സരത്തിന്റെ താരം.

രണ്ടാം മത്സരത്തിലെ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒപ്പമെത്താനും ഓസീസിനായി. ഇതോടെ ചെന്നൈയില്‍ വെച്ച് നടക്കുന്ന സീരീസ് ഡിസൈഡര്‍ മത്സരത്തിലാവും പരമ്പരയാര്‍ക്കാണെന്ന് തീരുമാനിക്കപ്പെടുക.

ചെപോക് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന സീരീസ് ഡിസൈഡറില്‍ വിജയിക്കാന്‍ സാധിക്കും എന്ന ശുഭപ്രതീക്ഷയാണ് ഇന്ത്യ വെച്ചുപുലര്‍ത്തുന്നത്. പരമ്പര നിര്‍ണയിക്കുന്ന മൂന്നാം ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തി തിരിച്ചുവരുമെന്നാണ് ഇന്ത്യ ഉറപ്പ് നല്‍കുന്നത്.

ഈ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആരാധകരും ആഗ്രഹിക്കുന്നില്ല. ഈ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ സ്വന്തം മണ്ണിലെ ഇന്ത്യയുടെ വിന്നിങ് സ്ട്രീക്കാവും തകര്‍ക്കപ്പെടുക. മാര്‍ച്ച് 22നാണ് ചെന്നൈയില്‍ വെച്ച് സീരീസ് ഡിസൈഡര്‍ നടക്കുന്നത്.

 

Content highlight: India lost 2nd ODI against Australia