ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യക്ക് മോശം തുടക്കം. രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ച് ഏഴ് ഓവറിന് മുമ്പേ ഓപ്പണര്‍മാര്‍ രണ്ട് പേരെയും നഷ്ടപ്പെട്ടാണ് ഇന്ത്യ തപ്പിത്തടയുന്നത്.
സൂപ്പര്‍ താരം ട്രാവിസ് ഹെഡിന്റെയും ഫ്യൂച്ചര്‍ ലെജന്‍ഡ് സ്റ്റീവ് സ്മിത്തിന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ 469 റണ്‍സാണ് കങ്കാരുക്കള്‍ ആദ്യ ഇന്നിങ്‌സില്‍ പടുത്തുയര്‍ത്തിയത്.
ഓസീസ് ഉയര്‍ത്തിയ വമ്പന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പ്രഹരമേറ്റിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ടീമിന്റെ പ്രതീക്ഷയായിരുന്ന യുവതാരം ശുഭ്മന്‍ ഗില്ലിന്റെയും വിക്കറ്റുകള്‍ നഷ്ടപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായിരിക്കുന്നത്. ടീം സ്‌കോര്‍ 30ല്‍ നില്‍ക്കവെയാണ് രണ്ട് പേരെയും ഇന്ത്യക്ക് നഷ്ടമായത്.
26 പന്തില്‍ നിന്നും രണ്ട് ബൗണ്ടറിയുള്‍പ്പെടെ 15 റണ്‍സ് നേടി നില്‍ക്കവെയാണ് രോഹിത് പുറത്താകുന്നത്. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിനാണ് രോഹിത് വിക്കറ്റ് സമ്മാനിച്ചത്. കമ്മിന്‍സ് എറിഞ്ഞ ആറാം ഓവറിലെ അവസാന പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് രോഹിത് പുറത്തായത്.
View this post on Instagram
തൊട്ടടുത്ത ഓവറില്‍ സ്‌കോട് ബോളണ്ടും ഇന്ത്യയുടെ രക്തം ചിന്തിയിരുന്നു. ബേബി ഗോട്ട് ശുഭ്മന്‍ ഗില്ലിനെയാണ് ബോളണ്ട് ക്ലീന്‍ ബൗള്‍ഡാക്കി പറഞ്ഞയച്ചത്. 15 പന്തില്‍ നിന്നും 13 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം.
ആദ്യ ഇന്നിങ്‌സില്‍ പത്ത് ഓവര്‍ തികയും മുമ്പേ ഓപ്പണര്‍മാര്‍ രണ്ട് പേരെയും നഷ്ടപ്പെട്ടത് ആരാധകരെ ചില്ലറയൊന്നുമല്ല നിരാശരാക്കിയിരിക്കുന്നത്.
ആദ്യ ദിവസം തന്നെ ഓസീസ് ബാറ്റര്‍മാരുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന് മുമ്പില്‍ അന്ധാളിച്ച് നില്‍ക്കാനായിരുന്നു ആരാധകരുടെ വിധി. ഹെഡിന്റെ വെടിക്കെട്ടിനൊപ്പം സ്മിത്തിന്റെ ചെറുത്ത് നില്‍പ് കൂടിയായതോടെ ആരാധകര്‍ക്ക് പ്രതീക്ഷ പതിയെ നഷ്ടമായിരുന്നു. ഇന്നിപ്പോള്‍ രണ്ടാം ദിവസം ടീ ബ്രേക്കിന് മുമ്പ് തന്നെ രോഹിത്തും ഗില്ലും പോയതോടെ ആരാധകരുടെ പ്രതീക്ഷകളും ഇടിഞ്ഞിരിക്കുകയാണ്.
എല്ലാ തവണത്തേയും പോലെ ഇന്ത്യ ഇത്തവണയും ആശ തന്ന് നിരാശരാക്കുകയാണെന്നും ഈ കപ്പ് പ്രതീക്ഷിക്കേണ്ടതില്ലെന്നും ആരാധകര്‍ പറയുന്നു.
അതേസമയം, രണ്ടാം ദിവസം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ പത്ത് ഓവറില്‍ 37ന് രണ്ട് എന്ന നിലയിലാണ്. 11 പന്തില്‍ നിന്നും നാല് റണ്‍സുമായി വിരാട് കോഹ്‌ലിയും ഒമ്പത് പന്തില്‍ മൂന്ന് റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.
Content highlight: India lost 2 early wickets in WTC final