പുകമറയ്ക്കിടെ ഇന്ത്യ-ബംഗ്ലാദേശ് മത്സരം തുടങ്ങി; സഞ്ജുവില്ലാതെ ടീം; കളത്തിലിറങ്ങും മുന്‍പേ ധോനിയുടെ റെക്കോഡ് തകര്‍ത്ത രോഹിത് പുറത്ത്
Cricket
പുകമറയ്ക്കിടെ ഇന്ത്യ-ബംഗ്ലാദേശ് മത്സരം തുടങ്ങി; സഞ്ജുവില്ലാതെ ടീം; കളത്തിലിറങ്ങും മുന്‍പേ ധോനിയുടെ റെക്കോഡ് തകര്‍ത്ത രോഹിത് പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd November 2019, 7:20 pm

ദല്‍ഹി: പുക ഉയര്‍ത്തുന്ന ഭീഷണി മറികടന്ന് ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി20 മത്സരം ആരംഭിച്ചു. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

മത്സരം തുടങ്ങി ആദ്യ ഓവറില്‍ത്തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. വിരാട് കോഹ്‌ലിക്കു പകരം ടീമിനെ നയിക്കാനെത്തിയ രോഹിത് ശര്‍മയാണ് (9) ഷഫിയുള്‍ ഇസ്‌ലാമിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയത്. ഇപ്പോള്‍ ശിഖര്‍ ധവാനും ലോകേഷ് രാഹുലുമാണ് ക്രീസില്‍.

മലയാളി ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിച്ചതുപോലെ സഞ്ജു സാംസണെ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. ഋഷഭ് പന്ത് തന്നെയാണ് വിക്കറ്റ് കാക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ശിവം ദുബെ ഇന്ന് അരങ്ങേറ്റമത്സരം കളിക്കും. ഏറെനാളുകള്‍ക്കു ശേഷം ശിഖര്‍ ധവാനും ഇന്ത്യക്കായി ഇന്നിറങ്ങി.

അതിനിടെ രോഹിത് ഇന്ത്യക്കായി ഏറ്റവുമധികം ട്വന്റി20 മത്സരം കളിക്കുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി. രോഹിതിന്റെ 99-ാം മത്സരമാണിത്. 98 മത്സരം കളിച്ച മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടെ പേരിലായിരുന്നു മുന്‍ റെക്കോഡ്.

മത്സരം നടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും വായുമലിനീകരണം കുറഞ്ഞതിനാല്‍ മത്സരം നടത്താന്‍ മാച്ച് റഫറി തീരുമാനിക്കുകയായിരുന്നു. ആറരയ്ക്കാണ് അന്തിമതീരുമാനമെടുത്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2017 ഡിസംബറില്‍ ഇവിടെ ടെസ്റ്റ് മത്സരത്തിനിറങ്ങിയ ശ്രീലങ്കന്‍ താരങ്ങള്‍ക്കു വായു മലിനീകരണത്തെത്തുടര്‍ന്നു ശാരീരിക അസ്വാസ്ഥ്യമുണ്ടായിരുന്നു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, ക്രുണാള്‍ പാണ്ഡ്യ, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, ദീപക് ചഹാര്‍, ഖലീല്‍ അഹമ്മദ്.