കരീബിയന്‍ മണ്ണില്‍ തുടക്കത്തില്‍ത്തന്നെ പാളി ഇന്ത്യ; ഒരോവറില്‍ നഷ്ടപ്പെട്ടത് രണ്ട് വിക്കറ്റ്, സ്‌കോര്‍ 7; അശ്വിനെ ഒഴിവാക്കിയതിനെതിരെ ഗാവസ്‌കര്‍ രംഗത്ത്
Cricket
കരീബിയന്‍ മണ്ണില്‍ തുടക്കത്തില്‍ത്തന്നെ പാളി ഇന്ത്യ; ഒരോവറില്‍ നഷ്ടപ്പെട്ടത് രണ്ട് വിക്കറ്റ്, സ്‌കോര്‍ 7; അശ്വിനെ ഒഴിവാക്കിയതിനെതിരെ ഗാവസ്‌കര്‍ രംഗത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd August 2019, 7:55 pm

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത നീക്കങ്ങളുമായി ഇറങ്ങിയ ഇന്ത്യക്ക് അഞ്ചാം ഓവറില്‍ ഇരട്ട തിരിച്ചടി. ഓപ്പണറായിറങ്ങിയ മായങ്ക് അഗര്‍വാളിനെയും വണ്‍ ഡൗണായിറങ്ങിയ ചേതേശ്വര്‍ പൂജാരയയെും നഷ്ടപ്പെട്ട ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡില്‍ ഈ സമയം കൂട്ടിച്ചേര്‍ക്കാനായത് ഏഴ് റണ്‍സ് മാത്രമാണ്.

കെമര്‍ റോച്ചാണ് അഞ്ചാം ഓവറില്‍ രണ്ട് വിക്കറ്റുകളും നേടിയത്. രണ്ടാം പന്തില്‍ അഗര്‍വാളിനെയും അവസാന പന്തില്‍ പൂജാരയെയും വീഴ്ത്തുകയായിരുന്നു.

നേരത്തേ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടീമില്‍ അടിമുടി മാറ്റം വരുത്തിയിരുന്നു. രോഹിത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍, വൃദ്ധിമാന്‍ സാഹ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവരെ ഒഴിവാക്കിയാണ് കരീബിയന്‍ മണ്ണിലെ ആദ്യ മത്സരത്തിന് ഇന്ന് ടീം ഇന്ത്യയിറങ്ങിയത്.

അതേസമയം മായങ്ക് അഗര്‍വാളും ലോകേഷ് രാഹുലും പരമ്പരയിലുടനീളം ഇന്ത്യക്കുവേണ്ടി ഓപ്പണ്‍ ചെയ്യുമെന്നും ക്യാപ്റ്റന്‍ അറിയിച്ചു. അതിനു തൊട്ടുപിറകെയാണ് മോശം സ്‌കോറില്‍ അഗര്‍വാളിനെ നഷ്ടപ്പെട്ടത്.

ഹനുമ വിഹാരിയെ ഇലവനില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യ, രവീന്ദ്ര ജഡേജയെ മാത്രമാണ് സ്പിന്നറായി ഉള്‍പ്പെടുത്തിയത്. പേസ് ബൗളര്‍മാരായി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവര്‍ ടീമിലുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അശ്വിനെ ഉള്‍പ്പെടുത്താതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നായിരുന്നു മുന്‍ താരം സുനില്‍ ഗാവസ്‌കറുടെ പ്രതികരണം. വെസ്റ്റ് ഇന്‍ഡീസിനെതിരെ നാല് സെഞ്ചുറികള്‍ നേടിയിട്ടുള്ള അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് അപ്രതീക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരം അല്‍പ്പസമയം മുന്‍പാണ് ആന്റിഗ്വയിലെ നോര്‍ത്ത് സൗണ്ടിലുള്ള സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ ആരംഭിച്ചത്. ഏറെനേരം മഴമൂലം ടോസ് വൈകിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പേസ് ബൗളിങ്ങിന് അനുകൂലമായ പിച്ചായതിനാലാണ് അശ്വിനെ ഒഴിവാക്കിയതെന്നാണ് കരുതുന്നത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ആന്റിഗ്വയില്‍ ശരാശരി ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ മുന്നൂറാണ്.