ട്രെന്റ് ബ്രിഡ്ജില്‍ വെച്ചു നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ടി-20 സീരീസിലെ അവസാന മത്സരം ജയിച്ച് ഇംഗ്ലണ്ട് വന്‍ നാണക്കേടില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് മറുത്തൊന്നാലോചിക്കാതെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യന്‍ നിരയില്‍ എക്‌സ്പീരിയന്‍സ്ഡ് ആയ ബൗളര്‍മാര്‍ ഇല്ലാത്തത് മുതലെടുക്കുന്ന പ്രകടനമായിരുന്നു ഇംഗ്ലീഷ് ബാറ്റര്‍മാര്‍ നടത്തിയത്. ആവേശ് ഖാനെയും ഉമ്രാന്‍ മാലിക്കിനേയും അവര്‍ നിലം തൊടാതെ പറത്തി. കൂട്ടത്തില്‍ മികച്ചു നിന്നത് രവി ബിഷ്‌ണോയിയും ഹര്‍ഷല്‍ പട്ടേലും മാത്രമാണെന്ന് പറയാം.
കഴിഞ്ഞ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാര്‍ തെല്ലൊന്ന് ചെറുത്തുനിന്നതോടെ ഇംഗ്ലണ്ട് ഉണര്‍ന്നുകളിച്ചു. ജേസണ്‍ റോയ് 27ഉം ജോസ് ബട്‌ലര്‍ 18ഉം റണ്‍സെടുത്ത് പുറത്തായി. പിന്നാലെയെത്തിയ ഡേവിഡ് മലന്റെ വെടിക്കെട്ടാണ് ഇംഗ്ലണ്ടിന്റെ തുണയായത്.
39 പന്തില്‍ നിന്നും 77 റണ്‍സുമായി മലന്‍ കളം നിറഞ്ഞാടിയപ്പോള്‍ അഞ്ചാമനായി ഇറങ്ങിയ ലിയാം ലിവിങ്‌സ്റ്റണും മോശമാക്കിയില്ല. 29 പന്തില്‍ നിന്നും താരം 42 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് അണ്‍ബീറ്റണ്‍ സ്‌കോറിലേക്കുയര്‍ന്നു. നിശ്ചിത ഓവര്‍ പിന്നിട്ടപ്പോള്‍ 215 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ സമ്പാദ്യം.
കഴിഞ്ഞ മത്സരത്തില്‍ കത്തിക്കയറിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടത് മുതല്‍ ഇന്ത്യ വിറച്ചുതുടങ്ങി. 12 പന്തില്‍ നിന്നും 11 റണ്‍സുമായി രോഹിത് ശര്‍മയും അഞ്ച് പന്തില്‍ നിന്നും ഒരു റണ്‍ മാത്രം നേടി റിഷബ് പന്തും പുറത്തായപ്പോള്‍ പിന്നാലെയെത്തിയ കോഹ്‌ലി 6 പന്തില്‍ നിന്നും 11 റണ്‍സുമായി പുറത്തായി.
എന്നാല്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയ പ്രകടനമായിരുന്നു നാലാമനായി എത്തിയ സൂര്യകുമാര്‍ യാദവ് നടത്തിയത്. SKY is the Limit എന്ന വാചകത്തെ അന്വര്‍ത്ഥമാക്കുന്ന പ്രകടനമായിരുന്നു സൂര്യകുമാര്‍ നടത്തിയത്. 55 പന്തില്‍ നിന്നും 117 റണ്‍സുമായി താരം കളംനിറഞ്ഞാടിയപ്പോള്‍ ഇന്ത്യ ഒരുവേള വിജയം മുന്നില്‍ കണ്ടു. എന്നാല്‍ യാദവിനെ മോയിന്‍ അലി മടക്കിയതോടെ ഇന്ത്യന്‍ പ്രതീക്ഷകളും അവസാനിച്ചു.
23 പന്തില്‍ നിന്നും ശ്രേയസ് അയ്യര്‍ നേടിയ 28 റണ്‍സാണ് ഇന്ത്യന്‍ നിരയിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍. പിന്നീടെല്ലാം ചടങ്ങ് മാത്രമായപ്പോള്‍ 20 ഓവറില്‍ 198ന് 9 വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു.
ഒരുപക്ഷേ ഇന്‍ ഫോം ബാറ്ററായ ദീപക് ഹൂഡ ടീമിനൊപ്പം ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ കളി ജയിക്കുമായിരുന്നു.
തന്റെ അണ്‍ബീറ്റണ്‍ സെഞ്ച്വറി ഫലം കണ്ടില്ലെങ്കിലും ഒരു സൂപ്പര്‍ റെക്കോഡുമായാണ് സൂര്യകുമാര്‍ യാദവ് കളംവിട്ടത്.
നാലാം നമ്പറിലോ അതില്‍ താഴെയോ ഇറങ്ങി കുട്ടിക്രിക്കറ്റില്‍ ഏറ്റവുമധികം റണ്ണടിക്കുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡാണ് സ്‌കൈ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. ഓസീസിന്റെ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ റെക്കോഡാണ് താരം മറികടന്നത്.
Highest Score in T20Is while batting at no.4 (or) below:
125* : Shaheryar Butt v Czech Rep. (2020)
117 : Suryakumar Yadav v ENG (2022)
113* : Glenn Maxwell v IND (2019)#ENGvIND#ENGvsIND#EngVsIndOnSonyTen
2019ല്‍ ഇന്ത്യയ്‌ക്കെതിരെ മാക്‌സി നേടിയ 113 റണ്‍സാണ് താരം മറികടന്നത്. പട്ടികയില്‍ ഒന്നാമതുള്ളത് ബെല്‍ജിയത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഷെഹരിയാര്‍ ബട്ടാണ്. 2020ല്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ ബട്ട് നേടിയ 125 റണ്‍സാണ് കുട്ടിക്രിക്കറ്റില്‍ ഒരു നാലാം നമ്പറുകാരന്റെ ഉയര്‍ന്ന സ്‌കോര്‍.
ചൊവ്വാഴ്ചയാണ് ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഓവലില്‍ വെച്ചാണ് ആദ്യ മത്സരം.